Image

അഞ്ച് മണ്ഡലങ്ങളില്‍ പ്രതീക്ഷ വെച്ച് ബിജെപി; നിര്‍മ്മലാ സീതാരാമന്‍ തിരുവനന്തപുരത്തും സുരേഷ് ഗോപി പത്തനംതിട്ടയിലും മത്സരിക്കും

Published on 22 January, 2019
അഞ്ച് മണ്ഡലങ്ങളില്‍ പ്രതീക്ഷ വെച്ച് ബിജെപി; നിര്‍മ്മലാ സീതാരാമന്‍ തിരുവനന്തപുരത്തും സുരേഷ് ഗോപി പത്തനംതിട്ടയിലും മത്സരിക്കും

ശബരിമല പ്രക്ഷോഭം വലിയ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരത്തിനിറങ്ങുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ. ഈ മണ്ഡലങ്ങളില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണം സാധ്യമാകുമെന്നതാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഇതില്‍ ഏറ്റവും പ്രതീക്ഷ കല്പിക്കപ്പെടുന്നത് തിരുവനന്തപുരവും പത്തനംതിട്ടയുമാണ്. ശബരിമല വിഷയം ഭക്തരുടെ ഇടയില്‍ സൃഷ്ടിച്ച വൈകാരികത തന്നെ പ്രതീക്ഷയ്ക്ക് കാരണം. 
തിരുവനന്തപുരത്ത് ശശിതരൂരിന് എതിരാളിയായി കേന്ദ്രമന്ത്രി നിര്‍മല സിതാരാമനെ തന്നെ രംഗത്തിറക്കാം എന്നതാണ് ബിജെപിയുടെ ഇപ്പോഴത്തെ ആലോചന. ഓഖി ദുരന്തമുണ്ടായ സമയത്ത് കേരളത്തിലേക്ക് ഓടിയെത്തി സ്വാന്തനമേകിയപ്പോഴാണ് നിര്‍മല സീതാരാമന്‍ എന്ന പ്രതിരോധ മന്ത്രി കേരളത്തിന്‍റെ സ്നേഹം നേടിയത്. അന്ന് മുതല്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രമന്ത്രിമാരില്‍ ഒരാളാണ് നിര്‍മല സീതാരാമന്‍. മികച്ച വാഗ്മിയും സംഘാടകയും കൂടിയായ നിര്‍മലയെ എത്തിച്ചാല്‍ ശശി തൂരൂരിനെ പരാജയപ്പെടുത്താം എന്നാണ് കണക്കുകൂട്ടല്‍. നിര്‍മല സീതാരാമന്‍ തിരുവനന്തപുരം സ്വീകരിച്ചില്ലെങ്കില്‍ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കും. അല്ലെങ്കില്‍ സുരേഷ്ഗോപിക്ക് പത്തനംതിട്ടയാകും നല്‍കുക. സുരേഷ് ഗോപി മത്സരിച്ചാല്‍ പത്തനംതിട്ട പിടിച്ചെടുക്കാം എന്ന പ്രതീക്ഷയുണ്ട്. പത്തനംതിട്ടയിലെ പ്രമുഖ ക്രിസ്ത്യന്‍ സഭയായ മര്‍ത്തോമാ സഭയുമായും ആദരണീയനായ ക്രിസോസ്റ്റം പിതാവുമായും സുരേഷ് ഗോപിക്കുള്ള ബന്ധം അനുകൂല ഘടകമാകുമെന്നാണ് പ്രതീക്ഷ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക