Image

കുംഭമേളയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും പ്രവേശനത്തിന്‌ അനുമതി

Published on 16 January, 2019
കുംഭമേളയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും പ്രവേശനത്തിന്‌ അനുമതി


ലക്‌നൗ: വര്‍ഷങ്ങളുടെ കത്തിരിപ്പുകള്‍ക്കൊടുവില്‍ കുംഭമേളയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സ്‌നാനം ചെയ്‌തു. കുംഭമേളയ്‌ക്ക്‌ തുടക്കം കുറിച്ച ജനുവരി 15നാണ്‌ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ത്രിവേണിയില്‍ സ്‌നാനം ചെയ്‌തത്‌.

ആറ്‌ വര്‍ഷത്തിലൊരിക്കലാണ്‌ കുംഭമേള നടക്കുന്നത്‌. ഇതുവരെ സ്‌ത്രീകളും പുരുഷന്മാരും മാത്രമാണ്‌ പ്രയാഗിലെ ത്രിവേണിയില്‍ സ്‌നാനം ചെയ്‌തത്‌.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലായ കുംഭമേളയില്‍, 20 ലക്ഷത്തോളം വരുന്ന ട്രാന്‍സ്‌ സമൂഹത്തിലെ അംഗങ്ങള്‍ക്ക്‌ സ്‌നാനത്തിന്‌ അവസരം ലഭിക്കുന്നത്‌ ഇതാദ്യമായാണ്‌.

കാവിയും ചുവപ്പും നിറത്തിലുളള വസ്‌ത്രങ്ങളണിഞ്ഞ്‌ നദീതീരത്തെത്തിയ ഇവര്‍ ആയിരക്കണക്കിന്‌ പേരെ സാക്ഷിയാക്കി ഹൈന്ദവ ആചാര പ്രകാരം ആത്മീയ സ്‌നാനം നടത്തി. വര്‍ഷങ്ങളായി ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ലക്ഷ്‌മി നാരായണ്‍ തൃപതിയുടെ ഇടപെടലോടെയാണ്‌ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും കുംഭമേളയില്‍ അവസരമൊരുങ്ങിയത്‌.

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമാണ്‌ പ്രയാഗ്‌. സ്‌നാനത്തിലൂടെ പാപങ്ങള്‍ ഇല്ലാതാകുകയും മോക്ഷം ലഭിക്കുകയും ചെയ്യുമെന്നതാണ്‌ വിശ്വാസം.

ജനുവരി 15 മുതല്‍ മാര്‍ച്ച്‌ നാല്‌ വരെയാണ്‌ കുംഭമേള നടക്കുന്നത്‌. പുണ്യ നദീ സംഗമത്തില്‍ സ്‌നാനം ചെയ്യാന്‍ ഇന്ത്യയ്‌ക്ക്‌ അകത്തുനിന്നും പുറത്തുനിന്നുമുള്ള ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകരാണ്‌ എത്തിച്ചേരുന്നത്‌.

താത്‌കാലിക ഇടത്താവളങ്ങളും പാലങ്ങളുമടക്കം വലിയ സൗകര്യങ്ങളാണ്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ കുംഭമേളയ്‌ക്കായി ഒരുക്കിയിരിക്കുന്നത്‌.

അര്‍ദ്ധ, പൂര്‍ണ്ണ, മഹാ കുഭമേളകളാണ്‌ നടക്കാറുള്ളത്‌. അലഹബാദ്‌, ഹരിദ്വാര്‍, ഉജ്ജൈന്‍, നാസിക്‌ എന്നിവിടങ്ങളിലാണ്‌ കുംഭമേള നടക്കുക. ആറ്‌ വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും പ്രയാഗ്രാജിലുമാണ്‌ അര്‍ദ്ധ കുംഭമേള നടക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക