Image

മായാവതി അധികാരത്തിന്‌ വേണ്ടി അഭിമാനം പണയം വെച്ചു: വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്‌

Published on 20 January, 2019
മായാവതി  അധികാരത്തിന്‌ വേണ്ടി അഭിമാനം പണയം വെച്ചു: വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്‌
ലഖ്‌നൗ: മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ റാലിയില്‍ ബിഎസ്‌പി പങ്കെടുക്കുകയും ഉത്തര്‍പ്രദേശില്‍ മഹാസഖ്യം രൂപീകരിക്കുകയും ചെയ്‌ത നടപടിയില്‍ ബിജെപിക്ക്‌ അമര്‍ഷം. അധികാരത്തിന്‌ വേണ്ടി മായാവതി സ്വന്തം അഭിമാനം പണയം വെച്ചെന്ന്‌ ബിജെപി നേതാവ്‌ സാധന സിംഗ്‌ കുറ്റപ്പെടുത്തി.

സ്വയം ബഹുമാനമില്ലാത്തവരാണ്‌ മായാവതി. പലപ്പോഴും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്‌ അവര്‍. ചരിത്രത്തില്‍ ദ്രൗപതി പീഡനത്തിനിരയായപ്പോള്‍, അവര്‍ പ്രതികാരം ചെയ്യുമെന്ന്‌ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഈ സ്‌ത്രീക്ക്‌ എല്ലാം നഷ്ടപ്പെട്ടിട്ടും, അവര്‍ സ്വന്തം ആത്മാഭിമാനം അധികാരത്തിന്‌ വേണ്ടി നഷ്ടപ്പെടുത്തിയിരിക്കുകയാണ്‌. സ്‌ത്രീത്വത്തിന്‌ തന്നെ മായാവതി അപമാനമാണ്‌. ഒരു സ്‌ത്രീക്ക്‌ ഇങ്ങനെ ചെയ്യാനാവില്ലെന്നും സാധന സിംഗ്‌ പറഞ്ഞു.

1995ല്‍ മായാവതിയെ സമാജ്‌ വാദി പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം. അതേസമയം വന്‍ വിവാദമാണ്‌ പരാമര്‍ശത്തിലൂടെ ഉണ്ടായിരിക്കുന്നത്‌.

കടുത്ത സ്‌ത്രീവിരുദ്ധ പരാമര്‍ശമായിട്ടാണ്‌ ഇതിനെ വിലയിരുത്തുന്നത്‌. എസ്‌പി -ബിഎസ്‌പി സഖ്യത്തിന്റെ വരവില്‍ ഭയന്ന്‌ ബിജെപിക്ക്‌ കാഴ്‌ച്ച നഷ്ടപ്പെട്ടിരിക്കുകയാണ്‌. യുപിയില്‍ ബിജെപി പരാജയപ്പെടുമെന്ന്‌ അവര്‍ക്കറിയാം. രാജ്യത്തെ സ്‌ത്രീകളെ മൊത്തമായി അധിക്ഷേപിക്കുന്ന പ്രസ്‌താവനയാണിത്‌.

ബിജെപിക്ക്‌ ധാര്‍മികത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ബിഎസ്‌പി നേതാവ്‌ സതീഷ്‌ ചന്ദ്ര മിശ്ര പറഞ്ഞു. കോണ്‍ഗ്രസ്‌ വക്താവ്‌ പ്രിയങ്കാ ചതുര്‍വേദിയും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്‌.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക