Image

വികസന പദ്ധതികള്‍ പലതും മുടങ്ങിയത് സര്‍ക്കാര്‍ പണം ലഭ്യമാക്കാത്തത് മൂലം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Published on 16 January, 2019
വികസന പദ്ധതികള്‍ പലതും മുടങ്ങിയത് സര്‍ക്കാര്‍ പണം ലഭ്യമാക്കാത്തത് മൂലം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

 മണ്ഡലത്തിലെ വികസന പദ്ധതികള്‍ പലതും മുടങ്ങിയത് സര്‍ക്കാര്‍ പണം ലഭ്യമാക്കാത്തത് മൂലമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആകാശ നടപ്പാത, ഈരയില്‍ക്കടവ് ബൈപ്പാസ്, കോടിമത പാലം തുടങ്ങിയുടെ എല്ലാം പൂര്‍ത്തീകരണത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിവേചനം അവസാനിപ്പിച്ച്‌ പണം യഥാസമയം ലഭ്യമാക്കേണ്ടതുണ്ട്. ആകാശ നടപ്പാതയുടെ മുകളില്‍ ഗാന്ധി മണ്ഡപം നിര്‍മ്മിക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യഥാസമയം പണം ലഭ്യമാക്കാത്തതാണ് കോട്ടയം മണ്ഡലത്തിലെ പല പദ്ധതികളുടെയും പൂര്‍ത്തീകരണം വൈകുന്നതിന് കാരണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഈരയില്‍ക്കടവ് ബൈപ്പാസ്, ആകാശ നടപ്പാത, കോടിമത പാലം, നാഗമ്ബടം പാര്‍ക്ക് എന്നിവയുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചതെന്നും എംഎല്‍എ പറഞ്ഞു.

ആകാശ നടപ്പാതയ്ക്കായി അഞ്ചേകാല്‍ കോടി രൂപ വകയിരുത്തിയതില്‍ ഒന്നര കോടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചപ്പോള്‍ 35 ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ബാക്കി തുക ലഭ്യമാക്കാതെ നിര്‍മ്മാണം തുടരാനാവില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ 2 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് ലഭ്യമാക്കിയാല്‍ കോടിമത പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഈരയില്‍ക്കടവ് ബൈപ്പാസിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 1.83 കോടി രൂപ പൊതുമരാമത്ത് വകുപ്പില്‍ ഡെപ്പോസിറ്റായി കെട്ടിവച്ചാണ് നിര്‍മ്മാണം നടക്കുന്നത്. ഈ തുകയും സര്‍ക്കാരില്‍ നിന്നും ലഭ്യമായിട്ടില്ല. നാഗമ്ബടത്തെ മുന്‍സിപ്പല്‍ പാര്‍ക്കിനായി 1.62 കോടി രൂപ എല്‍.എസ്.ജി.ഡിയില്‍ ഡെപ്പോസിറ്റായി കെട്ടിവച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു.

മണ്ഡലത്തില്‍ പത്തോളം വര്‍ക്കുകള്‍ക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും തുക ഡെപ്പോസിറ്റായി നല്‍കിയാണ് നിര്‍മ്മാണം പുരോഗമിക്കുന്നതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. നഗരത്തില്‍ ആകാശ നടപ്പാത പൂര്‍ത്തീകരിച്ച ശേഷം മുകളിലായി ഗാന്ധി മണ്ഡപം നിര്‍മ്മിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക