Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എയെ സഹപ്രവര്‍ത്തകന്‍ മര്‍ദിച്ചു വീഴ്‌ത്തിയതായി പരാതി; സംഭവം എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍

Published on 21 January, 2019
കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എയെ സഹപ്രവര്‍ത്തകന്‍ മര്‍ദിച്ചു വീഴ്‌ത്തിയതായി പരാതി; സംഭവം എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ എം.എല്‍.എയും മുന്‍ ടൂറിസം മന്ത്രിയുമായ ആനന്ദ്‌ സിംഗിനെ ഒന്നില്‍ കൂടുതല്‍ പരിക്കുകളോടെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ണാടകയില്‍ എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഈഗിള്‍ട്ടന്‍ റിസോര്‍ട്ടില്‍ വെച്ച്‌ ആനന്ദ്‌ സിങ്ങും മറ്റൊരു കോണ്‍ഗ്രസ്സ്‌ എം.എല്‍.എ ആയ ജെ.എന്‍. ഗണേഷും തമ്മില്‍ വാക്കുതര്‍ക്കവും കൈയാങ്കളിയും നടന്നിരുന്നു.

ഗണേഷ്‌ കുപ്പി കൊണ്ട്‌ ആനന്ദിന്റെ തലയ്‌ക്കടിച്ചുവെന്നാണ്‌ ആരോപണം. തങ്ങള്‍ രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ട്‌ എന്ന്‌ ഗണേഷ്‌ സമ്മതിച്ചിട്ടുണ്ട്‌. ഉണ്ടായത്‌ ചെറിയൊരു വഴക്ക്‌ മാത്രമായിരുന്നെന്നും ആനന്ദ്‌ വഴുതി വീണതാണെന്നും ഗണേഷ്‌ പറയുന്നു.

ആരോപണം കള്ളമാണെന്നും, വേണമെങ്കില്‍ മാപ്പപേക്ഷിക്കാന്‍ തയാറാണെന്നും ഗണേഷ്‌ പറഞ്ഞു. മര്‍ദിച്ചുവോ എന്ന ചോദ്യത്തില്‍ നിന്നും ഗണേഷ്‌ ഒഴിഞ്ഞുമാറി.

എന്നാല്‍ വാക്കുതര്‍ക്കമോ മര്‍ദനമോ ഉണ്ടായിട്ടില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഭാഷ്യം. അതിനിടയ്‌ക്കാണ്‌ എം.എല്‍.എയ്‌ക്ക്‌ പരിക്കേറ്റതെന്നു പറയപ്പെടുന്നു.

ആനന്ദ്‌ സിംഗ്‌ കണ്ണിനും നെഞ്ചിനും പരിക്കേറ്റ്‌ ഇപ്പോള്‍ ചികിത്സയിലാണ്‌. അതേസമയം ഗണേഷിനെതിരെ പോലീസില്‍ പരാതി കൊടുക്കുമെന്ന്‌ പറഞ്ഞുകൊണ്ട്‌ ആനന്ദിന്റെ ഭാര്യ രംഗത്തെത്തിയിട്ടുണ്ട്‌.

ആദ്യം 80 എം.എല്‍.എമാരെ കോണ്‍ഗ്രസ്‌ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നു. ഇതില്‍ നിന്നും രണ്ട്‌ എം.എല്‍.എമാരെ കാണാതായതിനാല്‍ പാര്‍ട്ടി അവര്‍ക്ക്‌ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

ഇപ്പോള്‍ കോണ്‍ഗ്രസ്‌, 76 എം.എല്‍.എ മാരെയാണ്‌ `ബി.ജെ.പിയില്‍ നിന്നും രക്ഷിക്കാന്‍' ഈഗിള്‍ട്ടന്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്നത്‌.

ആനന്ദ്‌ സിങ്ങും ജെ.എന്‍. ഗണേഷും തമ്മില്‍ ഉണ്ടായ വഴക്കിന്‌ പിന്നില്‍ ബി.ജെ.പിയുടെ ഇടപെടലുണ്ടോ എന്നും കോണ്‍ഗ്രസ്‌ സംശയിക്കുന്നു.  ബി.ജെ.പി. ഭാഗത്തേക്ക്‌ കൂറുമാറാണ്‌ സാധ്യതയുള്ള എം.എല്‍.എമാറില്‍ ഒരാളായാണ്‌ ഗണേഷിനെ കോണ്‍ഗ്രസ്‌ കാണുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക