Image

അച്ചടക്ക നടപടി :ഹാര്‍ദ്ദിക്കിനും രാഹുലിനും പിന്തുണയുമായി സൗരവ്‌ ഗാംഗുലി

Published on 18 January, 2019
അച്ചടക്ക നടപടി :ഹാര്‍ദ്ദിക്കിനും രാഹുലിനും പിന്തുണയുമായി സൗരവ്‌ ഗാംഗുലി

ന്യൂഡല്‍ഹി : ചാനല്‍ ഷോയിലെ ചര്‍ച്ചയ്‌ക്കിടെ സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട ഹാര്‍ദ്ദിക്‌ പാണ്ഡ്യയ്‌ക്കും കെ.എല്‍ രാഹുലിനും പിന്തുണയുമായി മുന്‍ ക്യാപ്‌റ്റന്‍ സൗരവ്‌ ഗംഗുലി.

തെറ്റ്‌ ആര്‍ക്ക്‌ വേണമെങ്കിലും സംഭവിക്കാമെന്നും, തെറ്റ്‌ ചെയ്‌തവര്‍ക്ക്‌ അത്‌ തിരുത്താനുള്ള അവസരമാണ്‌ നല്‍കേണ്ടത്‌ എന്നും ഗാംഗുലി പറഞ്ഞു.

കോടിക്കണക്കിന്‌ ആളുകളില്‍ നിന്ന്‌ 11 പേരെ തിരഞ്ഞെടുക്കുന്നുവെങ്കില്‍ അവര്‍ അത്ര മോശക്കാരായിരിക്കില്ല, തന്റെ അറിവില്‍ മിക്ക ക്രിക്കറ്റ്‌ താരങ്ങളും നല്ലവരാണ്‌.

എപ്പോഴെങ്കിലും സംഭവിക്കുന്ന തെറ്റുകളെ വച്ച്‌ ഒരിക്കലും നമുക്ക്‌ ഒരാളെ വിലയിരുത്താനാവില്ലെന്നും സൗരവ്‌ അഭിപ്രായപ്പെട്ടു.

അവരെ തനിക്ക്‌ നേരിട്ട്‌ നന്നായി അറിയാം. അവര്‍ അത്ര മോശം ആളുകളൊന്നുമല്ല. ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായ പാണ്ഡ്യക്കും രാഹുലിനും ന്യൂസിലാന്റിനെതിരായ പരമ്പരയും നഷ്ടമാവും, ഗാംഗുലി പറഞ്ഞു.

മിക്ക കളിക്കാരും മികച്ച മാനുഷിക മൂല്യങ്ങളുള്ളവരുമാണ്‌. കാരണം, പലരും അത്രയധികം കഷ്ടപ്പെട്ടാണ്‌ ഈ നിലയിലെത്തിയത്‌. പുതു തലമുറയിലെ കളിക്കാരെല്ലാം മോശപ്പെട്ടവരാണെന്നുള്ള പൊതു ധാരണ തെറ്റാണെന്നും ഗാംഗുലി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക