Image

പരാതിക്കാരി കരഞ്ഞ് കാലുപിടിക്കുന്ന വീഡിയോ വൈറലായി; പോലീസുകാരന് സസ്‌പെന്‍ഷന്‍

Published on 20 January, 2019
പരാതിക്കാരി കരഞ്ഞ് കാലുപിടിക്കുന്ന വീഡിയോ വൈറലായി; പോലീസുകാരന് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: പരാതിക്കാരിയായ പ്രായമുള്ള സ്ത്രീയെക്കൊണ്ട് കാലുപിടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. തന്റെ ചെറുമകന്റെ ദുരൂഹമരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എത്തിയ പരാതിക്കാരിയോടാണ് തേജ് പ്രകാശ് സിങ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറുകയും അവര്‍ കാലുപിടിക്കേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്തത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസുകാരനെതിരെ നടപടിയുണ്ടായത്.

20കാരനായ തന്റെ ചെറുമകന്‍ ജോലിസ്ഥലത്ത് യന്ത്രത്തില്‍ കുടുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമുള്ള ആവശ്യവുമായി എത്തിയ 75കാരി ബ്രഹ്മ ദേവിക്കാണ് പോലീസ് ഇന്‍സ്‌പെക്ടറില്‍ നിന്ന് മോശം അനുഭവമുണ്ടായത്.

വീഡിയോയില്‍ ബ്രഹ്മ ദേവി കൈകൂപ്പി കരഞ്ഞുകൊണ്ട് പോലീസുകാരനോട് അപേക്ഷിക്കുന്നതും കാലില്‍ വീഴുന്നതും കാണാം. അപ്പോഴും ഭാവഭേദമൊന്നുമില്ലാതെ ഇരിക്കുകയായിരുന്നു ഇന്‍സ്‌പെക്ടര്‍ തേജ് പ്രകാശ് സിങ്. ഈ വീഡിയോ വൈറലാവുകയും ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായത്.  ബ്രഹ്മ ദേവിയുടെ ചെറുമകന്‍ ആകാശ് യാദവിന്റെ ദുരൂഹ മരണത്തിന് ശേഷം കമ്പനിയുടമ ഒളിവിലാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പോലീസ് സ്‌റ്റേഷനുകളില്‍ ഒന്നായി തിരഞ്ഞെടുന്ന ലഖ്‌നൗവിലെ ഗുഡംബ പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ മണ്ഡലത്തിലാണ് പോലീസ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക