Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 30: സാംസി കൊടുമണ്‍)

Published on 22 January, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 30: സാംസി കൊടുമണ്‍)
ജീവിതം മടുക്കുന്നതെപ്പോഴാണ്...? പ്രതീക്ഷകള്‍ അസ്തമിക്കുമ്പോള്‍.... അപ്പോള്‍ ജീവിതം ഒരു വിലാപമായി മാറുന്നു.

സിസിലിക്ക് ജീവിതം മടുത്തുവോ...? അവള്‍ക്ക് ഇനി ഒരു പ്രതീക്ഷയുമില്ലേ....? അമ്പതിലെത്തിയിട്ടില്ല. എന്തേ മടുപ്പ്... എല്ലാത്തിനോടും വിരക്തി.

“”അടുത്ത ജന്മത്തിലും നീ എനിക്കു ഭാര്യയായി വരില്ലേ.....’’ ജോസ് ചോദിച്ചു.

“”ഇല്ല.’’ സിസിലിയുടെ മറുപടി പെട്ടെന്നായിരുന്നു. ജോസ് അവളെ സന്ദേഹത്തോട് നോക്കി. അവള്‍ പറഞ്ഞു. “”എനിക്ക് ഇനി ഒരു ജന്മം വേണ്ട ..... ഈ ജന്മത്തില്‍ തന്നെ ഞാന്‍ എല്ലാം അനുഭവിച്ചില്ലെ.....’’ അവളുടെ സ്വരം ഉറച്ചതായിരുന്നു. ആരോടോ പകപോക്കുന്നവളെപ്പോലെ അവള്‍ തിരിഞ്ഞു കിടന്നു. അവള്‍ ഒരു ശിലയായി. മന്വന്തരങ്ങളിലെന്നോ ഇനി ഒരു പാദസ്പര്‍ശത്താലെ അവള്‍ മുക്തയാകൂ. അവള്‍ അഹല്യ.... ഈ ജീവിതം അവള്‍ക്ക് പീഡകളല്ലാതെ എന്താ കൊടുത്തത്? ക്രിസ്തുവിന്റെ സഹനങ്ങള്‍ക്ക് വെള്ളിയാഴ്ച മൂന്നരമണിവരെയുള്ള ആയുസ്സേ ഉണ്ട ായിരുന്നുള്ളൂ. എന്നാല്‍ ഇവിടെ കുരിശിലെ ആണിയില്‍ തൂങ്ങാന്‍ തുടങ്ങിയിട്ട് കാലം എത്രയായി. ഒരു ഉയിര്‍പ്പ് ഇനി എന്നാണാവോ.....? പുതിയ സുവിശേഷങ്ങള്‍ എങ്ങും കേള്‍ക്കുന്നില്ല. പഴയവയുടെ അര്‍ത്ഥങ്ങള്‍ മാറിയിരിക്കുന്നു.

ഇന്നലെവരെ അവള്‍ പറഞ്ഞിരുന്നു. ഇനി എത്ര ജന്മങ്ങളും എനിക്കെന്റെ അച്ചാച്ചന്‍ മതി. ഇന്ന് അവള്‍ക്ക് ഇനി ഒരു ജന്മമേ വേണ്ട .... തന്നെ അവള്‍ക്കു മടുത്തിരിക്കുന്നു. വാസ്തവത്തില്‍ മടുത്തിട്ടു തന്നെയാണോ...?

വചനം നഷ്ടപ്പെടുത്തിയ ഒരു രാത്രിയുടെ നിരാശയില്‍, ഉള്ളിലെ വേലിയേറ്റങ്ങളോട് മല്ലടിച്ച് ഉറക്കത്തിനായി കാത്ത്, സിസിലിയുടെ, മാറിയ മണവും തിരിച്ചറിഞ്ഞ് ജോസ് കിടന്നു.

മണവും ഗുണവും നഷ്ടപ്പെട്ട സ്ത്രീ.... സ്ത്രീ രൂപാന്തരപ്പെടുകയാണ്.. ശരീരം തണുത്തുറയുന്നതിനൊപ്പം മനസ്സും മാറിക്കൊണ്ട ിരിക്കുന്നു. ഇന്നലെകളില്‍ അവളുടെ ശരീരം ആവേഗത്തിലായിരുന്നു. അല്ലെങ്കിലും നാല്പത്തഞ്ചു കഴിഞ്ഞ സ്ത്രീ പുരുഷനെ വെറുക്കുന്നു. അവന്റെ സാമീപ്യം അവള്‍ക്കു വേദനയാണ്. പുരുഷന്റെ കണ്ണുകളെ അവഞ്ജയാണ്. അവന്റെ കണ്ണുകള്‍ അവളുടെ തേയ്മാനങ്ങള്‍ കണ്ടെ ത്തുമോ എന്ന ഭയം. അവള്‍ ഒളിച്ചോടുന്നു. സിസിലി ഒന്നു തിരിഞ്ഞു. ഇടതുവശം കിടക്കാന്‍ വയ്യ. തോളിനു വേദന.

“”തിരുമ്മണോ....’’ വേണമെന്നോ വേണ്ടെ ന്നോ അവള്‍ പറഞ്ഞില്ല. നിങ്ങളുടെ ഇഷ്ടം എന്ന നിസ്സംഗത. വേണമെങ്കില്‍ തിരുമ്മി തിരുമ്മി അവളെ ഉണര്‍ത്താം. അത് കടലിലെ വെള്ളമെല്ലാം തേവി മുത്തു കണ്ടെ ടുക്കുംപോലെയാ. തലേ രാത്രി ജോലി കഴിഞ്ഞ്, പകല്‍ വീട്ടു പണികളില്‍ കുടുങ്ങി അധികം ഉറങ്ങാത്തവള്‍. തലോടലിന്റെ സാന്ത്വനത്തില്‍ നിദ്രയുടെ കൈകളിലേക്ക് വഴുതി. അവളുടെ കൂര്‍ക്കം വലി. കൂര്‍ക്കം വലിക്കുന്ന സ്ത്രീ.... വലിച്ചു വാരിത്തുന്നുന്ന സ്ത്രീ... പുലഭ്യം പറയുന്ന സ്ത്രീ... മദ്യപിച്ചും പുകവലിച്ചും നാമമാത്ര വസ്ത്രധാരികളായ സ്ത്രീ.... ഇവരെയൊന്നും സ്രൈണഭാവമുള്ള സ്ത്രീകളായി എങ്ങും പുകഴ്ത്തപ്പെട്ടിട്ടില്ല. സ്ത്രീ ദേവി സങ്കല്പത്തിന്റെ മൂര്‍ത്ത രൂപം. അതുകൊണ്ട ുതന്നെ പുരുഷന്റെ ആരാധനാപാത്രം.

ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സിസിലി എന്ന ഈ സ്ത്രീയുടെ കൂര്‍ക്കംവലി താന്‍ കേട്ടിട്ടുണ്ടേ ാ? അതു തന്നെ അലോസരപ്പെടുത്തിയിരുന്നുവോ...? അല്ലെങ്കില്‍ അവളുടെ ഉദരത്തിലെ വായു പ്രവാഹത്തിന്റെ ഗുളുഗുളു ശബ്ദം താന്‍ ശ്രദ്ധിച്ചിരുന്നുവോ....? അന്ന് അവളുടെ സൗന്ദര്യം.... ശരീരം മറ്റെല്ലാ അപാകതകളെയും പരിഹരിക്കാന്‍ പര്യാപ്തമായിരുന്നു. ഇന്ന് മൂന്നു മക്കളെ വളര്‍ത്തി മൂന്ന് ഓപ്പറേഷനുകളെ അധിജീവിച്ച്, അവളുടെ അവയവങ്ങള്‍ അയഞ്ഞ്, വയറിലെ പേശികള്‍ ബലഹീനമായി മുന്നോട്ട് ഉന്തി, സദാ ഗര്‍ഭിണികളെപ്പോലെ..... അവളില്‍ മാനസ്സിക പിരിമുറുക്കം. എന്തിനവളെ കുറ്റപ്പെടുത്തുന്നു. അവള്‍ ഒരു കുടുംബം നട്ടു നനച്ചു വളര്‍ത്തിയില്ലേ.... പക്ഷേ പുരുഷനു തൃഷ്ണയാണ്. അവനില്‍ അടങ്ങാത്ത തിരയിളക്കമാണ്. അവന്‍ പീഡകനാണ്. തിരിച്ചറിഞ്ഞ സ്ത്രീ അമ്മഭാവം ഉറപ്പിക്കാന്‍, മക്കളിലേക്ക് കൂടുതല്‍ അടുക്കുന്നു. പുരുഷന്‍ അവന്റെ പൗരുഷത്തില്‍ ഊറ്റം കൊള്ളുമ്പോള്‍, സ്ത്രീ അവളുടെ മാതൃത്വത്തില്‍ അഭയം തേടുന്നു.

അവള്‍ വീണ്ട ും ഉണര്‍ന്നു. “”ഉറങ്ങുന്നില്ലേ....’’ അവള്‍ ചോദിക്കുന്നു. തന്നിലെ ഉറക്കം കടല്‍ത്തീരത്ത് കാറ്റുകൊള്ളാന്‍ പോയിരിക്കുന്നു. ഇനി എപ്പോഴെങ്കലും വരട്ടെ.... അയാള്‍ കാത്തു. “”രാത്രി പണിയെടുക്കുന്നവര്‍ക്കേ ഉറക്കത്തിന്റെ വിലയറിയൂ. പകല്‍ എത്ര ഉറങ്ങിയാലും മതിയാകില്ല....’’ അവള്‍ പറയും ശരിയാണ്.

ദൈവം രാത്രിയെയും പകലിനെയും വേര്‍തിരിച്ചു. പകല്‍ വേല ചെയ്യാനും രാത്രി വിശ്രമിക്കാനും അവനോട് കല്പിച്ചു. പക്ഷേ.... എഡിസണ്‍ വൈദ്യുതി കണ്ട ു പിടിക്കുമെന്നും, വ്യവസായ വിപ്ലവത്തിലൂടെ രാവും പകലും മാറുമെന്നും, വന്‍ പട്ടണങ്ങളെ സൃഷ്ടിച്ച്, ദൈവത്തെ തോല്പിക്കുമെന്നും ദൈവം അറിഞ്ഞിരുന്നുവോ...? എന്നാലും ദൈവം തന്നെ ഗ്രാമത്തിലല്ലേ ജനിപ്പിച്ചത്. പിന്നെ എന്തിന് പട്ടണത്തെ പ്രാപിച്ചു...? ചോദ്യങ്ങളുടെ ഉത്തരം അത്ര ലളിതമോ...? വെട്ടിപ്പിടിക്കാനുള്ള ആര്‍ത്തിയോ.... ഉത്തരം എന്തായാലും അതില്‍ ഭാഗികസത്യങ്ങളെ കാണൂ. എന്തുകൊണ്ട ് ഒരു തിരിച്ചുപോക്ക് നടന്നില്ല...? ആഗ്രഹമില്ലാഞ്ഞിട്ടാണോ... വിട്ടുപോകാനുള്ള മടി... ആര്‍ഭാടങ്ങളുടെ ജീവിതം തലയ്ക്കു പിടിച്ചിരുന്നുവോ...എല്ലാം ഉത്തരങ്ങളാണ്. പൂര്‍ണ്ണമായി ഭാഗിക്കാന്‍ കഴിയാത്ത ഒറ്റ സംഖ്യയാണ് ചോദ്യങ്ങള്‍.

കുറ്റം ആരുടെയെങ്കിലും മേല്‍ ആരോപിച്ചാലല്ലേ ന്യായാധിപന്, സ്വയം കൈ കഴുകാന്‍ പഴുതുകളുള്ളൂ. കുറ്റം സിസിലിയുടെ മേല്‍ ആരോപിക്കാം. അവള്‍ പറഞ്ഞു. “”ഒരു വീടില്ലാതെ ഞാന്‍ വീടില്ലാതെ ഞാന്‍ വരില്ല.’’ അതു ന്യായം. സ്വന്തമായ ഒരു വീട്.... അതൊരു നീണ്ട കാല കാത്തിരുപ്പാണെന്നവളും അറിയുന്നുണ്ട ാകാം. മൂന്നു കുട്ടികളുടെ ആഹാരം, വസ്ത്രം.... ജീവിതത്തില്‍ അനുഭവിക്കുന്ന ഓരോ ആധുനികതയുടെ ആര്‍ഭാടങ്ങള്‍ക്കും വിലകൊടുത്തേ മതിയാകുമായിരുന്നുള്ളൂ. മിച്ചം എന്നത് ഒരു ആഗ്രഹം മാത്രം. എന്നാലും ക്രെഡിറ്റുകാര്‍ഡുകളുടെ നീരാളിപ്പിടുത്തത്തിനു വഴങ്ങിയിട്ടായാലും, എന്റെ കുട്ടികള്‍ക്ക് അവരുടെ അപ്പന്റെ നാട് വീണ്ടെ ടുക്കാമെന്നു കരുതിയപ്പോള്‍ വിലക്കുകളുടെ ഒരു വേലിയേറ്റം തന്നെ. “നീ ഇപ്പോള്‍ എന്തിനാ ഇങ്ങോട്ട് വരുന്നത്.... നീ അവിടെപ്പോയി എങ്ങനാ ജീവിക്കുന്നത്. നിങ്ങള്‍ രണ്ട ാളും രണ്ട ിടത്ത്... ശരിയാകില്ല.... പിന്നെ കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം അവിടെയല്ലേ.... ഓരോരുത്തര്‍ അങ്ങോട്ടു വരാന്‍ നൊയമ്പു നോറ്റിരിക്കുമ്പോഴാ.... നീ... ആ അപൂര്‍ണ്ണത ഒത്തിരി പറയുന്നു. ഇതുവരെ സ്വന്തമെന്നു കരുതിയിരുന്ന അധികമില്ലാത്ത അപ്പന്റെ സ്വത്തിന്മേല്‍ അവകാശം സ്ഥാപിക്കാനുള്ള വരവോ...? ആരുടെയും സ്വസ്ഥത നഷ്ടപ്പെടേണ്ട . ഒരു കാതം പുറകിലേക്ക്.....’

സിസിലി വിജയിയെപ്പോലെ ചിരിച്ചു. “”കണ്ടേ ാ ഒരു വീടു വെയ്ക്കണമെന്നു പറഞ്ഞപ്പോള്‍ എല്ലാവരുടെയും മട്ടുമാറി. അച്ചാച്ചന് പ്രായോഗിക ജീവിതം അറിയില്ല. കാഴ്ചയല്ല ജീവിതം. ഏതെങ്കിലും കാരണവശാല്‍ ജീവിതം പരാജയപ്പെട്ടാല്‍... ആയിരം കണ്ണുകള്‍ നോക്കിയിരിക്കുകയാണ്... ഞാന്‍ അന്നേ പറഞ്ഞതല്ലേ.... എല്ലാവരും നമ്മെ പഴിക്കും. പിന്നെ അച്ചാച്ചനു നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ വരാം. പോകുമ്പോള്‍ നമ്മള്‍ ഒന്നിച്ച്.... ഞാനും പിള്ളാരും മാത്രം.... അതുവേണ്ട .....’’

അവള്‍ വീണ്ട ും ചെക്കു തന്നിരിക്കുന്നു. ഇനി രാജാവിന് എങ്ങോട്ടും നീങ്ങാന്‍ അവസരമില്ല. ഒരു തിരിച്ചു പോക്ക് പലരാല്‍ തടയപ്പെടുന്നു. ഗര്‍ഭപാത്രത്തില്‍ നിന്നും തള്ളപ്പെട്ടവന് അവിടേക്ക് തിരിച്ചു പ്രവേശനമില്ലാത്തപോലെ. താന്‍ തിരസ്കരിക്കപ്പെടുകയാണോ?

“”നമ്മുടെ ഇല്ലായ്മകളുമായി നമുക്ക് ഇവിടെ കൂടാം... പരാജയപ്പെട്ടാല്‍, ഒരു പുതു ജീവിതം കൈപ്പിടിയില്‍ ഒതുക്കാന്‍ നാം ശ്രമിച്ചു എന്നൂറ്റം കൊള്ളാമല്ലോ...! അവള്‍ ഉപദേശിക്കുകയാണ്. ഉപദേശിക്കുന്നവള്‍ അറിയുന്നുണ്ടേ ാ ഇവിടുത്തെ നിറക്കൂട്ടുകള്‍ ക്രമേണ നിറം മങ്ങിക്കൊണ്ട ിരിക്കും എന്ന്. ഒരു ജീവിതകാലം മുഴുവന്‍ നിനക്ക് ഡയപ്പറുകളിലെ മാലിന്യങ്ങളില്‍ ജീവിക്കേണ്ട ിവരും. മോചനമില്ലാത്ത ഒരു നരകത്തിലാണ് നാം അകപ്പെട്ടിരിക്കുന്നത്. നമ്മുടെ ജീവിതം നമുക്ക് തീരുമാനിക്കാം. അവരുടെ സ്വാര്‍ത്ഥത നമുക്ക് നരകം പണിയുന്നു. നാം അതിനു വഴങ്ങണമോ.... അയാള്‍ അവളെ ബോധവത്ക്കരിക്കാന്‍ ശ്രമിച്ചു. പക്ഷേ അവള്‍ പറഞ്ഞു കുറച്ചുകൂടി കഴിയട്ടെ. പിള്ളാര്‍ വലുതാകട്ടെ... അപ്പോള്‍ നമുക്ക് പോകാം.... വരാന്‍ പോകുന്ന കാലം, വിതയ്ക്കുന്നതൊക്കെയും വിളവാകുന്ന ഒരു കാലം. ജോസ് ദീര്‍ഘമായി നിശ്വസിച്ചു.’’

വരുമാനവും ചെലവും ഒത്തുപോകുന്നില്ല. വീടു വാങ്ങിയതൊരബദ്ധമായോ? നാലു കിടപ്പു മുറികളുള്ള വീട് ഒരു സ്വര്‍ക്ഷം മാതിരി കുട്ടികളും സിസിലിയും ആസ്വദിച്ചു. പക്ഷേ പലരോടും വാങ്ങിയ കടം തിരിച്ചടയ്‌ക്കേണ്ട ിയിരിക്കുന്നു. എല്ലാം നടക്കും. ഒരു ആത്മവിശ്വാസം. ജീവിതം മുന്‍വിധികളില്ലാതെ അങ്ങു ജീവിക്കുക. എല്ലാം ചേരേണ്ട തു പോലെ ചേരട്ടെ... ഈ വീടും തന്നിലേക്ക് ചേര്‍ക്കപ്പെട്ടതാണ്. താന്‍ ജനിക്കുന്നതിനുമുമ്പ് തനിക്കായി ചേര്‍ക്കപ്പെട്ടത്. തനിക്കു ശേഷവും ഇതിന് അവകാശികള്‍ ഉണ്ട ാകില്ലേ.... അവകാശം എന്തവകാശം. മോര്‍ഗേജ് കൃത്യമായി അടയുന്നില്ല. കണക്കു കൂട്ടലിലെ പിഴവാണോ? അല്ലെങ്കില്‍ ഒന്നും കണക്കില്ലാതിരുന്നതാകാം....

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക