Image

ഹിന്ദു - മുസ്‌ലിം വിവാഹം: ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു

Published on 23 January, 2019
ഹിന്ദു - മുസ്‌ലിം വിവാഹം: ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു


ന്യൂഡല്‍ഹി : ഹിന്ദു സ്‌ത്രീയും മുസ്‌ലിം പുരുഷനും തമ്മിലുള്ള വിവാഹം ക്രമരഹിതമാണെങ്കിലും ജനിക്കുന്ന കുഞ്ഞിന്‌ നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. തിരുവനന്തപുരം സ്വദേശികളായ മുഹമ്മദ്‌ ഇല്യാസിന്റെയും വള്ളിയമ്മയുടെയും മകന്‍ ഷംസുദ്ദീന്റെ സ്വത്തവകാശം സംബന്ധിച്ച ഹര്‍ജിയിലാണു ജഡ്‌ജിമാരായ എന്‍.വി. രമണ, മോഹന്‍ എം. ശാന്തനഗൗഡര്‍ എന്നിവരുടെ ബെഞ്ചിന്റെ വിധി.

മുസ്‌ലിം പുരുഷനും വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്ന ഹിന്ദു സ്‌ത്രീയും തമ്മിലുള്ള വിവാഹം ക്രമരഹിതമാണ്‌. സ്‌ത്രീക്ക്‌ ജീവനാംശം കിട്ടുമെങ്കിലും ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമുണ്ടായിരിക്കില്ലെന്നതാണ്‌ ഇത്തരം വിവാഹത്തിന്റെ നിയമപരമായ ഫലം.

എന്നാല്‍ ഈ വിവാഹത്തില്‍ ജനിക്കുന്ന കുഞ്ഞിന്‌, സാധുതയുള്ള വിവാഹത്തിലേതെന്ന പോലെ നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ട്‌, പിതാവിന്റെ സ്വത്തിലുള്‍പ്പെടെ. മറിച്ച്‌, സാധുതയില്ലാത്ത വിവാഹത്തില്‍ കക്ഷികള്‍ക്കു തമ്മില്‍ സിവില്‍ അവകാശങ്ങളും ബാധ്യതകളുമില്ല. അതുകൊണ്ടു തന്നെ, ജനിക്കുന്ന കുഞ്ഞിന്‌ നിയമപരമായ അവകാശങ്ങളുമില്ല. മുസ്‌ലിം നിയമപ്രകാരം വിവാഹം സിവില്‍ കരാറാണ്‌. മൂന്നു തരം വിവാഹങ്ങളുണ്ട്‌ സാധുതയുള്ളത്‌, ക്രമരഹിതമായിട്ടുള്ളത്‌, നിലവിലില്ലാത്തത്‌.

ഇസ്‌ലാമിക നിയമതത്വങ്ങളെയാണ്‌ ഹൈക്കോടതി ആശ്രയിച്ചത്‌. നിലനില്‍ക്കാത്ത വിവാഹം അതിനാല്‍ തന്നെ നിയമവിരുദ്ധമാണ്‌. അസാധുവായ വിവാഹം നിയമവിരുദ്ധമാകണമെന്നില്ല. വിവാഹത്തെ അസാധുവെന്നു കരുതുന്നത്‌ നിയമവിരുദ്ധമായതിനാലല്ല, സാക്ഷികളില്ലെന്നതു പോലെയുള്ള കാരണങ്ങളാലാണ്‌.

ഇല്യാസിന്റെ ബന്ധുക്കള്‍ വാദിച്ചത്‌ വിവാഹസമയത്ത്‌ വള്ളിയമ്മ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നില്ലെന്നും അതിനാല്‍ നിയമപരമായ ഭാര്യയല്ലെന്നുമാണ്‌. അക്കാരണത്താല്‍ കുട്ടിക്ക്‌ പിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്നും. വള്ളിയമ്മ, ഇല്യാസിന്റെ ഭാര്യയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും ജനന റജിസ്റ്റര്‍ രേഖകളില്‍ ഷംസുദ്ദീനെ അവരുടെ മകനെന്നു തന്നെയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക