Image

പുണ്യദര്‍ശനം (വിഷു കവിത: ജോസ്‌ ഓച്ചാലില്‍)

Published on 13 April, 2012
പുണ്യദര്‍ശനം (വിഷു കവിത: ജോസ്‌ ഓച്ചാലില്‍)
വിഷുപ്പക്ഷികള്‍ പാടിപ്പറക്കുന്നു തൊടികളില്‍
വിളഞ്ഞു വിലസുന്നു പൊന്‍കതിര്‍ വയലുകള്‍
വസന്തത്തിന്‍ ചിരിതൂകി നില്‌ക്കും പൂക്കളെങ്ങും
വരുമൊരു ഉത്സവപ്രതീതി ഉയര്‍ത്തും നാട്ടിലെങ്ങും

കണിക്കൊന്ന പൊന്നിന്‍ കസവുടുത്തൊരുങ്ങുന്നു
കായ്‌കറി തോട്ടങ്ങള്‍ നല്‍ഫലങ്ങളാല്‍ നിറയുന്നു
കഴിഞ്ഞുപോയൊരു വിഷുപ്പുലരിതന്‍ ഓര്‍മ്മയില്‍
കൊച്ചുകുട്ടികള്‍ അടക്കംപറഞ്ഞ്‌ പൊട്ടിച്ചിരിക്കുന്നു

മേടമാസം പൊട്ടി വിരിയും പൊന്‍ പുലരിയിതില്‍
മോദമാണാര്‍ക്കും വിഷുപ്പുലരിതന്‍ വിഷുകൈനീട്ടം
മാധവന്‍ കണ്ണനുണ്ണിതന്‍ സമ്മോഹനരൂപം ചേലില്‍
മനസില്‍ തേന്‍മഴപൊഴിക്കും സൗഭാഗ്യ പുണ്യദിനം

കണ്ണന്റെ മുരളികയില്‍ കാളിന്ദീതീരം തരളിതമായി
കുളിരണിഞ്ഞു ഗോക്കളും ഗോപാലപാലരുമൊരുപോല്‍
കാമുകി പ്രിയ രാധയോ പ്രേമപരവശയായ്‌ത്തീര്‍ന്നു
കണ്ണന്റെ ലീലാ വിലാസങ്ങള്‍ ബഹുവിധം മധുരതരം

പുണ്യദര്‍ശനം സായൂജ്യമേകുമേവര്‍ക്കും മേടപ്പുലരിയില്‍
പാപരോഗ ദാരിദ്ര്യസന്താപ പീഢകളൊക്കെ മറക്കുവാന്‍
പണ്ട്‌ തൊട്ട്‌ നാളെത്രയായി ഗുരുകാര്‍ണവന്മാര്‍ നടത്തും
പുണ്യദര്‍ശനം ഈ വിഷുക്കണി തുടരും ലോകമെങ്ങുമേ.
പുണ്യദര്‍ശനം (വിഷു കവിത: ജോസ്‌ ഓച്ചാലില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക