Image

മനുഷ്യക്കടത്ത്; അന്വേഷണം രാജ്യാന്തര തലത്തിലേയ്ക്ക് വ്യാപിപ്പിക്കുന്നു

Published on 16 January, 2019
മനുഷ്യക്കടത്ത്; അന്വേഷണം രാജ്യാന്തര തലത്തിലേയ്ക്ക് വ്യാപിപ്പിക്കുന്നു

മുനമ്പം വഴി നടന്ന മനുഷ്യക്കടത്തില്‍ അന്വേഷണം രാജ്യാന്തര തലത്തിലേയ്ക്ക് വ്യാപിപ്പിക്കുന്നു.

പൊലീസിന് പുറമെ നേവിയും കോസ്റ്റ് ഗാര്‍ഡും അന്താരാഷ്ട്ര ഏജന്‍സികളും അന്വേഷണം നടത്തും. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.

മുനമ്ബം മനുഷ്യക്കടത്ത് സംഘം ചെറായിയില്‍ പിറന്നാള്‍ സല്‍ക്കാരം ഒരുക്കിയതിനുള്ള തെളിവുകള്‍ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. സംഘത്തിലെ യുവതി പ്രസവിച്ചതിന് പിന്നാലെയായിരുന്നു ആഘോഷംനടന്നത്. ജനുവരി മൂന്നിന് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ കുട്ടിക്ക് സമ്മാനിച്ച വളകള്‍ ഉപേക്ഷിച്ച ബാഗില്‍ നിന്ന് കിട്ടി. വളകള്‍ വാങ്ങിയത് പറവൂരിലെ ജ്വല്ലറിയില്‍ നിന്നാണെന്നും തെളിഞ്ഞു.

മുന്‍പ് നടന്ന മനുഷ്യക്കടത്തുകളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ ലോക്കല്‍ പൊലീസ് അവഗണിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റൂറല്‍ പ്രദേശത്തെ ഹാര്‍ബറുകളില്‍ ജാഗ്രത വേണമെന്നും ബോട്ടുകളുടെയും കടലില്‍പോകുന്നവരുടെയും കണക്കെടുക്കാനും ഇന്റലിജന്‍സ് നിര്‍േദശിച്ചിരുന്നു. കൂടുതലായി ബോട്ടുകള്‍ വന്നാലും പോയാലും തിരിച്ചറിയണമെന്ന നിര്‍ദേശവും പൂര്‍ണമായും അവഗണിച്ചു.

അതേസമയം മുനമ്ബം മനുഷ്യക്കടത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തി. ചെറായിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടെന്ന കാര്യം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഈ മാസം അഞ്ചാം തിയതിയാണ് ഇവര്‍ ചെറായിയിലെ റിസോര്‍ട്ടില്‍ എത്തിയത്. വ്യാജ മേല്‍വിലാസത്തില്‍ ഒരാഴ്ച ഇവര്‍ റിസോര്‍ട്ടില്‍ താമസിച്ചു. ഈ ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്.

എന്നാല്‍ ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് സംഘം പുറപ്പെട്ടതെന്നും കൊച്ചി വഴി മുമ്ബും മനുഷ്യക്കടത്ത് നടത്തിയവര്‍ തന്നെയാണ് ഇപ്പോഴത്തെ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലുമെന്നാണ് വിവരം.

ഓസ്‌ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്‌ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്റെ ഇടനാഴിയാണ് ഈ ദ്വീപ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക