Image

ആറു കോടി തന്നാല്‍ പരാതി പിന്‍വലിക്കാം; കൊച്ചിയില്‍ നിര്‍മാതാവ്‌ നടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ വന്‍ ട്വിസ്റ്റ്‌

Published on 20 January, 2019
ആറു കോടി തന്നാല്‍ പരാതി പിന്‍വലിക്കാം; കൊച്ചിയില്‍ നിര്‍മാതാവ്‌ നടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ വന്‍ ട്വിസ്റ്റ്‌
സിനിമാനിര്‍മാതാവ്‌ നടിയെ പീഡിപ്പിച്ചുവെന്ന കേസ്‌ പണത്തിനുവേണ്ടിയുള്ള ബ്ലാക്ക്‌മെയില്‍ ആണെന്ന്‌ സംശയിക്കാവുന്ന തെളിവുകള്‍ പുറത്ത്‌.

പോലീസില്‍ പരാതി നല്‍കിയ ശേഷം പ്രതിയായ നിര്‍മാതാവിനെ നടി ഫോണില്‍ വിളിച്ച്‌ പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ മനോരമ ന്യൂസാണ്‌ പുറത്തുവിട്ടത്‌. ആറുകോടി നല്‍കിയാല്‍ പരാതി പിന്‍വലിക്കാമെന്ന്‌ ഫോണ്‍ സംഭാഷണത്തില്‍ നടി പറയുന്നു.

വൈശാഖ്‌ രാജന്‍ നിര്‍മിച്ച്‌ 2015ല്‍ പുറത്തിറങ്ങിയ ചങ്ക്‌സ്‌ എന്ന സിനിമയില്‍ ഏതാനും സീനില്‍ അഭിനയിച്ച കൊച്ചിക്കാരിയായ യുവതിയാണ്‌ പരാതിയുമായി പോലീസിനെ സമീപിച്ചത്‌.

നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത്‌ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം തുടങ്ങി.

ഇരുവരും തമ്മില്‍ ഫോണില്‍ നടത്തിയ സംഭാഷണങ്ങള്‍ ഇങ്ങനെ:

നിര്‍മാതാവ്‌: കാശല്ലേ വേണ്ടത്‌, അല്‌പം കാത്തിരിക്കണം, തരാം, ഉണ്ടാക്കണം, തരില്ല എന്ന്‌ പറഞ്ഞില്ലല്ലോ

നിനക്ക്‌ പണമല്ലേ ആവശ്യം എന്നു ചോദിക്കുമ്പോള്‍ ഫിലിമിന്റെ കാര്യമല്ലേ അങ്ങനെ പറ ..... എനിക്കറിയാം ഫിലിമിന്റെ കാര്യമാണെന്ന്‌ നടി

(നിര്‍മാതാവ്‌ മുന്‍കൂര്‍ ജാമ്യഹര്‍ജി വഴി കോടതിയെ അറിയിച്ചത്‌ പോലെ പണത്തിന്റെ കാര്യത്തില്‍ ഇരുവരും തമ്മില്‍ നേരത്തെ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്‌. അതിന്റെ തുടര്‍ച്ചയാണ്‌ ഇക്കേട്ടത്‌.

കേസില്‍ നിന്ന്‌ പിന്മാറാന്‍ ആറുകോടിയാണ്‌ പരാതിക്കാരി ആവശ്യപ്പെടുന്നത്‌. എന്നാല്‍ പണം എന്നോ രൂപ എന്നോ പറയാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചാണ്‌ സംസാരം.)

തുക സമയത്ത്‌ നല്‍കാതെ വൈകിച്ചാല്‍ `ദിലീപിനെ പോലെ ചേട്ടന്‍ നാറാനാണോ' എന്ന്‌ നടിയുടെ ഭീഷണി.

ഇതടക്കമുള്ള സംഭാഷണങ്ങളും പരാതിക്കാരിയും നിര്‍മാതാവുമായുള്ള വാട്‌സ്‌ആപ്പ്‌ മെസേജുകളും പരിശോധിച്ചാണ്‌ എറണാകുളം കോടതി കഴിഞ്ഞയാഴ്‌ച പ്രതി വൈശാഖ്‌ രാജന്‌ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്‌.


പീഡനം നടന്നതായി പരാതിയില്‍ പറയുന്ന 2017 ഏപ്രില്‍ അവസാന ആഴ്‌ചയില്‍ വൈശാഖ്‌ രാജന്‍ ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നില്ലെന്ന്‌ വ്യക്തമാക്കുന്ന വിമാന ടിക്കറ്റ്‌ കൂടി പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഇതും പരിശോധിച്ച കോടതി, പരാതിക്കാരിയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന്‌ തന്നെ തെളിച്ചുപറഞ്ഞാണ്‌ പ്രതിക്ക്‌ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക