Image

അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാതിരുന്നത്‌ മഹാഭാഗ്യമായെന്ന്‌ വെള്ളാപ്പള്ളി

Published on 21 January, 2019
അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാതിരുന്നത്‌ മഹാഭാഗ്യമായെന്ന്‌ വെള്ളാപ്പള്ളി
കോട്ടയം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്‌ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്‌ ഭാഗ്യമായെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഒഴിവാക്കാന്‍ കഴിയാത്ത തിരക്കുള്ളതിനാലാണ്‌ ഇന്നലെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

`അമ്മ വരുന്നുണ്ടെന്നും പരിപാടിയില്‍ പങ്കെടുക്കാമോ എന്നും ചോദിച്ച്‌ എന്നെ സംഘാടകര്‍ വിളിച്ചിരുന്നു. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരിപാടിയുള്ളതിനാല്‍ എത്താന്‍ കഴിയില്ലെന്ന്‌ അറിയിക്കുകയായിരുന്നു.

പോകാന്‍ കഴിയാത്തത്‌ ഭാഗ്യമായി, മഹാഭാഗ്യമായി.'-വെള്ളാപ്പള്ളി കോട്ടയത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഇന്നലെ അവിടെ ഉണ്ടായത്‌ ഹിന്ദു ഐക്യമൊന്നുമല്ല. അവിടെ ഞാന്‍ ഈഴവരേയോ പട്ടികജാതിക്കാരേയോ കണ്ടില്ല. പിന്നാക്കക്കാരയവര്‍ ഒന്നും പങ്കെടുത്തിട്ടില്ല. സവര്‍ണ്ണ ഐക്യമാണ്‌ തിരുവനന്തപുരത്ത്‌ കണ്ടത്‌- വെള്ളാപ്പള്ളി പറഞ്ഞു.

അമൃതാനന്ദമയി ആത്മീയപ്രഭാഷണം നടത്തുമെന്നാണ്‌ കരുതിയതെന്നും എന്നാല്‍ അജണ്ട ഇതാണെന്ന്‌ പിന്നെയാണ്‌ മനസിലായതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.



ശബരിമല വിഷയത്തില്‍ അയ്യപ്പനല്ല വിഷയം രാഷ്ട്രീയമാണെന്ന്‌ ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന പരിപാടി രാഷ്ട്രീയലക്ഷ്യത്തോടെ സംഘടിപ്പിച്ചതാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക