Image

ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലിത്തയുമായി പി.പി. ചെറിയാന്‍ നടത്തിയ അഭിമുഖം

പി.പി. ചെറിയാന്‍ Published on 12 April, 2012
ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലിത്തയുമായി പി.പി. ചെറിയാന്‍ നടത്തിയ അഭിമുഖം
മാര്‍ച്ച് 10 മുതല്‍ അമേരിക്കന്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന മാര്‍ത്തോമാ സഭ മെത്രാപോലീത്താ ഡോ. ജോസഫ് മാര്‍ത്തോമയ്ക്ക് ഇന്ത്യന്‍ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ ഡാളസ് സെന്റ് പോള്‍സ് ദേവാലയത്തില്‍ വെച്ചു നല്‍കിയ സ്വീകരണത്തിനുശേഷം ലേഖകനുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും അടര്‍ത്തിയെടുത്ത പ്രസക്ത ഭാഗങ്ങള്‍.
-----
സ്വര്‍ണ്ണ നാവുക്കാരനായ മുന്‍ഗാമി മാര്‍ ക്രിസോസ്റ്റത്തിന്റെ പിന്‍തുടര്‍ച്ചാവകശായിയായി മാര്‍ത്തോമാ സഭയുടെ ഭരണ സാരഥ്യം വഹിക്കുന്ന ഡോ. ജോസഫ് മാര്‍ത്തോമാ വാക്കിലും, നീക്കത്തിലും മൂര്‍ച്ചയുള്ള നാവിന്റെ ഉടമയാണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു. നിര്‍ഭയത്വം ശീലമാക്കിയിട്ടുള്ള തിരുമേനി മനസ്സാക്ഷിക്ക് നിരക്കുന്നത് പറയുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്.

കാറ്റും കോളും ജീവിത നൗകയെ കീഴ്‌മേല്‍ മറിക്കുമ്പോഴും, ഹൃദയത്തെ ഏകാഗ്രമാക്കി മുന്നോട്ടുപോകുവാനുള്ള ധൈര്യം ദൈവത്തിങ്കല്‍ നിന്നും പ്രാപിക്കണം. ഐറേനിയസ് എന്ന നാമകരണം ചെയ്തപ്പോള്‍ യൂഹാന്നോന്‍ മാര്‍ത്തോമാ മെത്രാപോലീത്താ ചെവിയില്‍ ഓതികൊടുത്ത ആപ്തവാക്യം ഇന്നും മനസ്സിന്റെ ഒരു കോണില്‍ മായാതെ സൂക്ഷിക്കുന്നു.

മാത്യൂസ് മാര്‍ അത്താനാസിയോസ്, തോമസ് മാര്‍ അത്താനാസിയോസ്, തീത്തുസ് പ്രഥമന്‍, തീത്തുസ് ദ്വതീയന്‍ എന്നീ മാര്‍ത്തോമ മെത്രാപോലീത്തമാരുടെ പൈതൃകം പേറുന്ന പാലക്കുന്നത്ത് കുടുംബത്തില്‍ നിന്നും സഭാ മേലദ്ധ്യക്ഷ സ്ഥാനത്തേക്ക് അവരോധിതനായ അഞ്ചാമത്തെ മെത്രോപോലീത്തയാണ് നവീകരണത്തിന്റെ പിതാവായി സഭയില്‍ അറിയപ്പെടുന്ന എബ്രഹാം മല്‍പ്പാന്റെ സഹോദരന്റെ പേരകുട്ടിയായ ഡോ. ജോസഫ് മാര്‍ത്തോമാ.

ആഗോള ക്രൈസ്തവ സഭാപ്രസ്ഥാനങ്ങളുടെ നേതാവ് എന്ന നിലയില്‍ പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സഭകളുടെ രാജ്യാന്തര വേദികളില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ പരിചയം കാറ്റിലും കോളിലും മാര്‍ത്തോമാ സഭയെ വിജയകരമായി മുന്നോട്ടു നയിക്കുന്നതിനുള്ള സവിശേഷ പാടവം ആര്‍ജ്ജിക്കുന്നതിന് മെത്രാപോലീത്തായെ സഹായിച്ചിട്ടുണ്ട്.

ചോദ്യം: മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 17 വരെ നീണ്ടുനില്‍ക്കുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയിരിക്കുകയാണല്ലോ- ഒരു സുഹൃദ് സന്ദര്‍ശനം എന്നതിലുപരി ഈ യാത്രയില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ എന്തെങ്കിലുമുണ്ടോ?

ഉത്തരം: 1965 ലാണ് ആദ്യമായി ഞാന്‍ അമേരിക്കയില്‍ വന്നത്. ഇത് ഒരു ഔദ്യോഗിക സന്ദര്‍ശനമല്ല. അല്പം വിശ്രമം എടുക്കുക എന്നതില്‍ കവിഞ്ഞ് ഈ യാത്രയില്‍ പ്രത്യേക ഒരു ലക്ഷ്യവും ഇല്ല.

ചോദ്യം: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തിന്റെ വളര്‍ച്ചയെക്കുറിച്ചും, ഇവിടെ നടക്കുന്ന സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അങ്ങയുടെ അഭിപ്രായം എന്താണ്?

ഉത്തരം: ഈ ഭദ്രാസനത്തിന്റെ ആരംഭവും, വളര്‍ച്ചയും പുറത്തു നിന്നും വീക്ഷിച്ച ആളാണ് ഞാന്‍. 65ല്‍ ഇവിടെ വരുമ്പോള്‍ ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാഷിംഗ്ടണിലാണ് ഞാന്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇന്ന് പ്രവാസികളായ മലയാളികള്‍ എല്ലാ ജാതി-മത-വിഭാഗങ്ങളില്‍ നിന്നും വന്ന് ഈ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചു. ദേശീയ വളര്‍ച്ചയില്‍ പങ്കാളികളാകുന്നു എന്നുള്ളത് ഭാരതത്തിനു തന്നെ അഭിമാനകരമാണ്. ഒരു വിധത്തില്‍ മറ്റുള്ള ഭദ്രാസനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഒരു പ്രത്യേക സ്ഥാനം ഈ ഭദ്രാസനത്തിനുണ്ട്. എല്ലാ ഇന്ത്യക്കാരും, പ്രത്യേകിച്ചും മാര്‍ത്തോമാ സഭാ വിശ്വാസികള്‍ ആത്മാര്‍ത്ഥതയോടെ അവരവരുടെ കടമകള്‍ നിര്‍വ്വഹിച്ചു കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇതില്‍ മാര്‍ത്തോമാ സഭ ഒന്നടങ്കം പങ്കാളികളായിതീരുന്നു എന്നതില്‍ ചാരിതാര്‍ഥ്യം ഉണ്ട്.

ചോദ്യം: അമേരിക്കയില്‍ ജനിച്ചു വളര്‍ത്തപ്പെടുകയും, പഠനം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുള്ള യുവാക്കളെ സഭയുടെ പട്ടത്വ ശുശ്രൂഷയിലേക്ക് ആകര്‍ഷിക്കുന്നതിന് സഭയായി എന്തെല്ലാം സൗകര്യങ്ങളാണ് ചെയ്തിട്ടുള്ളത്?

ഉത്തരം: ഇപ്പോള്‍ തന്നെ ഈ വിധത്തില്‍ ഇവിടെ ജനിച്ചു വളര്‍ന്നവര്‍ സഭാ ശുശ്രൂഷയില്‍ പട്ടക്കാരായി സേവനം അനുഷ്ഠിക്കുന്നുണ്ട്. ഭാവിയില്‍ ഇവിടെ ജനിച്ചു വളര്‍ത്തപ്പെട്ട പട്ടക്കാര്‍ വരും തലമുറക്ക് ശുശ്രൂഷ ചെയ്യേണ്ടത് ആവശ്യമാണ്.

ദക്ഷിണ മേഖലകളിലും ഉത്തരമേഖലകളിലും ഉള്ളവര്‍ തമ്മിലുള്ള സാംസക്കാരിക വ്യത്യസ്ഥതയും, ഇംഗ്ലീഷ് ഭാഷയിലുള്ള വ്യതിയാനവും മനസ്സിലാക്കേണ്ടതാണ്.

ആരാധിക്കുന്നവരുടെ ഭാഷയില്‍ ആരാധന ആയിരിക്കണമെന്ന് നിഷ്‌കര്‍ഷയുള്ള സഭയ്ക്ക്
അതത് സ്ഥലങ്ങളിലെ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ക്ക് അതത് ഭാഷ സംസാരിക്കുന്ന പട്ടക്കാര്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ എല്ലാ സഹകരണങ്ങളും, സഭാ ഭരണഘടനയ്ക്ക് വിധേയമായി നല്‍കുന്നതാണ്.

ചോദ്യം: സ്വവര്‍ഗ്ഗ വിവാഹവും, സ്ത്രീ പട്ടത്വവും ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന അമേരിക്കന്‍ എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചുമായുള്ള ബന്ധം ആംഗ്ലിക്കന്‍ ചര്‍ച്ച് വിച്ഛേദിച്ചിട്ടും, മാര്‍ത്തോമാ സഭ എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചുമായി ബന്ധം തുടരുന്നത് ആത്മഹത്യാപരമല്ലേ?- അടിസ്ഥാന വേദ പ്രമാണങ്ങളില്‍ നിന്നുള്ള വ്യതിയാനം അംഗീകരിക്കാനാകുമോ?

ഉത്തരം: അമേരിക്കന്‍ എപ്പിസ്‌ക്കോപ്പല് ചര്‍ച്ചുമായിട്ടല്ല മാര്‍ത്തോമാ സഭയ്ക്ക് ബന്ധമുള്ളത് - ആഗോള ആംഗ്‌ളേയ കമ്മ്യൂണിയനുമായിട്ടാണ്.

എന്നാല്‍ ഓരോ രാജ്യങ്ങളിലും വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്. അവരുടേതായ സംസ്‌ക്കാരിക കാഴ്ച്ചപ്പാടില്‍ അത് അംഗീകരിക്കുന്നില്ലെങ്കിലും, ഒരേ ചിന്താഗതിയുള്ളവര്‍ മാത്രമായിട്ടല്ല, പിന്നെയോ ആഗോള വീക്ഷണത്തിലൂടെ ചിലകാര്യങ്ങളില്‍ ബന്ധപ്പെടുന്നതുകൊണ്ട് എല്ലാ കാര്യങ്ങളിലും പരസ്പരം അംഗീകരിക്കണമെന്നില്ല-അംഗീകരിക്കാവുന്നതുമല്ല.

അംഗീകരിക്കാവുന്നവയെ സ്വീകരിക്കുകയും, അംഗീകരിക്കുവാനാവാത്തവയെ ആദരിക്കുകയും ചെയ്യുന്നതാണ് മാര്‍ത്തോമാ സഭയുടെ കാഴ്ചപ്പാട്. ആയതിനാല്‍ ഇവിടുത്തെ എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചുമായി ബന്ധം വിചേഛിദിക്കേണ്ട കാര്യമില്ല. അഭിപ്രായവ്യത്യാസമുള്ള സാഹചര്യത്തില്‍ ബന്ധം വിച്ഛേദിക്കുന്നതുകൊണ്ട് ഒരു കാലത്തും ഒരു പുരോഗതിയും നമ്മുക്ക് കൈവരിക്കാന്‍ കഴികയില്ല. തെറ്റ് എന്നത് നമുക്ക് അവബോധമുള്ളത് തെറ്റാണെന്ന് ബോധ്യപ്പെടുത്തുവാന്‍ ചിലപ്പോള്‍ തലമുറകള്‍ തന്നെ എടുക്കുമായിരിക്കാം.

ചോദ്യം: മാറാമണ്‍ പാലകുന്നത്ത് കുടുംബത്തില്‍ നിന്നുള്ള അഞ്ചാമത്തെ മാര്‍ത്തോമാ മെത്രാപോലീത്തയാണല്ലോ അങ്ങ്. സഭാശുശ്രൂഷയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും, ബിഷപ്പാകുവാന്‍ പ്രേരണ നല്‍കിയതുമായ സംഭവങ്ങള്‍ വിവരിക്കാമോ?

ഉത്തരം: മറ്റുള്ളവരുടെ പ്രേരണ കൊണ്ടല്ല ഞാന്‍ സഭാ ശുശ്രൂഷയിലേക്ക് പ്രവേശിച്ചത്. സഭ ആദ്യമായി എന്നെ സഭാസേവനത്തിനായി വിളിച്ചുവെങ്കിലും ഞാന്‍ നിരാകരിക്കുകയാണുണ്ടായത്. എങ്കിലും എന്റെ മനസ്സിലുണ്ടായിരുന്ന ചിന്തകള്‍ ഭാവിയെ കുറിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിന് എന്നെ പ്രേരിപ്പിച്ചു.

ഞാന്‍ സ്വതന്ത്രമായാണ് വൈദിക വിദ്യാഭ്യാസത്തിനു പോയത്. സഭയുടെ സ്‌പോണ്‍സര്‍ഷിപ്പിലല്ല. എന്റെ സ്വതന്ത്രമായ തീരുമാനത്തിലാണ് സഭാ സേവനത്തില്‍ വന്നത്. മറ്റുള്ളവരുടെ പ്രരണയിലാണ് സഭാ വന്നതെങ്കില്‍ പ്രയാസങ്ങളോ, പ്രതിസന്ധികളോ, അനുകൂലതകളോ വരുമ്പോള്‍ ലക്ഷ്യബോധം കൈവിട്ടുപോകാം.

അനുകൂലതകളില്‍ പാറിപോകാതേയും, പ്രതികൂലങ്ങളില്‍ തളര്‍ന്നു പോകാതേയും ഇരിക്കുന്നതിന് ഈ ജീവിതാനുഭവം എന്നെ ബലപ്പെടുത്തി.

ചോദ്യം: ജീവിതത്തില്‍ അരനൂറ്റാണ്ടിലധികം സഭാ ശുശ്രൂഷയില്‍ ചിലവഴിച്ച തിരുമേനിയുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന എന്താണ്?

ഉത്തരം: എന്റെ പ്രാര്‍ത്ഥന ഒന്നു മാത്രമാണ്. അഖിലലോക സഭാ കൗണ്‍സിലിന്റെ പ്രാര്‍ത്ഥനയോട് നൂറുശതമാനവും ഞാന്‍ യോജിക്കുന്നു. ദൈവമേ നിന്റെ കൃപയാല്‍ ഭൂലോകത്തെ രൂപാന്തരപ്പെടുത്തണമേ. ഇതാണ് സംഗതമായ പ്രാര്‍ത്ഥന.

ചോദ്യം: തിരുമേനി മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷനായി തുടരുകയാണല്ലോ? അടുത്ത പത്തുവര്‍ത്തെ സഭയെ കുറിച്ചുള്ള ദീര്‍ഘവീക്ഷണം എന്താണ്?

ഉത്തരം: എത്രവര്‍ഷം തുടരണം എന്നത് ദൈവമാണ് നിശ്ചയിക്കേണ്ടത്. എന്തായാലും 80 സംവത്സരം പരിപാലിച്ച ദൈവകൃപ വരും കാലങ്ങളിലും പരിപാലിക്കും-ദൈവം തരുന്ന ആയുസിനോടൊപ്പം.

അതേ സമയം പ്രതിസന്ധികളുടെ മദ്ധ്യത്തില്‍ ഒരിക്കലും പകച്ചു നില്‍ക്കാതെ അതിന അതിജീവിച്ച് ദൈവകൃപക്കനുസൃതമായി മുമ്പോട്ടു പോകുവാന്‍ ആഗ്രഹിക്കുന്നു- വേദപുസ്തകത്തില്‍ കാണുന്നത് മുമ്പിലുള്ള ദൂരം സഞ്ചരിക്കുവാന്‍ ശക്തി നല്‍കുന്നത്
കൂടെ നടക്കുന്ന ദൈവകൃപയാണ് അതില്‍ ഞാന്‍ ശരണപ്പെടുന്നു.

ചോദ്യം: അങ്ങയുടെ മുന്‍ഗാമികളായ അലക്‌സാണ്ടര്‍ മാര്‍ത്തോമാ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷ സ്ഥാനത്തുനിന്നും വിരമിച്ച മാതൃക പിന്തുടരുമോ?

ഉത്തരം: ആവശ്യം വരുമ്പോള്‍, ആവശ്യമെങ്കില്‍ അതും ചെയ്യും. പക്ഷേ ഒരു പ്രത്യേക മാതൃകയായി ഞാനത് കരുതുന്നില്ല-സഭയുടെ അന്തസ്സത്ത അനുസരിച്ചു ചുമതല നിര്‍വ്വഹിക്കുവാന്‍ വയ്യാ എന്ന അവര്‍ക്ക് അവബോധം വന്നപ്പോള്‍ അവര്‍ അത് ചെയ്തു എന്നേയുള്ളൂ.

ചോദ്യം: മാര്‍ത്തോമാ സഭ കേരളത്തില്‍ പ്രത്യേകമായി എന്തെങ്കിലും പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടോ?

ഉത്തരം: സാമൂഹ്യമായും, രാഷ്ട്രീയമായും, നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്.

ചോദ്യം: അമേരിക്കന്‍ പൗരത്വമുള്ള ഇവിടെ ജനിച്ചു വളര്‍ന്ന് മാര്‍ത്തോമാ സഭയുടെ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ച പട്ടക്കാര്‍, ട്രാന്‍സ്ഫറിന് (വിദേശ രാജ്യങ്ങളിലേക്കോ, കേരളത്തിലേക്കോ) വിധേയരാണോ?

ഉത്തരം: ഇവിടെ നിന്നുള്ള പട്ടക്കാര്‍ ട്രാന്‍സ്ഫറിന് വിധേയരല്ല എന്ന തെറ്റിദ്ധാരണ ഉണ്ടാകേണ്ട കാര്യമല്ല.

ഇവരെ ഈ സ്ഥലങ്ങളില്‍ ആവശ്യമെന്ന് തോന്നിയാല്‍ ഗവണ്‍മെന്റിന്റെ അംഗീകാരം വാങ്ങി യൂറോപ്പിലേക്കോ, ഗള്‍ഫിലേക്കോ, കേരളത്തിലേക്കോ ട്രാന്‍സ്ഫര്‍ കൊടുക്കാം- അത് ഡപ്യൂട്ടേഷനില്‍ ആയിരിക്കും-ഈ നിയമനം മൂന്നു വര്‍ഷത്തേക്കു മാത്രമായിരിക്കും.

കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പട്ടക്കാരുടെ കാലാവധി മൂന്നു വര്‍ഷം ആയിരിക്കും. എന്നാല്‍ ഇവിടെ നിന്നുള്ള പട്ടക്കാര്‍ക്ക് ഈ കാലാവധി ബാധകമല്ല.

ചോദ്യം: ഡാളസ്സില്‍ ഒരു യൂത്ത് ചര്‍ച്ച രൂപപ്പെട്ടുവരുന്നതായി കേട്ടു. ഇതിനെ കുറിച്ചു തിരുമേനിയുടെ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്.

ഉത്തരം: അങ്ങനെ യൂത്ത് ചര്‍ച്ച് എന്നൊന്നില്ല-അത് അഭ്യൂഹമോ, ചിലരുടെ മനസ്സില്‍ ഇരിക്കുന്ന സ്വപ്നമോ ആയിരിക്കാം. യൂത്തിനു മാത്രമായി ഒരു ഇടവകയില്ല-മാര്‍ത്തോമാ ഭരണഘടനക്കു വിധേയമായി ഇടവകകള്‍ അനുവദിക്കും- യൂത്ത് മാര്‍ത്തോമാക്കാരാണ്-അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ യുവജനസഖ്യവും, യൂത്ത് ലീഗും ഉണ്ട്- ഇവര്‍ക്കു മാത്രമായി ഒരു പ്രത്യേക ആരാധനാക്രമവും ഉണ്ടാക്കാന്‍ സാധ്യമല്ല- സഭയുടെ പൗരാണികമായ ലിറ്റര്‍ജി മാറ്റുവാനുള്ള ഒരു തീരുമാനവും ഇല്ല-

മാറ്റപ്പെടുവാന്‍ പാടില്ലാത്ത ചില വ്യവസ്ഥകള്‍ ഉണ്ട്- ആവ്യവസ്ഥയില്‍ കൈ തൊടുന്നതിന് ആര്‍ക്കും അധികാരം ഇല്ല. സഭയ്ക്ക് 2000 വര്‍ഷത്തെ പാരമ്പര്യങ്ങളാണുള്ളത്. ഈ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യങ്ങളില്‍ ഉള്‍ക്കൊണ്ടതാണ് സഭയുടെ
എക്ലിസിയാസ്റ്റിക് ഔട്ട്‌ലുക്ക്. അതു ഇപ്പോള്‍ ഉള്ള ചെറുപ്പക്കാരെ കണ്ടുകൊണ്ട് മാറ്റുവാന്‍ സാധ്യമല്ല. പ്രായമായ ആളുകള്‍ വളര്‍ന്ന് വന്നതായുള്ള സാഹചര്യങ്ങളെക്കുറിച്ചു അവബോധം ഇല്ലാതെ ഇന്നത്തെ സാഹചര്യങ്ങളെ കണ്ടുകൊണ്ട് മാത്രം സഭ രൂപാന്തരപ്പെടുകയില്ല- ഇന്നത്തെ യുവജനങ്ങള്‍ ലൈഫ് റിയാലിറ്റിയോട് നല്ലവണ്ണം റിയാക്ട് ചെയ്യുന്നില്ല- പ്രായമായവരെ കൂടെ ഉള്‍പ്പെടുത്താതെ ഇവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഇടവക രൂപീകരിക്കുന്ന പ്രശ്‌നമേ ഇല്ല. മാര്‍ത്തോമാ മെത്രാപോലീത്താ എന്ന നിലയില്‍ ആധികാരികമായാണ് ഞാന്‍ പറയുന്നത്.

ചോദ്യം: അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന പട്ടക്കാരുടെ കൈയ്യില്‍ ഭദ്രാസന ഭരണം ഏല്‍പ്പിച്ചാല്‍ സഭയുടെ പൈതൃകം നിലനിര്‍ത്തികൊണ്ടുള്ള ഒരു നേതൃത്വം കൊടുക്കുവാന്‍ ഇവര്‍ക്ക് സാധിക്കുമോ?

ഉത്തരം: അത് കണ്ട് അ
ിയണം. അതിനെ കുറിച്ച് കൂടുതല്‍ ഞാന്‍ റയുന്നില്ല.

ചോദ്യം: മാര്‍ത്തോമാ സഭയില്‍ സ്ത്രീകള്‍ക്ക് പട്ടത്വം നല്‍കുന്നതിനെ കുറിച്ച് എന്തെങ്കിലും തീരുമാനങ്ങള്‍ ഉണ്ടോ?

ഉത്തരം:  മാര്‍ത്തോമാ സഭ 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ക്ക് തുല്യ അവകാശം അനുവദിച്ചുകൊടുത്തിട്ടുണ്ട്. മാര്‍ത്തോമാ സഭയില്‍ സ്ത്രീകള്‍ക്ക് ഏതൊരു ഔദ്യോഗിക സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അധികാരം നല്‍കിയിട്ടുണ്ട്. ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്ന കമ്മിറ്റികള്‍ ഉള്‍പ്പെടെ.

എന്നാല്‍ കൗദാശികമായിരിക്കുന്ന കര്‍മ്മം, കുര്‍ബ്ബാന ശുശ്രൂഷ, കര്‍മ്മാനുഷ്ഠാനങ്ങള്‍ ആദിമ തലമുറകള്‍ മുതല്‍ തന്നെ അപ്പോസ്തലീക പിന്‍തുടര്‍ച്ചയുള്ള സഭയ്ക്ക് അംഗീകരിക്കുവാന്‍ പ്രയാസമുള്ളതാണെന്ന് മാര്‍ത്തോമാ സഭ കരുതുന്നു.

മാര്‍ത്തോമാ സഭയില്‍ സ്ത്രീകള്‍ക്കനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യം അവര്‍ വിനിയോഗിക്കണം. ഇന്ത്യയില്‍ തന്നെ ചില സഭകളുടെ ചില ഭദ്രാസനങ്ങള്‍ മാത്രമാണ് ഇത് അനുവദിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ ആംഗ്ലിക്കന്‍ സഭകള്‍ ഒന്നും തന്നെ ഇത് അംഗീകരിച്ചിട്ടില്ല. അത് പ്രത്യേകിച്ചു കൂദാശാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള ആധികാരികതയാണ്.

നിലവിലുള്ള തീരുമാനങ്ങള്‍ അനുസരിച്ചു മാര്‍ത്തോമാ സഭയില്‍ സ്ത്രീകള്‍ക്കു പട്ടത്വം അനുവദിക്കുവാന്‍ സാധ്യമല്ല.

ചോദ്യം: അമേരിക്കന്‍ മലയാളികളോടു തിരുമേനിക്ക് നല്‍കുവാനുള്ള സന്ദേശം.

ഉത്തരം: മൂല്യാധിഷ്ഠിത ജനാധിപത്യമായിരുന്നു അമേരിക്കയുടേതായാലും, ഇന്ത്യയുടേതായാലും ജനാധിപത്യ വ്യവസഥിതിയുടെ അടിസ്ഥാനം. ഇന്ന് ഈ കാര്യങ്ങളില്‍ വളരെ മൂല്യശോഷണം സംഭവിച്ചിരിക്കുന്നു. ഈ മനോഭാവം ജനങ്ങളില്‍ നിന്നു മാറണം. അഴിമതിയും, സ്വജനപക്ഷപാതവും, സത്യസന്ധതയില്ലായ്മയും, സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. ആത്മീക രംഗത്തും ഭൗതിക രംഗത്തെപോലെ ഇതിന്റെ പ്രതിഫലനങ്ങള്‍ കാണാന്‍ കഴിയുന്നു. ഇത്തരം പ്രവണതകളെ ഇല്ലായ്മ ചെയ്യുവാനുള്ള ആത്മാര്‍ത്ഥ പരിശ്രമം ജനങ്ങളില്‍ നിന്നും ഉണ്ടാകണം. എന്നാല്‍ മാത്രമേ ദൈവം വിഭാവനം ചെയ്യുന്ന ഒരു സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ സ്ഥാപിക്കപ്പെടുകയുള്ളൂ. ഇതാണ് എനിക്കു നല്‍കുവാനുള്ള സന്ദേശം.

സംഭാഷണം അവസാനിക്കുന്നതിനു മുമ്പ് ആരോഗ്യസ്ഥിതിയെ കുറിച്ചു ചോദിച്ചപ്പോള്‍ ഏപ്രില്‍ 17വരെ ഞാന്‍ ഇവിടെ ഉണ്ടാകും- ഏപ്രില്‍ 18ന് കേരളത്തില്‍ എത്തിയാല്‍ തന്നെ ചുരുങ്ങിയത് അഞ്ചു പരിപാടികളിലെങ്കിലും പങ്കെടുക്കുവാന്‍ എനിക്ക് യാതൊരു പ്രയാസവുമില്ല.- ഗൗരവം വിടാതെ തന്നെ തിരുമേനി പറഞ്ഞു.
ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലിത്തയുമായി പി.പി. ചെറിയാന്‍ നടത്തിയ അഭിമുഖം
ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലിത്തയുമായി പി.പി. ചെറിയാന്‍ നടത്തിയ അഭിമുഖം
ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലിത്തയുമായി പി.പി. ചെറിയാന്‍ നടത്തിയ അഭിമുഖം
ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലിത്തയുമായി പി.പി. ചെറിയാന്‍ നടത്തിയ അഭിമുഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക