Image

ആര്‍.എസ്.എസ് നിലപാട് മാറ്റിയതു കൊണ്ടാണോ അമൃതാനന്ദമയിയും നിലപാട് മാറ്റിയതെന്നു കോടിയേരി

Published on 22 January, 2019
ആര്‍.എസ്.എസ് നിലപാട് മാറ്റിയതു കൊണ്ടാണോ അമൃതാനന്ദമയിയും നിലപാട് മാറ്റിയതെന്നു കോടിയേരി
തിരുവനന്തപുരം: അമൃതാനന്ദമയി മഠം രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല സ്ത്രീ പ്രവേശനത്തിനനുകൂലമായി 11 വര്‍ഷം മുമ്പ് അമൃതാനന്ദമയി നിലപാട് എടുത്തിട്ടുണ്ട്. ആര്‍.എസ്.എസ് നിലപാട് മാറ്റിയതു കൊണ്ടാണോ അമൃതാനന്ദമയിയും നിലപാട് മാറ്റിയതെന്നും കോടിയേരി ചോദിച്ചു. അമൃതാനന്ദമയി എന്തിനാണ് അയ്യപ്പ ഭക്തസംഘമം പരിപാടിയില്‍ പങ്കെടുത്തത്. ഇത്തരത്തിലുള്ള മഹത് വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

കേരളം ഗുജറാത്താക്കി മാറ്റാനാണ് മഠത്തിലുള്ളവരെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത്. മഠത്തിനെതിരെ സി.പി.എം നിലപാട് എടുത്തിട്ടില്ല. അമൃതാനന്ദമയി നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവരുടെ അടുത്ത് പല പ്രായത്തിലുള്ളസ്ത്രീകളും പുരുഷന്മാരും പോകുന്നതല്ലേ എന്നിട്ട് അവരുടെ ബ്രഹ്മചര്യത്തിന് എന്തെങ്കിലും സംഭവിച്ചോയെന്നും കോടിയേരി ചോദിച്ചു. മഠം പരിപാടിയില്‍ പങ്കെടുത്തതിനാലാണ് അവരെ തുറന്ന് കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയ്യപ്പ ഭക്ത സംഗമമല്ല കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഗമമാണ് നടന്നത്. ചിദാനന്ദപുരി കമ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗമാണ് നടത്തിയത്. ചിദാനന്ദപുരി ബിജെപിയില്‍ ചേര്‍ന്നാല്‍ ശ്രീധരന്‍ പിള്ളയുടെ പ്രസിഡന്റ്സ്ഥാനം പോകും. ഇന്ത്യ മതാതിഷ്ഠിത രാജ്യമാക്കണമെന്നാണ് പഴയ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. അയ്യപ്പ സംഗമം അയ്യപ്പന് വേണ്ടി സംഘടിപ്പിച്ചതല്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.

ശബരിമലയില്‍ ഒരു സ്ത്രീയല്ല പല സ്ത്രീകളും കയറി. ശബരിമലയിലെ സ്ത്രീ പ്രവേശനം മുഖ്യമന്ത്രി എടുത്ത തീരുമാനമാണോയെന്നും കോടിയേരി ചോദിച്ചു. കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇരട്ടപെറ്റ സഹോദരന്മാരാണ്. പ്രധാനമന്ത്രി കേരളത്തിലെത്തിയിട്ട് കോണ്‍ഗ്രസിനെ ഒന്നും പറഞ്ഞില്ല. കോണ്‍ഗ്രസ് തിരിച്ചും ഒന്നും പറഞ്ഞില്ല. സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരെ പോലും പിടിച്ച് നിര്‍ത്താനാകാത്ത അവസ്ഥയിലാണ് ബി.ജെ.പിയെന്നും കോടിയേരി പരിഹസിച്ചു. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക