Image

ശബരിമലയെ തകര്‍ക്കാന്‍ ഗൂഢശ്രമം: സെന്‍കുമാറിന്റെ നേതൃത്വത്തില്‍ വിരമിച്ച പൊലീസുകാര്‍ നിയമ പോരാട്ടത്തിന്

Published on 17 January, 2019
ശബരിമലയെ തകര്‍ക്കാന്‍ ഗൂഢശ്രമം: സെന്‍കുമാറിന്റെ നേതൃത്വത്തില്‍ വിരമിച്ച പൊലീസുകാര്‍ നിയമ പോരാട്ടത്തിന്

അയ്യപ്പ ധര്‍മ്മം കാക്കാന്‍ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന്റെ നേതൃത്വത്തില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. ശബരിമലയില്‍ പൊലീസ് കാട്ടികൂട്ടിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യാനാണ് പദ്ധതി.

അവിശ്വാസികളെയും ആക്ടിവിസ്റ്റുകളെയും നക്സല്‍ - മാവോ ബന്ധമുള്ളവരെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും പൊലീസ് സംരക്ഷണയില്‍ മല കയറ്റിയതിനെയും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെയും കെ.പി.ശശികലയും ഉള്‍പ്പടെയുള്ള ഹൈന്ദവ സംഘടനാ നേതാക്കളോട് പരുഷമായി പെരുമാറുകയും ചെയ്ത പൊലീസിന്റെ പക്ഷപാതപരമായ നടപടികളെയാണ് ചോദ്യം ചെയ്യുക. കഴിഞ്ഞ 14ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷം ജില്ലാ തല യോഗം ചേര്‍ന്നതോടെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

മുന്‍ പൊലീസ് മേധാവികളായ ടി.പി.സെന്‍കുമാര്‍, ഇ.പി.ചന്ദ്രശേഖരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിയമപോരാട്ടം. ഇതിനായി എല്ലാ ജില്ലകളിലും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മക്ക് രൂപം നല്‍കിവരികയാണ്. സര്‍ക്കാരിന് പുറമെ ദേവസ്വം ബോര്‍ഡിലും അവിശ്വാസികളുടെ ഭരണ നേതൃത്വമാണ് ഉള്ളതെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. അവിശ്വാസികളെ കൊണ്ടുപോകാന്‍ നടത്തിയ ശ്രമങ്ങള്‍ ശബരിമലയെ തകര്‍ക്കാനുള്ള ലക്ഷ്യമിട്ടാണ്.

ആചാരങ്ങള്‍ പരിഷ്‌കരിക്കണമെന്ന് കരുതുന്നവര്‍ക്ക് പോലും വേദനയുണ്ടാക്കിയ കാര്യങ്ങളാണ് ചില ഐ.പി.എസുകാരുടെയും പൊലീസ് യൂണിയന്‍ നേതാക്കളുടെയും നേതൃത്വത്തില്‍ ശബരിമലയില്‍ നടന്നത്. ഭരിക്കുന്നവരോടുള്ള വിധേയത്വം പ്രകടിപ്പിക്കാനുള്ള അവസരമായി ഒരു ഐ.ജി ഇതിനെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ വിലയിരുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക