Image

ഇ.വി.എം ഹാക്കിങ്‌: വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന്‌ കോണ്‍ഗ്രസ്‌, അന്വേഷണം വേണം

Published on 22 January, 2019
ഇ.വി.എം ഹാക്കിങ്‌: വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന്‌ കോണ്‍ഗ്രസ്‌, അന്വേഷണം വേണം
ന്യൂദല്‍ഹി: ഇ.വി.എം അട്ടിമറിയുമായി ബന്ധപ്പെട്ട യു.എസ്‌ ഹാക്കറുടെ വെളിപ്പെടുത്തല്‍ ഗുരുതരമെന്ന്‌ കോണ്‍ഗ്രസ്‌. അന്വേഷണം നടത്താതെ ആരോപണത്തെ പിന്തുണയ്‌ക്കാനോ തള്ളിക്കളയാനോ കഴിയില്ല.

പക്ഷെ അന്വേഷണം നടത്തണമെന്നുള്ളത്‌ ഉറപ്പാണ്‌. ആരോപണങ്ങളെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തുറന്ന മനസോടെ കാണണമെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ അഭിഷേക്‌ സിങ്‌വി പറഞ്ഞു.

ഹാക്കിങ്‌ സംബന്ധിച്ച്‌ വെളിപ്പെടുത്തലുണ്ടായ പരിപാടിയില്‍ കോണ്‍ഗ്രസ്‌ വക്താവ്‌ കപില്‍ സിബല്‍ പോയത്‌ കോണ്‍ഗ്രസിന്റെ പ്രതിനിധിയായല്ലെന്നും സിങ്‌വി പറഞ്ഞു.

യൂറോപ്പിലെ ഇന്ത്യന്‍ ജേണലിസ്റ്റ്‌സ്‌ അസോസിയേഷനിലെ മാധ്യമപ്രവര്‍ത്തകന്റെ ക്ഷണപ്രകാരമാണ്‌ കപില്‍ സിബല്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസിന്‌ ബന്ധമില്ലെന്നും അഭിഷേക്‌ സിങ്‌വി പറഞ്ഞു.

കപില്‍ സിബല്‍ പരിപാടിയില്‍ പങ്കെടുത്തത്‌ രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും പറഞ്ഞയച്ചിട്ടാണെന്നും പാകിസ്‌താനില്‍ വരെ കോണ്‍ഗ്രസിന്‌ ഫ്രീലാന്‍സ്‌ മാധ്യമപ്രവര്‍ത്തകരുണ്ടെന്നും കേന്ദ്രമന്ത്രി മുഖ്‌താര്‍ അബ്ബാസ്‌ നഖ്‌വി ആരോപിച്ചിരുന്നു.

കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും നിരന്തരം ആവശ്യപ്പെടുന്ന, 50 ശതമാനം വിവിപാറ്റ്‌ പരിശോധിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുന്നുവെന്നും  സിങ്‌വി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക