Image

'ശതം സമര്‍പ്പയാമി' മുഖേന അയച്ച പണമെത്തുന്നത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌; പരാതിയുമായി ശബരിമല കര്‍മ്മ സമിതി

Published on 22 January, 2019
'ശതം സമര്‍പ്പയാമി' മുഖേന അയച്ച പണമെത്തുന്നത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌; പരാതിയുമായി ശബരിമല കര്‍മ്മ സമിതി
'ശബരിമല കര്‍മ്മ സമിതിയുടെ അക്കൗണ്ടിലേക്ക്‌ അയച്ച പണമെത്തുന്നത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണെന്ന്‌ പരാതി.

തങ്ങളുടെ ധനസമാഹരണ പരിപാടിയെ തകര്‍ക്കുന്നതിന്‌ വേണ്ടി ചിലര്‍ ബോധപൂര്‍വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട്‌ നമ്പര്‍ ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായിട്ടാണ്‌ പരാതി.

ശബരിമല വിഷയത്തില്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്ക്‌ വേണ്ടിയുള്ള നിയമസഹായത്തിനാണ്‌ `ശതം സമര്‍പ്പയാമി'യെന്ന പേരില്‍ കര്‍മ്മ സമിതി പുതിയ പദ്ധതി ആരംഭിച്ചത്‌.

`ധര്‍മ്മയോദ്ധാക്കാള്‍ക്കൊരു സ്‌നേഹാശ്‌ളേഷം' എന്ന പേരില്‍ ഈ മാസം 17 ന്‌ സോഷ്യല്‍ മീഡിയയിലൂടെയാണ്‌ ശബരിമല കര്‍മ്മ സമിതി ധനസമാഹാഹരണത്തിനുള്ള `ശതം സമര്‍പ്പയാമി' ക്ക്‌ തുടക്കമിട്ടത്‌.

പ്രതിഷേധക്കാര്‍ക്ക്‌ നിയമസഹായത്തിനായി 100 രൂപ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യുക. തുടര്‍ന്ന്‌ ഇതിന്റെ റസീപ്‌റ്റിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യണമെന്നായിരുന്നു കര്‍മ്മ സമിതി നേതാവ്‌ കെ.പി ശശികല ഫെയ്‌സ്‌ബുക്കിലൂടെ ആവശ്യപ്പെട്ടത്‌.

ഇതേതുടര്‍ന്ന്‌ കെ പി ശശികല, കെ സുരേന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങള്‍ വെച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട്‌ നമ്പര്‍ സഹിതം സിപിഎം അനുകൂല ഗ്രൂപ്പുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ വേറെ പ്രചാരണം തുടങ്ങി.

ഈ പ്രചാരണത്തില്‍ വീണു പോയവര്‍ പലരും ദുരിതാശ്വാസ നിധിയിലേക്ക്‌ പണം അയച്ചതായിട്ടാണ്‌ ശബരിമല കര്‍മ്മ സമിതി അവകാശപ്പെടുന്നത്‌. ഇത്‌ ധനാപഹരണവും വഞ്ചനയുമാണ്‌. ലക്ഷങ്ങളാണ്‌ ഇതിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പോയത്‌. ഇതിനെതിരെ പൊലീസിനെ സമീപിക്കുമെന്നാണ്‌ കര്‍മ്മ സമിതി അറിയിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക