Image

നവജാതശിശു അടക്കം കുടുംബത്തിലെ 4 പേര്‍ മരിച്ചനിലയില്‍; ഒരാള്‍ അബോധാവസ്ഥയില്‍

Published on 23 January, 2019
നവജാതശിശു അടക്കം   കുടുംബത്തിലെ 4 പേര്‍ മരിച്ചനിലയില്‍; ഒരാള്‍ അബോധാവസ്ഥയില്‍

ഭോപ്പാല്‍:  12ദിവസം പ്രായമുള്ള നവജാതശിശു അടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചനിലയില്‍. അതേസമയം കുടുംബത്തിലുള്ള ഒരാളെ അബോധാവസ്ഥയിലും കണ്ടെത്തി. മധ്യപ്രദേശിലെ റെയ്‌സെന്‍ ജില്ലയിലെ വീട്ടില്‍ ചൊവ്വാഴ്‌ച വൈകുന്നേരമാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.

പൂര്‍ണിമ ഭുരിയ(20), ഇവരുടെ 12 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്‌, പൂര്‍ണിമയുടെ മാതാവ്‌ ദീപ്‌ ലതാ ധീമര്‍(40), പൂര്‍ണിമയുടെ സഹോദരന്‍ ആകാശ്‌(12) എന്നിവരെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. അബോധാവസ്ഥയിലായിരുന്ന പൂര്‍ണിമയുടെ ഭര്‍ത്താവ്‌ സഞ്‌ജു ഭുരിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

സഞ്‌ജുവിന്റെ അയല്‍ക്കാരനായ നിതിന്‍ ചൗഹാനാണ്‌ ആദ്യം പോലീസില്‍ വിവരമറിയിച്ചത്‌. ഫോണില്‍ സഞ്‌ജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട്‌ ആരും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ്‌ നിതിന്‍ പോലീസില്‍ വിവരമറിയിച്ചത്‌. തുടര്‍ന്ന്‌ സ്ഥലത്തെത്തിയ പോലീസ്‌ വാതില്‍ പൊളിച്ചാണ്‌ വീടിനുള്ളില്‍ കടന്നത്‌. ഭോപ്പാലില്‍ നിന്നും 22 കി.മി അകലെയുള്ള മന്ദീപിലെ ഫാക്ടറി ജീവനക്കാരനാണ്‌ സഞ്‌ജു.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്‌. കാര്‍ബണ്‍ മോണോക്‌സൈഡ്‌ അമിതമായി ശ്വസിച്ചതാവാം മരണകാരണമെന്നാണ്‌ പോലീസിന്റെ പ്രാഥമികനിഗമനം. വീട്ടിനുള്ളില്‍ കല്‍ക്കരി ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്ന റൂം ഹീറ്റര്‍ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ കിട്ടിയശേഷം മാത്രമേ മരണകാരണം അറിയാന്‍ കഴിയുകയുള്ളൂവെന്ന്‌ പോലീസ്‌ പറഞ്ഞു.

അതേസമയം തിങ്കളാഴ്‌ച വൈകുന്നേരമാണ്‌ വീട്ടുകാരെ പുറത്തേക്ക്‌ കണ്ടതെന്നും അതിനുശേഷം ആരേയും കാണാന്‍ കഴിഞ്ഞില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. ചൊവ്വാഴ്‌ച വൈകുന്നേരമായിട്ടും ആരേയും പുറത്തുകാണാത്തതിനെ തുടര്‍ന്ന്‌ വാതില്‍ തട്ടി പലതവണ വിളിച്ചുനോക്കി. എന്നാല്‍ ആരും പുറത്തുവരികയോ വിളികേള്‍ക്കുകയോ ചെയ്‌തില്ല. തുടര്‍ന്ന്‌ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നുവെന്നും അയല്‍ക്കാര്‍ വ്യക്തമാക്കി.

നവജാതശിശുവിനേയും മകളേയും പരിചരിക്കാനാണ്‌ പൂര്‍ണിമയുടെ അമ്മയും സഹോദരനും മഹാരാഷ്ട്രയില്‍ നിന്നും ഏതാനും ദിവസം മുമ്‌ബ്‌ ഇവിടെ എത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക