Image

വീണ്ടും ഒരു അവധിക്കാലം!

മീനു എലിസബത്ത് Published on 13 April, 2012
വീണ്ടും ഒരു അവധിക്കാലം!

വീണ്ടുമൊരു യാത്ര!

മക്കളെ എന്‍റെ നാട് കാണിക്കാന്‍!

ഞാന്‍ കണ്ടു തീരാത്ത എന്‍റെ നാട്!

കമ്പ്യൂട്ടര്‍ ഗേംസും കേബിള്‍ ടിവിയും വീയും

അവര്‍ കുറച്ചു നാളത്തേക്ക് മറക്കട്ടെ!

പരീക്ഷകളും പുസ്തകങ്ങളും മാറി നില്‍ക്കട്ടെ!

പ്രഭാതങ്ങളുടെ ശത്രുവായ അലാറം കേള്‍ക്കാതെ

അവര്‍ ഉണരട്ടെ!

സുബ്ബലക്ഷ്മിയുടെ സുപ്രഭാതവും

മോസ്കുകളിലെ വാങ്ക് വിളികളും,

പള്ളി മണികളുടെ നിലക്കാത്ത മുഴക്കങ്ങളും കേട്ട്

അവര്‍ ഉണരട്ടെ!

പാലുകാരനോടും പത്രക്കരനോടും കുശലം പറയട്ടെ,

മലയാളം അവരുടെ  നാവുകളില്‍ മണി മണി പോലെ തത്തിക്കളിക്കട്ടെ!

തെന്നലുള്ള പാടവരമ്പുകളില്‍ കൂടെ അവര്‍ നടക്കട്ടെ

ചെളിയിലും ചേറിലും അവര്‍ ചവിട്ടട്ടെ

പച്ച മാങ്ങയുടെ ചുനയും തേന്‍ വരിക്കയുടെ അരക്കും അവരുടെ

കൈകളെ കറ പിടിപ്പിക്കട്ടെ!

കുട്ടനാടന്‍ കായലോരങ്ങളിലെ  തെങ്ങും തലപ്പുകള്‍ അവര്‍ക്ക് തണലാകട്ടെ!


അവരുടെ കുഞ്ഞു വിരലുകള്‍ മണ്ണിരകളെ പിടിക്കട്ടെ!

കൊച്ചു ചൂണ്ടകളില്‍ പള്ളത്തിയും പരലും കൊത്തട്ടെ!

ചെന്തെങ്ങിന്റെ ഇളം കരിക്കുകള്‍ മൊത്തിക്കുടിക്കട്ടെ!

മണ്‍സൂണ്‍ മഴയുടെ മനം മയക്കുന്ന മണം അവരും ആസ്വദിക്കട്ടെ!

മുട്ട് മഴയത്തു കുഞ്ഞുക്കുടകളും ചൂടി നടക്കട്ടെ!

നിറഞ്ഞു കവിയുന്ന കായലില്‍ അവര്‍ കടലാസ് തോണികള്‍ ഉണ്ടാക്കി കളിക്കട്ടെ!

ആ ചെറു തോണികളില്‍ കട്ടുറുമ്പുകള്‍ കൂട്ട് പോവട്ടെ!

തൊടിയിലെ മാവിലും പ്ലാവിലും അവര്‍ വലിഞ്ഞു കയറട്ടെ

തോട്ടില്‍ കുളിക്കട്ടെ, ചങ്ങാടം ഉണ്ടാക്കട്ടെ!

ആട്ടിന്‍ കുട്ടികളും താറാക്കൂട്ടങ്ങളും അവരുടെ കൂട്ടുകാരാകട്ടെ!

തള്ളപ്പശു അകിട് ചുരത്തുന്നതും പശുക്കിടാവ്‌ അമ്മയുടെ അകിട്ടില്‍

ഇടിച്ചിടിച്ചു പാല് കുടിക്കുന്നതു അവര്‍ അദ്ഭുതത്തോടെ കാണട്ടെ!

വയര്‍ നിറയെ കുടിക്കുന്നതിനു മുന്‍പ്, കുഞ്ഞു കിടാവിനെ

വലിച്ചു മാറ്റി കുരുക്കികെട്ടുന്ന കറവക്കാരനെ അവരും അരിശത്തോടെ നോക്കട്ടെ!

കൊതി തീരും വരെ അവര്‍ നാട്ടില്‍ നില്‍ക്കട്ടെ, അതെ എന്റെ കൊതി തീരും വരെ

അവര്‍ നാട്ടില്‍ നില്‍ക്കട്ടെ!

കണ്ടു മതി വരും മുന്‍പെ, കൊതി തീരും മുന്‍പെ

പറിച്ചു നടപ്പെട്ട ഒരു കുഞ്ഞു തയ്യായിരുന്നില്ലെ ഞാന്‍!

മണ്ണില്‍ നിന്നും വേരോടെ പിഴുതു മാറ്റിയ തൈ

മുലകുടി മാറും മുന്‍പ് അമ്മയുടെ നെഞ്ചില്‍ നിന്നും അടര്‍ത്തി മാറ്റപ്പെട്ട കുഞ്ഞിനെ പോലെ!

ഇന്നും, ഈ മൂന്നു   ശതകങ്ങള്‍ക്ക് ശേഷവും  
എന്‍റെ പ്രിയ നാട്ടിലേക്ക്!

മക്കളെ നാട്കാണിക്കുവാനാണീ   വരവുകള്‍ എല്ലാം,


അക്കൂടെ എനിക്കും കാണാമല്ലോ കണ്ടു തീര്‍ന്നിട്ടില്ലാത്ത എന്‍റെ നാട്!

വീണ്ടും ഒരു അവധിക്കാലം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക