Image

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റിനെതിരെ വ്യാപക ആക്ഷേപം; ഒടുവില്‍ തിരുത്താനൊരുങ്ങി സര്‍ക്കാര്‍

Published on 19 January, 2019
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റിനെതിരെ വ്യാപക ആക്ഷേപം; ഒടുവില്‍ തിരുത്താനൊരുങ്ങി സര്‍ക്കാര്‍
 ശബരിമലയില്‍ ദര്‍ശനം നടത്തിയവരെന്ന പേരില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 51 പേരുടെ പട്ടിക തെറ്റാണെന്ന ആരോപണം ഉയരുന്നതിനെ തുടര്‍ന്ന് ഒടുവില്‍ പട്ടിക തിരുത്താനൊരുങ്ങി സര്‍ക്കാര്‍. പട്ടികയില്‍ വ്യാപകമായ തെറ്റുകളും പൊരുത്തക്കേടുകളുമാണ് കണ്ടെത്തിയത്.

പ്രായവും ലിംഗവും സംബന്ധിച്ച്‌ പട്ടികയില്‍ തെറ്റായ വിവരങ്ങളാണുള്ളതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തിരുത്തലുകള്‍ വരുത്തി പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പട്ടികയിലെ പ്രായവും തിരിച്ചറിയല്‍ രേഖകളിലെ പ്രായവും വ്യത്യസ്തമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം പുതിയ പട്ടിക തയ്യാറാക്കാനും കോടതി ആവശ്യപ്പെടുമ്ബോള്‍ അത് സമര്‍പ്പിക്കാനുമാണ് തീരുമാനം.അതേസമയം പട്ടികയിലുണ്ടായത് സാങ്കേതികമായ തകരാറുകളാണെന്നാണ് തയ്യാറാക്കിയ പോലീസ് പറയുന്നത്. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കെടുത്താണ് പട്ടിക തയ്യാറാക്കിയത്. നവംബര്‍ 16 മുതല്‍ 16 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 8.2 ലക്ഷം പേര്‍ ദര്‍ശനം നടത്തി 7,564 പേര്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ്. ഇതില്‍ 51 പേര്‍ തടസ്സങ്ങളൊന്നുമില്ലാതെ ദര്‍ശനം നടത്തിയെന്നാണ് സര്‍ക്കാര്‍ പട്ടികയില്‍ വ്യക്തമാക്കിയിരുന്നത്.

രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് വയസ്സും ലിംഗവും രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. തീര്‍ഥാടകര്‍ നല്‍കിയ വിവരങ്ങള്‍ മാത്രമാണ് പ്രായവും ലിംഗവും സംബന്ധിച്ച്‌ സര്‍ക്കാരിന്റെ കയ്യിലുള്ളത്. ഇതുപയോഗിച്ചുള്ള പട്ടികയാണ് പോലീസ് തയ്യാറാക്കിയത്. എന്നാല്‍ തിരിച്ചറിയല്‍ രേഖകളുമായി ഈ വിവരങ്ങള്‍ ഒത്തുനോക്കിയിരുന്നില്ല.

ലിസ്റ്റിലുള്ള പല സ്ത്രീകള്‍ക്കും 50 വയസില്‍ കൂടുതല്‍ പ്രായമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് സംഭവം വിവാദമായത്. ലിസ്റ്റില്‍ തങ്ങളുടെ പ്രായം കുറച്ചാണ് രേഖപ്പെടുത്തിയതെന്ന് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ചില സ്ത്രീകള്‍ ചാനലുകള്‍ക്ക് മുന്നില്‍ എത്തി പറഞ്ഞതോടെ സര്‍ക്കാര്‍ ആകെ വെട്ടിലായിരിക്കയാണ്. ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ പ്രായം തെളിയിക്കുന്ന ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വേണമെന്നിരിക്കെ, പലരുടെയും പ്രായത്തില്‍ വ്യത്യാസം വന്നതിലാണ് ദുരൂഹത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക