Image

ഇന്ത്യക്കാര്‍ അടക്കം ജോലി ചെയ്യുന്ന 2 കപ്പലുകള്‍ക്ക് റഷ്യന്‍ കടലിടുക്കില്‍ തീപിടിച്ച്‌ 11 മരണം, നിരവധി പേര്‍ക്ക് പരിക്ക്

Published on 22 January, 2019
ഇന്ത്യക്കാര്‍ അടക്കം ജോലി ചെയ്യുന്ന 2 കപ്പലുകള്‍ക്ക് റഷ്യന്‍ കടലിടുക്കില്‍ തീപിടിച്ച്‌ 11 മരണം, നിരവധി പേര്‍ക്ക് പരിക്ക്
 ഇന്ത്യന്‍ ജീവനക്കാര്‍ അടക്കം ജോലി ചെയ്യുന്ന രണ്ട് കപ്പലുകള്‍ക്ക് റഷ്യന്‍ കടലിടുക്കില്‍ തീപിടിച്ച്‌ 11 മരണം, നിരവധി പേര്‍ക്ക് പരിക്ക്. റഷ്യയ്ക്കു സമീപം കെര്‍ഷ് കടലിടുക്കില്‍ തിങ്കളാഴ്ചയാണ് അപകടം. എന്നാല്‍ ചൊവ്വാഴ്ചയാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ടാന്‍സാനിയന്‍ കപ്പലുകളായ കാന്‍ഡി, മാസ്‌ട്രോ എന്നിവയ്ക്കാണ് തീപിടിച്ചത്. കപ്പലുകളില്‍ ഒന്ന് എല്‍.എന്‍.ജി കാരിയറും രണ്ടാമത്തേത് ടാങ്കറുമാണ്. കടലില്‍ വെച്ച്‌ ഇന്ധനം ഒരു കപ്പലില്‍ നിന്ന് മറ്റേതിലേക്ക് നിറക്കുന്നതിനിടെ തീപിടിത്തമുണ്ടാകുകയായിരുന്നു. ഒരു കപ്പലില്‍ നിന്നും പൊട്ടിത്തെറിയോടെ തീ അടുത്ത കപ്പലിലേക്ക് പടര്‍ന്നു. കാന്‍ഡിയില്‍ ഒമ്ബത് തുര്‍ക്കിഷ് പൗരന്മരും എട്ട് ഇന്ത്യന്‍ പൗരന്മാരും അടക്കം 17 ജീവനക്കാരും മാസ്‌ട്രോയില്‍ ഏഴു വീതം തുര്‍ക്കിഷ് പൗരന്മാരും ഇന്ത്യന്‍ പൗരന്മാരും ഒരു ലിബിയന്‍ പൗരനും അടക്കം 15 ജീവനക്കാരുമാണുള്ളത്.

സംഭവസ്ഥലത്തേയ്ക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ പോകുന്നുണ്ടെന്നു റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കത്തുന്ന കപ്പലില്‍ നിന്ന് ചിലര്‍ കടലിലേക്ക് ചാടി, ഇവരില്‍ 12 പേരെ രക്ഷപ്പെടുത്തി. ഒമ്ബതു പേരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തെ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സംഭവ സ്ഥലത്തേക്ക് രക്ഷാസേന ടഗ്ഗില്‍ യാത്ര തിരിച്ചിട്ടുണ്ടെന്നും റഷ്യന്‍ മാരിടൈം ഏജന്‍സി വക്താവ് പറഞ്ഞു.

അസോവ് കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്നതാണ് കെര്‍ഷ് കടലിടുക്ക്. റഷ്യയ്ക്കും യുക്രെയ്‌നും തന്ത്രപ്രധാനമായ ജലപാതയാണ് കെര്‍ഷ് കടലിടുക്ക്. കഴിഞ്ഞ വര്‍ഷം മേയില്‍ റഷ്യ ഇവിടെ പാലം നിര്‍മിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക