Image

കിളിക്കൊഞ്ചല്‍ (ബാലനോവല്‍-അവസാന ഭാഗം: കാരൂര്‍ സോമന്‍)

Published on 21 January, 2019
കിളിക്കൊഞ്ചല്‍ (ബാലനോവല്‍-അവസാന ഭാഗം: കാരൂര്‍ സോമന്‍)
അവനത് വിശ്വസിക്കാനായില്ല. അപ്പന്റെ സാന്നിദ്ധ്യം അവനെ സന്തോഷവാനാക്കി. ഷാജി മകനെ ശ്രദ്ധയോടെ നോക്കി. എന്തെന്നില്ലാത്ത ഒരു ആനന്ദം. മകനെ കാണാന്‍ എത്ര നാളായി കൊതിക്കുന്നു. ഊണിലും ഉറക്കത്തിലും അവന്റെ ചിന്ത മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തി. അവനെ കണ്‍മുമ്പില്‍ കണ്ടപ്പോള്‍ എല്ലാ വേദനകളും മാറി.
ചാര്‍ളിയെ മാറോടടുക്കി ചോദിച്ചു. "മോന്‍ എവിടെ പോയിട്ടാ വരുന്നെ?' അവന് ഒരു പുതുജീവന്‍ കിട്ടിയതു പോലെ തോന്നി. കുഞ്ഞമ്മയുടെ ശിക്ഷക്ക് എപ്പോഴും ഇരയാകുമ്പോള്‍ അപ്പന്റെ സ്‌നേഹം രക്ഷയായി വന്നിരുന്നു. ഒരു നിശ്ശബ്ദതക്ക് ശേഷം അവന്‍ മറുപടി പറഞ്ഞു. "ഞാന്‍ ഓരോ വീട്ടിലും പേപ്പര്‍ ഇടാന്‍ പോകും.' ഷാജിയുടെ മനസ്സില്‍ വേദന കുന്നുകൂടി. അവനെ വീണ്ടും മാറോടമര്‍ത്തി ചുംബിച്ചു. ഇത് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കലും താനിതിന് സമ്മതിക്കില്ലായിരുന്നു. തന്നോട് ഒരു വാക്കു പോലും ചോദിക്കാതെയാണ് അവള്‍ ഈ തൊഴിലിന് അവനെ വിട്ടത്. അവന്റെ കണ്ണുകളിലേക്ക് നോക്കി. ഇവന്‍ ഇത്ര ക്ഷീണിച്ചിരിക്കാന്‍ കാരണമെന്താണ്?
അടുക്കളയില്‍ ചായ തിളപ്പിച്ചുകൊണ്ടിരുന്ന റീന ഇടയ്ക്കിടെ ജനാലയിലൂടെ അപ്പനും മകനും തമ്മിലുള്ള സംസാരം ശ്രദ്ധിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെയല്ലേ വന്നിരിക്കുന്നത്? മുമ്പൊരിക്കല്‍ ഇങ്ങനെ വന്നതായി ഓര്‍ക്കുന്നുണ്ട്. ഇപ്പോള്‍ മനസ്സില്‍ ഒരു തീയാണ്. ആ ചെറുക്കന്‍ ഒന്നും തുറന്നു പറയാതിരുന്നാല്‍ മതിയായിരുന്നു. ആവി പറക്കുന്ന ചായയുമായി വരാന്തയിലേക്ക് നടന്നു. ഒന്ന് മന്ദഹസിച്ചിട്ട് ചായ ഷാജിക്ക് കൊടുത്തു. ചായ കുടിച്ചുകൊണ്ടിരിക്കെ റീനയെ ഗൗരവത്തോടെ ഷാജി നോക്കി.
"ഇവനെ ആരാ പേപ്പര്‍ കൊടുക്കാന്‍ വിട്ടത്?' റീനയുടെ മനസ്സൊന്നു നീറി. ഷാജിക്ക് സംശയമില്ലാത്ത വിധം പറഞ്ഞു. "അവന്റെ ഇഷ്ടത്തിനാ പോയത്. ബോബിച്ചന്‍ ഈ കാര്യം പറഞ്ഞപ്പം അവനാ പറഞ്ഞേ പേപ്പര്‍ കൊടുക്കാമെന്ന്. അല്ലെങ്കി അവന്‍ പറയട്ടെ.' റീന ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി. കുഞ്ഞമ്മയെ കുറ്റപ്പെടുത്താന്‍ ചാര്‍ളിയും തയ്യാറല്ലായിരുന്നു. കുഞ്ഞമ്മയുടെ അഭിപ്രായത്തെ പിന്‍താങ്ങുന്നതാണ് നല്ലത്. അപ്പന്റെ കോപം മാറുകയും ചെയ്യും.
"ശരിയാ കുഞ്ഞമ്മ പറഞ്ഞേ.' അത് കേട്ട് റീനയുടെ കണ്ണുകള്‍ തിളങ്ങി. എങ്കിലും ഷാജിയുടെയുള്ളില്‍ സംശയങ്ങള്‍ ഉടലെടുത്തു. ഇവന്‍ എന്തുകൊണ്ടാണ് ഇതിന് തയ്യാറായത്. ഒരു നീരസ ഭാവത്തില്‍ ഷാജി ചോദിച്ചു.
"ചാര്‍ളി നീ എന്നോട് ചോദിച്ചോ? അതു കൊണ്ട് ഈ പണിക്ക് പോകേണ്ട കേട്ടോ.'
"അപ്പന് ഇഷ്ടമല്ലെങ്കി.... ഇനി ഞാന്‍ പോവില്ല.'
"ഈ കാര്യം നീ ചെന്ന് ഇപ്പോള്‍ തന്നെ വല്യപ്പനോട് പറഞ്ഞേക്ക്.' ചാര്‍ളി യാതൊരു കൂസലും കൂടാതെ ബോബിയുടെ വീട്ടിലേക്ക് സൈക്കിളുമായി പോയി.
"റീനെ ഈ ചാര്‍ളിയൊന്നും കഴിക്കാറില്ലേ. അവനിത്ര ക്ഷീണിക്കാനെന്താ കാരണം?'റീന തെല്ല് സങ്കടത്തോടെ പറഞ്ഞു.
"എന്റിച്ചായാ അതിനെ ഒരല്പം തീറ്റിക്കുന്ന കാര്യം എനിക്കേ അറിയൂ. ഇങ്ങനെയുണ്ടോ പിള്ളാര്.' ഷാജി ആകാംക്ഷയോടെ നോക്കി. എന്തിനാ വെറുതെ അവളെ കുറ്റപ്പെടുത്തുന്നത്?
"ങ..ഹാ..സാരമില്ല.' റീനക്ക് ആ വാക്കുകള്‍ ആശ്വാസമായി. അവിടെയും ആത്മവിശ്വാസം വീണ്ടെടുത്തു.
"മറ്റൊന്ന് നിന്നോട് പറയാനുള്ളത് ഇനിയും ഞാന്‍ മടങ്ങിപോകുന്നില്ല. ഗള്‍ഫിലെ ഒറ്റക്കുള്ള ജീവിതം മടുത്തു. ഇനിയും ഇവിടെ ഒരു കൃഷിക്കാരനായി ജീവിക്കാനാണ് ആഗ്രഹം.' റീന ഒരു നിമിഷം പകച്ചുപോയി. നെഞ്ചിടിപ്പ് കൂടുകതന്നെ ചെയ്തു.
ഇന്നുവരെ എല്ലാം സ്വന്തം ഇഷ്ടത്തിനാണ് ചെയ്തത്. ഇനിയും എല്ലാം ഭര്‍ത്താവിന്റെ നിയന്ത്രണത്തിലാകും. മാത്രമല്ല ചാര്‍ളി ചെയ്തിരുന്ന ജോലികളെല്ലാം ജീവിതകാലം മുഴുവന്‍ ഇനി ചെയ്യണം. എങ്കിലും അതൊക്കെ മറച്ച് പുഞ്ചിരിയോടെ അവള്‍ പറഞ്ഞു. "അച്ചായന്‍ എങ്ങും പോകേണ്ട. ഞങ്ങള്‍ക്കും അത് സന്തോഷമല്ലേ. ഞാന്‍ കെവിനെ വിളിച്ച് ഈ സന്തോഷവാര്‍ത്ത ഒന്നറിയിക്കട്ടെ.' വളരെ തിടുക്കത്തോടെ ചായ കപ്പുമായി അകത്തേക്ക് നടന്നു.
സൈക്കിള്‍ കൊടുത്തിട്ട് വന്ന ചാര്‍ളിയോട് റീന അടക്കത്തില്‍ പറഞ്ഞു. "നീ ചാണകമൊന്നും വാരേണ്ട.' അവന്‍ പെട്ടെന്ന് ചോദിച്ചു.
"അതെന്താ കുഞ്ഞമ്മേ.'
"നിന്റെ അപ്പന് നീ ജോലി ചെയ്യുന്നതൊന്നും ഇഷ്ടമല്ല. പേപ്പര്‍ ജോലി പോയില്ലേ. നീ വല്ലോം ചെയ്താല് വഴക്ക് എനിക്കാ. അതുകൊണ്ട് ഒരു ജോലീം ചെയ്യണ്ട. കേട്ടല്ലോ.' അവന്‍ മൂകനായി നോക്കി നില്ക്കവെ തേന്‍മാവില്‍ വന്നിരുന്ന തത്ത വിളിച്ചു.
"ക..ക...കള്ളി.' റീന ദേഷ്യത്തോടെ നോക്കി.
"ദേ വന്നു അടുത്ത നാശം.' വല്ലാത്ത വിരസതയോടെ അടുക്കളയിലേക്ക് കയറി. പുറത്ത് നിന്നാല്‍ ആ ജന്തു തലയില്‍ വന്ന് കൊത്തില്ലെന്ന് ആരറിഞ്ഞു? ചാര്‍ളിക്ക് എല്ലാം സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു. അവന്‍ മുറിയിലേക്ക് പോയപ്പോള്‍ തത്തമ്മ പറന്ന് വന്ന് അവന്റെ തോളിലിരുന്ന് വിളിച്ചു. "ചാ..ചാ...ചാളി.'തത്തമ്മയെ അവന്‍ ഉറ്റുനോക്കി. അവന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "തത്തമ്മേ എന്റെ അപ്പന്‍ വന്നു. കുഞ്ഞമ്മക്കു ഇപ്പം എന്നോട് ഒത്തിരി സ്‌നേഹമാ.' തത്തമ്മ ചുണ്ടില്‍ എന്തോ മുറുമുറുത്തു. തത്തമ്മ പറഞ്ഞത് അവന് മനസ്സിലായില്ല. മുറിക്കുള്ളിലേക്ക് കയറുമ്പോള്‍ തത്തമ്മയും തോളിലിരുന്നു. ഒരിക്കലും മുറിയിലേക്ക് വരാത്ത തത്തമ്മ ഒരു വിരുന്നുകാരിയെപ്പോലെ അകത്തേക്ക് വന്നപ്പോള്‍ അവനും ആശ്ചര്യപ്പെട്ടു. ഇനിയും തത്തമ്മയെ ഉപദ്രവിക്കാന്‍ കുഞ്ഞമ്മ ധൈര്യം കാണിക്കില്ലെന്ന് അവന് മനസ്സിലായി. ഒരു പേപ്പറില്‍ പൊതിഞ്ഞുവെച്ചിരുന്ന പഴമെടുത്ത് തത്തമ്മക്കു കൊടുത്തു. അപ്പോള്‍ ഷാജി വാതില്‍ക്കല്‍ വന്ന് നോക്കി. തത്തമ്മ വേഗത്തില്‍ അവന്റെ തോളിലേക്ക് പറന്നിരുന്നു. ഷാജി സന്തോഷത്തോടെ നോക്കി.
"അല്ല ഇതാര് നിന്റെ കൂട്ടുകാരനാ.'
"ങ ഹാ. ഇത് തത്തമ്മ. എനിക്ക് മാമ്പഴമൊക്കെ കൊണ്ട് തരും.' സന്തോഷത്തോടെ പറഞ്ഞു.
"ഇപ്പം സ്കൂളടച്ചിരിക്കയല്ലേ. നമുക്ക് വൈകീട്ട് കടപ്പുറത്തു നടക്കാന്‍ പോകാം. ഇപ്പഴും നീ മണല്‍ ശില്പങ്ങള്‍ ഉണ്ടാക്കാറുണ്ടോ?' അവന്‍ മൂളി. ഇതിന് മുമ്പും ഷാജിക്കൊപ്പം പോകുമ്പോള്‍ അവന്‍ ശില്പങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഷാജി മടങ്ങാന്‍ തുടങ്ങുമ്പോള്‍ തത്തമ്മയെ വിളിച്ചു.
"ഒ.കെ. തത്തമ്മേ. എന്റെ പേരറിയാമോ?' തത്തമ്മ നോക്കി.
"ചാ...ചാളി...' ഷാജി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു.
"എന്റെ പേര് ഷാജി. മനസ്സിലായോ?' ഉടനെ ചാര്‍ളി പറഞ്ഞു.
"തത്തമ്മേ അപ്പന്റെ പേര് ഷാ...ഷാ....ജി...ഷാജി.' ഉടന്‍ തന്നെ തത്തമ്മ പേര് വിളിച്ചു.
"ഷാ....ചി...ഷാ...ചി.' അത് കേട്ട് ഷാജി പുഞ്ചിരിച്ചു.
കുളിക്കാനായി ചാര്‍ളി കിണറ്റിന്‍ കരയിലേക്കു പോകുന്നതു കണ്ടപ്പോള്‍ റീന വേഗത്തിലോടി ചെന്നിട്ട് സ്‌നേഹത്തോടെ പറഞ്ഞു. "മോനെ ചാര്‍ളി നീ വെള്ളം കോരി കുളിക്കേണ്ട. പൈപ്പീന്ന് എടുത്തോ. ഇത് കണ്ടാലും അപ്പന്‍ വഴക്ക് പറയും.' റീന അത്രയും പറഞ്ഞിട്ട് മടങ്ങുമ്പോള്‍ ചാര്‍ളി സംശയത്തോടെ നോക്കി. ഈ കുഞ്ഞമ്മക്ക് എന്തു പറ്റി? അപ്പന്‍ വരുമ്പോള്‍ മാത്രമേ മോനെ എന്ന് വിളിക്കാറുള്ളു. അപ്പന്‍ പോയി കഴിയുമ്പം തലയിലെ എല്ലാ വെളിച്ചവും ഇല്ലാതാവും. അവന്‍ പൈപ്പില്‍ നിന്ന് വെള്ളമെടുത്ത് കുളി തുടര്‍ന്നു. എല്ലാ ദിവസവും രാവിലെ കുളിക്കണമെന്ന് അവന് നിര്‍ബന്ധമാണ്. അപ്പന്‍ വീട്ടിലേക്ക് കയറുന്നത് കണ്ടു. അകത്തെ മുറിയില്‍ കെവിന്റെ ക്ഷേമാന്വേഷണങ്ങള്‍ അവന്‍ കേട്ടു. അവന്റെ ദുഃശ്ശീലങ്ങളൊന്നും അവന്‍ അപ്പനോട് പറയില്ല.
പ്രഭാത ഭക്ഷണം കഴിക്കാന്‍ എല്ലാവരും തീന്‍മേശയുടെ മുന്നിലിരുന്നു. കെവിന്റെയടുത്ത് പ്രതീക്ഷിക്കാത്ത ഒരതിഥിയെ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടില്ല. നീ പപ്പ ഇവിടെ ഉള്ളപ്പോഴല്ലേ ഇങ്ങനെ ഇരിക്കൂ. സ്വന്തം മകനെ കഴിപ്പിക്കാന്‍ തിടുക്കം കാട്ടുന്ന റീന ചാര്‍ളിയെ കഴിപ്പിക്കാന്‍ പ്രത്യേകം തിടുക്കം കാണിച്ചു. വീണ്ടും പറഞ്ഞു.
"കഴിക്ക് മോനെ. എത്ര പറഞ്ഞാലും ഒരല്പമേ കഴിക്കൂ.' കുഞ്ഞമ്മയുടെ ഓരോ വാക്കും സമീപനവും അവനെ അമ്പരിപ്പിക്കുക തന്നെ ചെയ്തു. അവന്‍ ചെറുപുഞ്ചിരിയോടെ കുഞ്ഞമ്മയെ നോക്കി. അപ്പന്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ എത്രയോ നല്ലതായിരുന്നു.
"ചാര്‍ളി നിന്റെ പരീക്ഷ എങ്ങനെയുണ്ടായിരുന്നു? ജയിക്കുമോ?' അപ്പന്‍ ചോദിച്ചു.
"പരീക്ഷയ്ക്ക് ഉറക്കമിളച്ചിരുന്നു പഠിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും എഴുതി. ഇനി തോല്‍ക്കാന്‍ വഴിയില്ല. ജയിക്കും.'
"കെവിന്‍ ജയിക്കുമോ?'
കെവിന്റെ മുഖത്തൊരു വിഷാദം. നന്നായി പഠിച്ചിട്ടില്ല എന്നതാണു സത്യം.
"ജയിക്കും. തോല്‍ക്കില്ല.'
"കെവിന്‍ നീ വരുന്നോ കടപ്പുറത്തേക്ക്. വൈകീട്ട് പോകാം.'
"ഞാനെങ്ങും വരുന്നില്ല.' ചാര്‍ളിക്കൊപ്പം പോകാന്‍ അവന് ഇഷ്ടമല്ലായിരുന്നു. ഭക്ഷണം കഴിച്ചിട്ട് ഷാജി ഉറങ്ങാനായി മുറിയിലേക്ക് പോയി. ചാര്‍ളി പശുവിനെ പാടത്ത് കൊണ്ടുപോയി കെട്ടിയിട്ടു. കുട്ടനും അവനൊപ്പം പോയി. മടങ്ങി വന്നപ്പോള്‍ കണ്ടത് കുഞ്ഞമ്മ തൊഴുത്തിലെ ചാണകം വാരുന്നതാണ്. അവനതു വിശ്വസിക്കാനാവാതെ തുറിച്ചുനോക്കി നിന്നു.
തൊഴുത്തിലെ മൂത്രത്തിന്റെ ദുര്‍ഗന്ധം റീനയുടെ മുഴുവന്‍ സന്തോഷത്തെയും കെടുത്തിക്കളഞ്ഞു. മുഖത്ത് എന്തെന്നില്ലാത്ത വെറുപ്പ് കണ്ടു. ഇനിയും പശുക്കളെ വാങ്ങുമെന്നാണ് പറഞ്ഞത്. ചാണകം തന്നത്താന്‍ വാരാമെങ്കില്‍ മാത്രം വാങ്ങിയാല്‍ മതിയെന്ന് പറയണം. ഭര്‍ത്താവിന്റെ ഉത്തരവുകള്‍ നടപ്പാക്കാതെ പറ്റില്ല. വല്ലാത്ത കടുംപിടുത്തക്കാരനാണ്.
സൂര്യന്‍ പടിഞ്ഞാറന്‍ ദിക്കിലേക്ക് യാത്രയായി. ഷാജിയും ചാര്‍ളിയും കുട്ടനും കടല്‍തീരത്ത് നടന്നു. ചാര്‍ളി കടലമ്മക്കും അപ്പനും വേണ്ടി മനോഹരമായ ഒരു തത്തയുടെ ശില്പം മണലില്‍ തീര്‍ത്തു. അത് കണ്ട ഷാജി ജന്മസിദ്ധമായി മകന് ലഭിച്ച കഴിവിനെ അനുമോദിച്ചു. കടല്‍ത്തിരകള്‍ കരയില്‍ വന്ന് പൊട്ടിച്ചിതറി മടങ്ങിപോയി. മണലില്‍ ധാരാളം കാല്പാടുകള്‍!
അവര്‍ കടല്‍ത്തിരയുടെ ഭംഗി ആസ്വദിച്ചുകൊണ്ടു നില്ക്കവേ സ്കൂളിലെ മ്യൂസിക്‌സാര്‍ ഡാനിയേലും ഭാര്യയും ഒരു കുട്ടിയും അതുവഴി വന്നു. ചാര്‍ളിയും റ്റീച്ചറിന്റെ മകന്‍ പത്തുവയസ്സുകരന്‍ ലൂക്കും കടല്‍ത്തിരക്കൊപ്പം കളിച്ചു കൊണ്ട് നടന്നു. കടല്‍ക്കാറ്റിന്റെ ചൂളം വിളി കാതുകളില്‍ മുഴങ്ങി. ഡാനിയേല്‍സാര്‍ മകന്റെ കഴിവിനെ ഷാജിയുടെ മുന്നില്‍ നിരത്തിവെച്ചു. മകന്റെ വഴികാട്ടിയായി സാര്‍ വന്നതില്‍ ഷാജിക്ക് അതിരറ്റ സന്തോഷം തോന്നി. സാര്‍ ചാര്‍ളിയെ വിളിച്ചിട്ട് മുന്നോട്ട് നടന്നു.
ചാര്‍ളി പടങ്ങള്‍ വരക്കും, മണലില്‍ ശില്പങ്ങള്‍ ഉണ്ടാക്കും. ഇതൊക്കെ അറിയാമായിരുന്നെങ്കിലും സ്വന്തമായി കവിതകള്‍ എഴുതിപ്പാടുന്ന കാര്യം അറിയില്ലായിരുന്നു. ഇതൊക്കെ മനസ്സിലാക്കിയ റീന എന്താണ് ഇതൊന്നും അറിയിക്കാതിരുന്നത്?
"ചാര്‍ളി ഇപ്പോള്‍ അവധിയല്ലേ. നിനക്ക് സംഗീതം പഠിക്കണോ?' മനസ്സില്‍ നിറയെയുള്ള ആഗ്രഹമാണ് അപ്പന്‍ ചോദിച്ചത്. പെട്ടെന്നവന്‍ ഉത്തരം പറഞ്ഞു.
"പഠിക്കണം.' ഷാജി വീണ്ടും ചോദിച്ചു.
"മോന് ഇനീം എന്തെങ്കിലും ആഗ്രഹമുണ്ടോ?' അവന്‍ അപ്പനെ സ്‌നേഹത്തോടെ നോക്കി. ആഗ്രഹങ്ങള്‍ തുറന്നു പറയാന്‍ തന്നെ അവന്‍ തീരുമാനിച്ചു.
"എനിക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ വേണം. പിന്നെ ഒരു സൈക്കിളും.' ഷാജി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു.
"ഇതെല്ലാം നിസ്സാര കാര്യങ്ങളല്ലേ?'
അവന്റെ അമ്മ റയിച്ചലിനെ ഒരു നിമിഷം ഓര്‍ത്തു. മരിക്കുന്ന നാള്‍ വരെ ധാരാളമായി വായിക്കുമായിരുന്നു. ആ ഗുണമാണ് മകന് ലഭിച്ചിരിക്കുന്നത്. വായനാശീലം കുട്ടികളില്‍ കുറയുമ്പോള്‍ മകന്‍ ആ കാര്യത്തില്‍ വിജയിച്ചിരിക്കുന്നു.
നീലാകാശം മാറി മറിഞ്ഞു.
സ്കൂള്‍ പരീക്ഷയില്‍ ചാര്‍ളി ജയിച്ചു. കെവിന്‍ തോറ്റു. അവന്റെ മാര്‍ക്ക് കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല. ഷാജിയുടെ മനസ്സ് അസ്വസ്ഥമായി. മകനെ സ്വന്തം അമ്മ തന്നെ ലാളിച്ച് വഷളാക്കിയതാണെന്ന് ഷാജി മനസ്സിലാക്കി. ഇനിയും അത് അനുവദിച്ചു കൊടുക്കാന്‍ പാടില്ല. പുതിയ അദ്ധ്യയന വര്‍ഷത്തില്‍ കെവിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഷാജി ഏറ്റെടുത്തു. പഠിക്കുന്ന കാര്യത്തില്‍ കഠിനമായ ശിക്ഷണനടപടികള്‍ സ്വീകരിച്ചു. ഷാജിയുടെ കൈയ്യിലെ ചൂരല്‍വടിയുടെ ചൂട് പലവട്ടം അവനറിഞ്ഞു.
റീനയുടെ മനസ്സില്‍ വേദന കുന്നുകൂടിയെങ്കിലും ഭര്‍ത്താവിനോട് പരാതിപ്പെടാന്‍ മുന്നോട്ട് വന്നില്ല. തൊഴുത്തിലിപ്പോള്‍ രണ്ട് പശുക്കള്‍ കൂടിയുണ്ട്. ചാണകം വാരുന്നതും വൈക്കോല്‍ വലിച്ചെടുക്കുന്നതും ഷാജിയാണ്. പശുക്കള്‍ക്കുള്ള പുല്ല പറിച്ചെടുക്കേണ്ട ചുമതല ചാര്‍ളിക്കും കെവിനുമാണ്. വീട്ടിലെ തരിശായി കിടന്ന രണ്ടേക്കര്‍ പുരയിടത്തില്‍ എല്ലാ വിധ കൃഷികളുമുണ്ട്. ചാര്‍ളി വായനയിലും കഥയെഴുത്തിലും കവിതയെഴുത്തിലും സംഗീതത്തിലും സമയം ചെലവിട്ടു. റീനക്ക് വീട്ടു ജോലികള്‍ വര്‍ദ്ധിച്ചു. നിത്യവും ചാനലുകളുടെ മുന്നില്‍ ഇരുന്ന് കാണുന്ന സിനിമ-സീരിയല്‍ നിര്‍ത്തി. ലോകത്ത് നടക്കുന്ന വാര്‍ത്തകള്‍ക്കായി മാത്രം ടിവി ഓണ്‍ ചെയ്തു. കുട്ടികളുടെ അവധിദിവസങ്ങളില്‍ മാത്രം സിനിമ-സീരിയല്‍ കാണാന്‍ അനുവദിച്ചു. ചാര്‍ളിയാകട്ടെ ശേഷിച്ച സമയം പുസ്തങ്ങളില്‍ മുഴുകിയിരുന്നു. ഒരു ദിവസം റീനയെ റ്റി.വി. യുടെ മുന്നില്‍ കണ്ടപ്പോള്‍ ഷാജി ദേഷ്യപ്പെട്ടു.
"എടീ ആ ചാര്‍ളിയെ കണ്ട് പഠിക്ക്. കൊച്ചുകുട്ടികള്‍ക്ക് മോഹങ്ങളുണ്ട്. ഇതൊക്കെ കാണാന്‍ ഇതിന്റെ മുന്നിലിരിക്കാന്‍ നീയൊരു കൊച്ചുകുട്ടിയല്ലല്ലോ. അമ്മയല്ലേ? കലയുടെ പേരില്‍ കച്ചവടക്കാര്‍ തട്ടിക്കൂട്ടി കുറെ സിനിമ-സീരിയല്‍ ഉണ്ടാക്കും. അത് കാണാന്‍ നിന്നെപോലെ കുറെ പെണ്ണുങ്ങള്‍. അതിന് കുറെ ചാനലുകള്‍. മനുഷ്യന് ഗുണമുള്ള നല്ല കഥകള്‍ ഉണ്ടായിരുന്നു. സിനിമയും ഉണ്ടായിരുന്നു. ആ കാലം പോയി. ആ ചെറുക്കനെ റ്റി.വി.യുടെ മുന്നിലിരുത്തി നീയാ വഷളാക്കിയേ.' എല്ലാം കേട്ടതിന് ശേഷം റീന മറുപടി പറഞ്ഞു.
"എല്ലാം എന്റെ തലേവിധി.'
"അതെ. എല്ലാം ഓരോരോ വിധികളാ. അത് നമ്മള്‍ ഉണ്ടാക്കുന്ന വിധിയാ. അതിന് മറ്റ് ആരെയും കുറ്റപ്പെടുത്തേണ്ട.' എല്ലാം കേട്ടു മുഖം കുനിച്ചിരിക്കാനേ റീനക്ക് കഴിഞ്ഞുള്ളൂ. ഷാജിയുടെ വാക്കുകള്‍ കൊണ്ടുള്ള പ്രഹരം പല പ്രാവശ്യം ഏറ്റതോടെ താന്‍ ചെയ്തിട്ടുള്ള തെറ്റ്കുറ്റങ്ങളുടെ ശിക്ഷയായി റീന അവയെല്ലാം ഏറ്റെടുത്ത് സ്വയം ശകാരിക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ വരവ് ഭാര്യയുടെ സ്വാതന്ത്ര്യത്തെ നശിപ്പിച്ചു എന്ന് പറയാന്‍ കഴിയുമോ?
കാലം മുന്നോട്ട് പോയി. സ്കൂള്‍ പഠനം കഴിഞ്ഞ് കോളേജില്‍ ചേര്‍ന്നു. ചാര്‍ളി കോളേജിലെ ആര്‍ട്‌സ് വിഭാഗം സെക്രട്ടറിയായതില്‍ കെവിന്‍ സന്തോഷിച്ചു. ചാര്‍ളിക്ക് സ്തുതിപാഠകരുടെ എണ്ണം വര്‍ദ്ധിച്ചു. മാഗസിനുകളില്‍ അവന്റെ കവിതകളും കഥകളും പ്രത്യക്ഷപ്പെട്ടു. പെണ്‍കുട്ടികള്‍ അവനെ അടങ്ങാത്ത മോഹത്തോടെ നോക്കി. അവന്റെ സാഹിത്യ-സംഗീത മാധുര്യം അവരെ വല്ലാതെ ആകര്‍ഷിച്ചു. അവന്റെ പേര് എല്ലാ ദിക്കിലേക്കും പരന്നു. റീനക്ക് ചാര്‍ളിയോട് വാത്സല്യമേറി. കെവിന്‍ സഹോദരന്റെ വളര്‍ച്ചയില്‍ അത്യധികം സന്തോഷിച്ചു. അവനും ചാര്‍ളിയെപോലെ പുസ്തകങ്ങള്‍ വാങ്ങി വായിക്കുവാന്‍ തുടങ്ങി.
പ്രമുഖ ടി.വി. ചാനല്‍ കോളേജില്‍ മത്സരങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ രംഗത്തും ചാര്‍ളിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ചാര്‍ളിയുടെ കോളേജില്‍ ഇതിനായി സാഹിത്യ ശില്പശാലകള്‍ തന്നെ ഏര്‍പ്പെടുത്തി. സ്വദേശത്തും വിദേശത്തുമുള്ള സാഹിത്യകാരന്‍മാര്‍ അതിന് നേതൃത്വം നല്കി. ഗാനമത്സരത്തിലും വളരെ ബുദ്ധിമുട്ടുളള പരിശീലനം ചാര്‍ളി തുടര്‍ന്നു. ഗാനരചന ചാര്‍ളിയും സംഗീതം നല്കിയത് ഡാനിയേല്‍ മാസ്റ്ററുമായിരുന്നു. എല്ലാ കലാകാരന്മാരും ആവേശത്തോടെ മത്സരത്തില്‍ പങ്കെടുത്തു.
മൂന്ന് കോളേജുകള്‍ ഒന്നും രണ്ടും മാര്‍ക്കിന്റെ വ്യത്യാസത്തില്‍ മുന്നിലെത്തി. അവസാനത്തെ ഇനം പാട്ടായിരുന്നു. അവസാനമായി പാടാന്‍ എത്തിയത് ചാര്‍ളിയായിരുന്നു. ചാര്‍ളി പാടുന്ന പാട്ടിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ അവന്റെ കോളേജിന് കിരീടം കരസ്ഥമാക്കാം. ഒപ്പം വമ്പിച്ച തുകയും. എല്ലാവരുടെയും ശ്രദ്ധ ചാര്‍ളിയിലായി. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ വലിയൊരു ഹാളിനുള്ളില്‍ മുഴുകിയിരിക്കയാണ്. ചാര്‍ളി സ്റ്റേജില്‍ വരുമ്പോള്‍ എല്ലാ കണ്ണുകളും താമരപോലെ വിടര്‍ന്നു. അലങ്കൃതമായ ആ സ്റ്റേജില്‍ നില്ക്കുമ്പോള്‍ നിലാവില്‍ മഞ്ഞ് പെയ്യുന്ന ഒരു പാതിരാവുപോലെ തോന്നി. പാടി പോയവരൊക്കെ മരവിച്ച മനസ്സുമായി നില്ക്കുന്നു.
ചാര്‍ളിയുടെ വീടിന്റെ വരാന്തയില്‍ വീട്ടിലുള്ളവരും കുട്ടനും തത്തമ്മയും ചാര്‍ളിയെ ടി.വി.യില്‍ കണ്ടു. അവരുടെ ഹൃദയമിടിപ്പും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. എല്ലാവരിലും ഒരേ ഒരു ചോദ്യം മാത്രം. ""ഏത് കോളേജായിരിക്കും ഈ ഭാഗ്യകിരീടം സ്വന്തമാക്കുക?''
തത്തമ്മ ഇപ്പോള്‍ സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ്. പകല്‍ മുഴുവന്‍ വീടിനുള്ളിലും പുറത്തും പറന്ന് നടക്കും. സായാഹ്നമാകുമ്പോള്‍ പറന്നുപോകും. ചാര്‍ളി പാട്ട് തുടങ്ങി. എല്ലാവരിലും കുളിര്‍മഴ പെയ്തിറങ്ങുന്ന അനുഭവം. സ്റ്റേജില്‍ മിന്നല്‍പിണരുകള്‍ പോലുള്ള വിവിധ നിറങ്ങള്‍ മിന്നിതിളങ്ങി. പാട്ടില്‍ പലരും സ്വയംമറന്നിരുന്നു. ചെറുപ്പം നല്കിയ അനുഭവങ്ങള്‍ ഒരു വിലാപഗാനമായി അവന്‍ പാടി. എല്ലാവരെയും കണ്ണീരിലാഴ്ത്തിയ വരികള്‍. അവന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു. ഷാജിയും കണ്ണീര്‍ വാര്‍ത്തു. മറ്റാര്‍ക്കും ലഭിക്കാത്ത ഹര്‍ഷാരവം അവിടെയുണ്ടായി.
വിധി പ്രഖ്യാപനമുണ്ടായി.
ചാര്‍ളിക്ക് പ്രത്യേക പുരസ്കാരം.
കോളേജിന് കിരീടം.
ചാര്‍ളിയെ കൂട്ടുകാര്‍ ആഹ്ലാദാരവങ്ങളോടെ പുറത്തേക്ക് പൊക്കിയെടുത്തു കൊണ്ടുവന്നു. എല്ലാ മിഴികളിലും മന്ദഹാസം പരന്നു. എങ്ങും ഹര്‍ഷാരവം.
ആ പകലിലും ആകാശത്തു നിന്നും പൂനിലാവ് ഒഴുകിയൊഴുകിവന്നു.

(അവസാനിച്ചു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക