Image

മണ്‍കുടവും മനുഷ്യനും (കവിത: തൊടുപുഴ കെ ശങ്കര്‍ മുംബൈ)

Published on 20 January, 2019
മണ്‍കുടവും മനുഷ്യനും (കവിത: തൊടുപുഴ കെ ശങ്കര്‍ മുംബൈ)
മണ്ണിന്‍ കുടത്തോടു ചോദിച്ചു ഞാന്‍ "എന്റെ
പൊന്നിന്‍കുടമേ നീ യൊന്നു ചൊല്ലൂ,
എത്ര മേല്‍ താപം നിന്‍ മേനിയിലേറ്റാലും
എന്തിത്രയക്ഷോഭ്യയായിരിപ്പു"?

മണ്‍കുടം തെല്ലും മടിക്കാതുടന്‍ തന്നെ,
മന്ദഹാസം തൂകി യോതി മെല്ലെ,
" മണ്ണില്‍ നിന്നല്ലോ ഞാന്‍ വന്നതീ രൂപത്തില്‍
മണ്ണിലേക്കല്ലോ മടങ്ങിപ്പോകും!

ഏതു നിമിഷവും പാടേ തകര്‍ന്നു ഞാന്‍
ചേതനയറ്റു നിലം പതിക്കാം!
എന്തുണ്ടു പിന്നെ എനിക്കു നിനക്കുവാന്‍
എന്റേതെന്നോതുവാന്‍ ഭൂതലത്തില്‍?

എന്റെയീ രൂപവും, ഭാവവും ഭംഗിയും
എന്നെന്നും കാണില്ലെന്നോര്‍മിപ്പു ഞാന്‍!
ജീവിതമെത്ര ക്ഷണികം, അഭംഗുര
മീവനി തന്നിലിന്നൊന്നുമില്ല!

എന്തിനു പിന്നെ യഹങ്കരിക്കുന്നു നീ
എന്നും നിനക്കും ഗതിയിതല്ലൊ!
സങ്കല്‍പ്പിക്കും പോലെ ശാശ്വതമല്ലൊന്നും
ശങ്ക കൂടാതിതില്‍ വിശ്വസിക്കൂ"!
Join WhatsApp News
Sudhir Panikkaveetil 2019-01-21 08:30:15
ശ്രീ തൊ ടുപുഴ കെ ശങ്കറിന്റെ കവിതകളിൽ 
തത്വചിന്താപരവും ആത്മീയവുമായ ആശയങ്ങൾ 
കാണാം.  ഇത് വായിച്ചപ്പോൾ ഒമർ ഖയാമിന്റെ 
റൂബായത്തിലെ ഒരു വരി ഓർമ്മവന്നു. മൺകലം 
ഉണ്ടാക്കാൻ കുശവൻ കളിമണ്ണ് ചവുട്ടിക്കുഴക്കുമ്പോൾ 
മണ്ണ് വേദനയോടെ കുശവനോട് പറഞ്ഞു.
പതുക്കെ, പതുക്കെ സഹോദരാ ഇന്നലെ ഞാനും 
 നിന്നെപ്പോലെ ഒരു കുശവനായിരുന്നു,
ശ്രീ ശങ്കറിനു അഭിനന്ദനങ്ങൾ.
Freedom from Knowledge. 2019-01-21 09:09:38

ഷണികനായ മനുഷന്‍റെ ബലഹീനത മനസ്സില്‍ ആക്കുന്നവര്‍ അഹംകരിക്കില്ല.

അറിവ് വര്‍ദ്ധിക്കുംതോറും എത്ര കുറച്ചു മാത്രമേ നമുക്ക് അറിവ് ഉള്ളു എന്ന് മനസില്‍ ആക്കുന്നു, അപ്പോള്‍ അഹംകാരവും പമ്പ കടക്കും. നിഗളവും അഹംകാരവും കാണിക്കുന്നവന്‍ എത്രയോ അല്പന്‍ എന്ന് താനെ വെളിവാക്കുന്നു. Freedom from Knowledge is the art of cultivating Wisdom. Knowledge is like hindrances or blocks & deceivers on your paths of acquiring more knowledge; so, go beyond them.-andrew 

P R Girish Nair 2019-01-21 09:36:22
ഭൂമി ആരുടെയും സ്വന്തം അല്ല എന്നാൽ എല്ലാം ഭൂമിയ്ക്കു സ്വന്തം. നമ്മുടെ എല്ലാ കാര്യങ്ങളും ഭൂമിയുമായി പരസ്പരം ബന്ധപെട്ടതാണ്.  എത്ര വമ്പനായാലും ഭുമിക്ക്മുന്നിൽ ഒരു മണ്കുടത്തെ പോലെ എന്ന ശക്തമായ ആശയം ഈ കവിതയിലൂടെ ശ്രീ ശങ്കർജി നൽകുന്നു.  ശ്രീ ശങ്കർജിക്ക് അഭിനന്ദനം.
KAMALA 2019-01-27 01:26:54
The poem makes one to think that man  is no exeception from the mud pot.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക