Image

2021 ല്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ ബഹിരാകാശത്തേക്ക്‌

Published on 16 January, 2019
2021 ല്‍  ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ ബഹിരാകാശത്തേക്ക്‌
ശ്രീഹരിക്കോട്ട:  2021 ഡിസംബറില്‍ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ യാത്രികര്‍ (വ്യോമനോട്ടുകള്‍) ബഹിരാകാശത്തെത്തും.

മൂന്ന്‌ ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ ഏഴു ദിവസം ബഹിരാകാശത്ത്‌ യാത്ര ചെയ്‌ത്‌ തിരിച്ചെത്തുന്ന രീതിയിലാണ്‌ ഗഗന്‍യാന്‍ പദ്ധതി ഐഎസ്‌ആര്‍ഒവിഭാവനം ചെയ്‌തിട്ടുള്ളത്‌.

പോകുന്ന യാത്രികരുടെ എണ്ണത്തിലും ബഹിരാകാശത്ത്‌ ഇവര്‍ ചെലവഴിക്കാന്‍ പോകുന്ന സമയത്തിലും പദ്ധതി മുന്നോട്ട്‌ പോകുമ്‌ബോള്‍ മാറ്റങ്ങളുണ്ടായേക്കാം.

എന്നാല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുളള ശ്രമത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ ഉറപ്പിച്ച്‌ പറയുകയാണ്‌ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍. ചരിത്രം സൃഷ്ടിച്ചു കൊണ്ട്‌ വനിതകളും ഈ സംഘത്തിലുണ്ടാകും.

കഴിഞ്ഞ ഡിസംബറിലാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഗഗന്‍യാന്‌ അനുമതി നല്‍കിയത്‌. പദ്ധതിക്കായി പതിനായിരം കോടി രൂപയും കേന്ദ്രം അനുവദിച്ചു കഴിഞ്ഞു.

30,000 കോടി രൂപയാണ്‌ പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ആകെ ചിലവ്‌. സ്വപ്‌ന ദൗത്യത്തിനായി ഐഎസ്‌ആര്‍ഒയുടെ എറ്റവും വലിയ വിക്ഷേപണവാഹനമായി ജി എസ്‌ എല്‍ വി മാര്‍ക്ക്‌ ത്രീയായിരിക്കും ഉപയോഗിക്കുക. പ്രതീക്ഷിച്ചത്‌ പോലെ കാര്യങ്ങള്‍ മുന്നോട്ട്‌ നീങ്ങിയാല്‍ ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ ഇന്ത്യന്‍ 'വ്യോമനോട്ടുകള്‍' ചരിത്രത്തിലേക്ക്‌ പറന്നുയരും.

ബഹിരാകാശ ദൗത്യത്തിനായി രൂപീകരിച്ച പുതിയ ഹ്യൂമന്‍ സ്‌പേസ്‌ ഫ്‌ലൈറ്റ്‌ സെന്‍ററിന്‍റെ ചുമതല മലയാളിയായ മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ ഡോ. ഉണ്ണികൃഷ്‌ണന്‍ നായര്‍ക്കാണ്‌. ഡോ ആര്‍ ഹട്ടനാണ്‌ 'ഗഗന്‍യാന്‍' പ്രോജക്‌ട്‌ ഡയറക്ടര്‍.

മനുഷ്യദൗത്യത്തിന്‌ മുന്നോടിയായി 2020 ഡിസംബറിലും 2021 ജൂലൈയിലും രണ്ട്‌ ആളില്ലാ ദൗത്യങ്ങള്‍ ബഹിരാകാശത്തേക്കയക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക