Image

ദേശീയ സാഹിത്യോല്‍സവ്: കുവൈത്ത് സിറ്റി ജേതാക്കള്‍

Published on 21 January, 2019
ദേശീയ സാഹിത്യോല്‍സവ്: കുവൈത്ത് സിറ്റി ജേതാക്കള്‍

സാല്‍മിയ : കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കായി കലാലയം സാംസ്‌കാരിക വേദി ഒരുക്കിയ പത്താമത് എഡിഷന്‍ സാഹിത്യോല്‍സവിനു ഉജ്ജ്വല പരിസമാപ്തി. നാലു വിഭാഗങ്ങളില്‍ 85 ഇനങ്ങളിലായി നടന്ന വാശിയേറിയ മല്‍സരങ്ങള്‍ക്കൊടുവില്‍ 289 പോയിന്റുകളുമായി കുവൈത്ത് സിറ്റി ജേതാക്കളായി. ഫഹാഹീല്‍, ഫര്‍വാനിയ എന്നീ സെന്‍ട്രലുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

സമാപന സംഗമത്തില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. മനുഷ്യരെ ഒരുമിപ്പിച്ച് സമൂഹത്തില്‍ മാനവികത വിളയിക്കുന്നതില്‍ സാഹിത്യത്തിനു മുഖ്യ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സഹജീവിയുടെ വേദന കാണാനുള്ള മനസും, ഭീകരതക്കും ഫാസിസത്തിനും എതിരെയുള്ള പ്രതിരോധവും സൃഷ്ടിക്കുന്നതില്‍ സാഹിത്യോല്‍സവുകള്‍ മുഖ്യ പങ്കുവഹിക്കുന്നു. ഇടവപ്പാതിയിലെ മഴ പോലെ എല്ലാ ഗ്രാമങ്ങളിലും പെയ്തിറങ്ങി നാട്ടില്‍ സ്‌നേഹ വിപ്ലവം തീര്‍ക്കാന്‍ സാഹിത്യോല്‍സവുകള്‍ക്ക് സാധിക്കുന്നു. പരസ്പര വിദ്വേഷത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് എല്ലാവരേയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമമാണ് കലാലയം സാംസ്‌കാരിക വേദി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്തിലെ 5 സെന്‍ട്രലുകളെ പ്രതിനിധീകരിച്ചെത്തിയ 500ഓളം പ്രതിഭകളാണ് രാവിലെ 9 മുതല്‍ രാത്രി 8 വരെ നാല് വേദികളിലായിനടന്ന മല്‍സരത്തില്‍ മാറ്റുരച്ചത്. പ്രധാന വേദിയില്‍ അരങ്ങേറിയ മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഖവാലി തുടങ്ങിയ മല്‍സരങ്ങള്‍ അരങ്ങേറി.

രാത്രി എട്ടിന് നടന്ന സമാപന സമ്മേളനം ടി.വി.എസ് ഗ്രൂപ്പ് ചെര്‍മാന്‍ ഡോ. ഹൈദര്‍ അലി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് കുവൈത്ത് നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ദാരിമി അധ്യക്ഷത വഹിച്ചു. നോര്‍ക്ക ഡയറക്ടര്‍ അജിത് കുമാര്‍, ഐസിഎസ് കെ. അമ്മാന്‍ പ്രിന്‍സിപ്പല്‍ രാജേഷ് നായര്‍, മലബാര്‍ ഗോള്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് വിപിന്‍ , അഹ്മദ് കെ.മാണിയൂര്‍, ശുകൂര്‍ മൗലവി,അഡ്വ. തന്‍വീര്‍ ഉമര്‍, അബ്ദുള്ള വടകര, അബ്ദുള്ള സഅദി ചെറുവാടി, അബൂബക്കര്‍ സിദ്ദീഖ് കൂട്ടായി, സലീം മാസ്റ്റര്‍, സ്വാദിഖ് കൊയിലാണ്ടി, ജാഫര്‍ ചപ്പാരപ്പടവ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. അബൂ മുഹമ്മദ് സ്വാഗതവും റാശിദ് ചെറുശോല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക