Image

ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരം മാതാ അമൃതാനന്ദമയി

Published on 20 January, 2019
ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരം  മാതാ അമൃതാനന്ദമയി

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങളെക്കുറിച്ചും ആരാധനയെക്കുറിച്ചും വേണ്ടെത്ര അറിവില്ലാത്തതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണം. തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതിയുടെ അയ്യപ്പ ഭക്തസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മാതാ അമൃതാനന്ദമയി ഇക്കാര്യം പറഞ്ഞത്.

ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തിലെ ഈശ്വരനും സര്‍വമായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കണം. ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരങ്ങളാണ്. പാരമ്പര്യമായ വിശ്വാസങ്ങള്‍ ആചരിച്ചില്ലെങ്കില്‍ അത് ക്ഷേത്രസാഹചര്യത്തെ ബാധിക്കും.

മാറ്റം ആവശ്യമാണ്. ക്ഷേത്രത്തെ മറന്നുള്ള മാറ്റങ്ങള്‍ പാടില്ല. അതിലൂടെ നമ്മുടെ മൂല്യങ്ങള്‍ നഷ്ടമാവും. ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണ്. അത് നാം സംരക്ഷിക്കണം. സമൂഹത്തില്‍ ശാരീരികവും മാനസികവുമായ താളലയം കൊണ്ടുവരുന്നത് ക്ഷേത്രങ്ങളാണെന്നും മാതാ അമൃതാനന്ദമയി വ്യക്തമാക്കി.
--

ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയുമൊന്നും ക്ഷേത്രങ്ങള്‍ സ്ഥാപിച്ചപ്പോഴോ സന്യാസം സ്വീകരിച്ചപ്പോഴോ ആചാരങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് അമൃതാനന്ദമയി. ക്ഷേത്ര സങ്കല്‍പ്പത്തെക്കുറിച്ചും ക്ഷേത്ര ആരാധനയെക്കുറിച്ചും അറിവില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അയ്യപ്പ കര്‍മ്മ സമിതി സംഘടിപ്പിച്ച ഭക്ത സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു. ശരണമയ്യപ്പ സ്വാമിയേ കീ ജയ്; അയ്യപ്പ ശാസ്താവേ കീ ജയ്, ശരണമയ്യപ്പ സ്വാമിയേ കീ ജയ് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അവര്‍ പ്രസംഗം തുടങ്ങിയത്.

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഈയടുത്തുണ്ടായ സംഭവവികാസങ്ങള്‍ ഏറ്റവും ദൗര്‍ഭാഗ്യകരമാണ്. ഓരോ ക്ഷേത്രസങ്കല്‍പ്പത്തെക്കുറിച്ചും ക്ഷേത്ര ആരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ് മിക്ക പ്രശ്നത്തിനും കാരണം. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്ര ആരാധനയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ക്ഷേത്രത്തിലെ ദേവതയും സര്‍വവ്യാപിയായ ഈശ്വരനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നമ്മള്‍ മനസിലാക്കണം. സര്‍വ വ്യാപിയായ ഈശ്വരന് യാതൊരു പരിമിധികളുമില്ല. അവിടുത്തേക്ക് സ്ത്രീ പുരുഷ വ്യത്യാസമില്ല. എങ്ങും നിറഞ്ഞു നില്‍ക്കുന്ന അനന്തമായ ശക്തിയാണ്. പക്ഷെ ക്ഷേത്രത്തിലെ ദേവിയുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മില്‍ വ്യത്യാസമുണ്ട്. ടാങ്കിലെ മത്സ്യത്തിന് നമ്മള്‍ സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളംമാറികൊടുക്കണം, ഓക്സിജന്‍ കൊടുക്കണം. സമുദ്രത്തിലെ മത്സ്യത്തിന് ഇത്തരം നിബന്ധനകളൊന്നുമില്ല. അതുപോലെ നദിയില്‍ ഇറങ്ങി നമ്മള്‍ കുളിക്കുന്നതിന് പ്രത്യകിച്ച് നിബന്ധനകള്‍ ഒന്നുമില്ല. അതേസമയം ആ നദിയിലെ വെള്ളം ഒരു സ്വിമ്മിംഗ് പൂളിലേക്ക് മാറ്റുമ്പോള്‍ അതില്‍ ക്ലോറിന്‍ ഇടണം, ഫില്‍റ്റര്‍ ചെയ്യണം എന്നീ നിബന്ധനകള്‍ വരും. അതില്‍ കുളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് നമ്മള്‍ വേറെ വെള്ളത്തില്‍ കുളിക്കണം. വിയര്‍പ്പെല്ലാം കളഞ്ഞ് പ്രത്യേക ഒരു വസ്ത്രവും ധരിക്കണം. മാത്രമല്ല സ്വിമ്മിംഗ് പൂളില്‍ കുളിക്കുമ്പോള്‍ സോപ്പും തേക്കാന്‍ പാടില്ല. നദിയിലെ വെള്ളം തന്നെയാണ് അവിടെയുമുള്ളത്. സര്‍വവ്യാപിയായ ഈശ്വരന്റെ ഒരു ഭാഗം തന്നെയാണ് അതും. പക്ഷേ അതില്‍ ശുദ്ധാശുദ്ധിയും ആചാരാനുഷ്ഠാനങ്ങളും ആവശ്യമാണ്.

നമ്മള്‍ ഏത് രീതില്‍ ഭാവിക്കുന്നുവോ അതുപോലെയായിരിക്കും ഫലവും കിട്ടും. ഒരു വിത്ത് നട്ടാല്‍ അതിന് വെള്ളവും വളവും കൊടുക്കുന്നത് കൊണ്ടാണ് പൂവും കായും ഫലങ്ങളും കിട്ടുന്നത്. ഓരോ ക്ഷേത്ര ദേവതയ്ക്കും യഥാസമയം പൂജ ചെയ്യണം, നിവേദ്യങ്ങള്‍ സമര്‍പ്പിക്കണം, ശുദ്ധാശുദ്ധങ്ങള്‍ നോക്കണം, അതുപോലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കണം. സര്‍വവ്യാപിയായ ഈശ്വരന് ഇത്തരം പരിമിതികള്‍ ഇല്ല. ക്ഷേത്രത്തിലെ ഓരോ ദേവതയ്ക്കും പ്രത്യേകം സങ്കല്‍പ്പങ്ങളുണ്ട്. രൗദ്രഭാവത്തിലെ സങ്കല്‍പ്പമല്ല ശാന്തഭാവത്തിലേത്. ഓരോ ക്ഷേത്ര പ്രതിഷ്ഠയുമായും ബന്ധപ്പെട്ട് ചില സങ്കല്‍പ്പങ്ങളുണ്ട്. ഇന്ന പൂജ വേണം, ഇന്ന ആചാരങ്ങള്‍ വേണം. ഇന്നയിന്ന ശുദ്ധാശുദ്ധി വേണം. സഗുണാരാധനയ്ക്ക് ഈ രീതിയിലുള്ള പ്രാധാന്യങ്ങളുണ്ട്. പാരമ്പര്യമായുള്ള നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ട വിധത്തില്‍ ആചരിച്ചില്ലെങ്കില്‍ അത് ക്ഷേത്രാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കും.

ക്ഷേത്രസങ്കല്‍പ്പത്തിന്റെ കാര്യമാണ് പറയുന്നത്. ക്ഷേത്രം മൈനറാണെന്ന് പറയും. കൊച്ചുകുട്ടിക്ക് അച്ഛനും അമ്മയും ആവശ്യമാണെന്നത് പോലെ ക്ഷേത്രത്തിന് തന്ത്രിയുടെയും പൂജാരിയുടെയും അതുപോലെ തന്നെ വിശ്വാസിയുടെയും സംരക്ഷണം ആവശ്യമാണ്. വിശ്വാസമില്ലാത്തവര്‍ അവിടെ പോയാല്‍ തുപ്പുകയും തൂറുകയുമൊക്കെ ചെയ്യും.

ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു. അദ്ദേഹം സമാധിയാകുന്നതിന് മുമ്പ് പ്രകടിപ്പിച്ച ഒരു ആഗ്രഹം അനുസരിച്ചാണ് ഇത്തരം സമ്പ്രദായങ്ങള്‍ നിലവില്‍ വന്നതെന്നാണ് വിശ്വാസം. കാലത്തിനനുസരിച്ച മാറ്റങ്ങള്‍ ആവശ്യമാണ്. പക്ഷെ നമ്മുടെ ക്ഷേത്രങ്ങളെ മറന്നുകൊണ്ടുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ അതിലൂടെ നമ്മുടെ മൂല്യങ്ങളാണ് നഷ്ടപ്പെട്ട് പോകുന്നത്. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതാകാന്‍ ഇടയാകരുത്.

ശങ്കരാചാര്യര്‍ അദ്വൈതമാണ് സ്ഥാപിച്ചത്. നാരായണഗുരുവും അദ്വൈതമാണ് സ്ഥാപിച്ചത്. ചട്ടമ്പി സ്വാമികളുടെ കാര്യം നോക്കിയാലും അങ്ങനെ തന്നെയാണ്. ഇവരൊക്കെ തിരിച്ചുവന്നാണ് ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്. ഗുരു സ്ഥാപിച്ച ശിവക്ഷേത്രത്തില്‍ ഞാന്‍ പോയിട്ടുണ്ട്. ശിവക്ഷേത്രത്തില്‍ പ്രത്യേക സ്ഥലത്തെത്തുമ്പോള്‍ തിരിച്ചുവരണമെന്നാണ് ആചാരം. ഞാന്‍ എല്ലായിടത്തും ദൈവത്തെ കാണുന്നയാളാണ്. എന്നാലും ആ ആചാരം അനുസരിക്കാറുണ്ട്. പ്രതിഷ്ഠ നടത്തിയപ്പോള്‍ തന്ത്രികളെയും മറ്റും വിളിച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിഷ്ഠ നടത്തിയത്. ഗുരു ക്ഷേത്രം സ്ഥാപിച്ചപ്പോഴും സന്യാസം സ്വീകരിച്ചപ്പോഴും സന്യാസ പരമ്പരയെ ക്ഷണിച്ചപ്പോഴും ആചാരങ്ങള്‍ ലംഘിച്ചില്ല. പക്ഷെ ഒരു കാര്യം പറയാനുള്ളത് ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണ്. അവയെ നാം സംരക്ഷിക്കണം. അല്ലെങ്കില്‍ അത് നൂല് പൊട്ടിയ പട്ടം പോലെയാകും.

നമുക്കറിയാം പണ്ട് വിദേശത്തൊക്കെ പോകുമ്പോള്‍ പ്ലെയിനിന്റെ ഇന്നഭാഗത്തിരുന്ന് സിഗരറ്റ് വലിക്കാം എന്ന് പറയുമായിരുന്നു, ഇപ്പോഴത് പറ്റില്ല. ഇന്ന സ്റ്റേഷനില്‍ ഇന്നയിടത്തേ സിഗരറ്റ് വലിക്കാവൂ. മണ്ണാറശാലയില്‍ അമ്മയാണ് പൂജിക്കുന്നത്. സ്ത്രീകള്‍ക്കുള്ള കോളേജുകളുണ്ട്, സ്‌കൂളുകളുണ്ട്, ആണുങ്ങള്‍ക്കുള്ള സ്‌കൂളുകളുണ്ട്. അതിനെ ലിംഗവ്യത്യാസം എന്ന് പറയാന്‍ പറ്റില്ല. സ്ത്രീകളെ ശബരിമലയില്‍ തള്ളിയിട്ടില്ല എന്നതാണ് സത്യം. ഒരു കൊച്ചുകുട്ടിയോട് കള്ളം പറഞ്ഞാല്‍ കണ്ണുപൊട്ടും എന്ന് പറയും. അങ്ങനെയാണെങ്കില്‍ നമ്മുടെയെല്ലാം കണ്ണ് പൊട്ടുമായിരുന്നു. അത് അറിവില്ലാത്ത പ്രായത്തില്‍ ചെയ്തതാണ്.

ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കാനാകണം. ആ തലത്തിലേക്ക് ഇറങ്ങിച്ചെല്ലണം. ക്ഷേത്രങ്ങള്‍ സ്റ്റെയര്‍കെയ്സ് പോലെയാണ്. സ്റ്റെയര്‍കെയ്സ് കേറിക്കഴിയുമ്പോ കെട്ടിടം വാര്‍ത്തിരിക്കുന്ന മേല്‍ക്കൂരയും നിര്‍മ്മിച്ചിരിക്കുന്നത് സിമന്റും മെറ്റലും ചരലും കൊണ്ടാണെന്ന് മനസ്സിലാകും. എന്നുകരുതി നമ്മള്‍ സ്റ്റെയര്‍കെയ്സ് തള്ളിക്കളയില്ല. എല്ലാത്തിലും ഈശ്വരനെ കാണണം. ആചാരാനുഷ്ടാനങ്ങള്‍ വേണ്ടെന്ന് വച്ചാല്‍ സംസ്‌കാരം നഷ്ടമാകും.

ശബരിമല സീസണ്‍ സമയത്ത് ഞാന്‍ ഒരു ഗവേഷണം നടത്തി. പതിനഞ്ച് വര്‍ഷമായിട്ട് എല്ലാ സീസണ്‍ സമയത്തും എല്ലാ ആശുപത്രികളിലും ആളെ അയക്കും. ആ സമയത്ത് മുപ്പത് മുതല്‍ നാല്‍പ്പത് ശതമാനം വരെ രോഗികള്‍ കുറവാണ്. ആ സമയത്ത് ആളുകള്‍ മദ്യം കുടിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല, ഭാര്യമാരെ ചീത്ത വിളിക്കുന്നില്ല, കുടുംബമായി വ്രതം അനുഷ്ടിക്കുന്നു എന്നതാണ് ഇതിന് കാരണം. മനസും ശരീരവും തമ്മില്‍ ആ സമയത്ത് ഒരു താളലയം വരുന്നുണ്ട്.

ആചാരങ്ങള്‍ തെറ്റിക്കരുത് സംസ്‌കാരത്തിന്റെ കെട്ടും കുറ്റിയും അതിലാണ്. അര്‍ജുനന്‍ കൃഷ്ണനോട് യുദ്ധതന്ത്രം ചോദിച്ചപ്പോള്‍ ഭീഷ്മരോട് ചോദിക്കാനായിരുന്നു കൃഷ്ണന്റെ മറുപടി. തനിക്കും അതേ പറയാനുള്ളൂ. തന്ത്രിയും പൂജാരികളും ഭക്തരും കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കണം. പയ്യെത്തിന്നാല്‍ പനയും തിന്നാം. അതുകൊണ്ട് തനിക്ക് മറ്റൊന്നും പറയാനില്ല

Join WhatsApp News
daivam 2019-01-20 12:34:08
അടുത്തയിടക്കായി പഴയ ഇമേജ് മാതാകില്ല. അപ്പോൾ പിന്നെ രാഷ്ട്രീയം നല്ലതാണ് 
കട പുറം തന്ത്രങ്ങള്‍ 2019-01-20 14:01:06
പല അടവുകളും അറിയാം. പക്ഷെ എല്ലാ കാലത്തേക്കും എല്ലാവരെയും പറ്റിക്കാന്‍ സാദിക്കില്ല എന്നും അറിയാം. അങ്ങനെ ഉള്ളവരുടെ രക്ഷാ കേദ്രം ആണല്ലോ രാഷ്ട്രീയം, അടവ് അറിയാവുന്നവര്‍ നേതാക്കളും വിഡ്ഢികള്‍ അനുയായികളും. അതല്ലേ മതവും രാഷ്ട്രീയവും.
ഹിസ്ട്ടിരിയ പിടിച്ചാല്‍ 2019-01-21 13:27:09
വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹംകഴിപ്പിച്ചുവിടൻ നിവർത്തിയില്ലാതിരുന്ന പല വീടുകളിലേയും പെൺകുട്ടികളിൽ വെള്ളിയാഴ്ച ദിവസം കൃഷ്ണൻ കയറുക എന്നൊരു ചിത്തഭ്രമം എന്റെയൊക്കെ ചെറുപ്പത്തിൽ പല വീടുകളിലും കണ്ടിട്ടുണ്ട്‌. വിവാഹം നടക്കില്ലെന്ന ഒരു തോന്നൽ ഇവരെ പിടികൂടിക്കഴിയുമ്പോൾ ഭക്തിയിലേക്ക്‌ നീങ്ങും. അതുപോലെ ഒരു സ്ത്രീ ആയിരുന്നു സുധാമണി. വെള്ളിയാഴ്ചകളിൽ കൃഷ്ണൻ കയറി തുള്ളിപ്പറയുന്നത്‌ സായിപ്പന്മാർക്ക്‌ എന്തൊ അത്ഭുതമായി തോന്നിയതിന്റെ അനന്തരഫലമാണ്‌ ഇന്നത്തെ അമൃതാനന്ദമയീ ദേവീ എന്ന പഴയ സുധാമണി. ചിത്തഭ്രമം കൊണ്ട്‌ കോടികളുണ്ടാക്കിയ സ്ത്രീ. ഒരു അധോലോക സംഘം. ഇത്‌ ഭരണകൂടത്തേയും ഭരണഘടനേയും വെല്ലുവിളിക്കുന്ന ഘട്ടം വരെയെത്തി. ഇവരെ സർക്കാരിന്റെ വരുതിയിൽ നിർത്തേണ്ട സമയമായി. .. ഈ സ്ത്രീയുടെ മുന്നിൽ പോയി കുമ്പിടുന്ന രാഷ്ട്രീയ നേതാക്കളേയും , പോലീസ്‌ ഉദ്യോഗസ്ഥരേയും ജ്ഡ്ജിമാരേയും ഒക്കെ ചവിട്ടിദൂരെ കളയണം....
വിദ്യാധരൻ 2019-01-21 14:45:26
കാപട്യത്തിന്റെ കാവിയുടുപ്പിൽ പൊതിഞ്ഞും  
പരിശുദ്ധയുടെ ധവള വസ്ത്രം ധരിച്ചും 
മനുഷ്യരാശിയെ കൊള്ള ചെയ്യും ദുഷിച്ച ജന്മങ്ങളെ
പോകുവാൻ സമയമായി നിങ്ങൾക്ക് 
നിങ്ങളുടെ അധോലോകത്തിലേക്ക് .
ഇന്നല്ലെങ്കിൽ നാളെ ഇവിടെ ജനിക്കുമൊരു 
പുത്തൻ തലമുറ നിങ്ങളുടെ മുഖമൂടി കീറി 
നിങ്ങളുടെ ദിവ്യശക്തിയുടെ ഉറവിടമായ 
മന്ത്രങ്ങളും തന്ത്രങ്ങളൂം പിച്ചി ചീന്തുവാൻ 
എത്രനാൾ തുടരും നിങ്ങളീ കപട നാടകം 
രാഷ്ട്രീയ തേരട്ടകളെയും സമൂഹത്തിന്റെ 
സ്പന്ദനം അറിയാമെന്ന് വിശ്വസിക്കുന്ന 
ഭിഷഗ്വര്ന്മാരെയും. നിയമ പാലകരെയും 
കച്ചകപട വ്യവസായ പ്രമുഖരെയും കൂട്ടുകെട്ടി 
മനുസ്യരെ വെടക്കാകുന്നു നിന്റെ തന്ത്രം കളഞ്ഞു 
വെളിപ്പെടുത്തുക നിന്റെ വെളുത്ത വസ്ത്രത്തിനുള്ളിൽ 
ഒളിഞ്ഞിരിക്കും വളിച്ചു നാറിയ ജീവിത കഥകൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക