Image

അമൃതാനന്ദമയി അയ്യപ്പ ഭക്തസംഗമത്തില്‍ പങ്കെടുത്തതിനെതിരെ മുരളീധരന്‍

Published on 23 January, 2019
അമൃതാനന്ദമയി അയ്യപ്പ ഭക്തസംഗമത്തില്‍ പങ്കെടുത്തതിനെതിരെ മുരളീധരന്‍

കൊല്ലം: അമൃതാനന്ദമയി അയ്യപ്പ ഭക്തസംഗമത്തില്‍ പങ്കെടുത്തതിനെതിരെ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. മുരളീധരന്‍. അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കാന്‍ പാടില്ലാത്തവര്‍ പങ്കെടുത്തു. പാല്‍പ്പായസം കോളാമ്പിയിലൂടെ ഒഴുകുന്നതുപോലെയായിരുന്നു അമൃതാനന്ദമയിയുടെ പ്രസംഗമെന്നും മുരളീധരന്‍ പറഞ്ഞു.

പുത്തരിക്കണ്ടം മൈതാനത്ത്‌ അയ്യപ്പകര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമം ഉദ്‌ഘാടനം ചെയ്‌തത്‌ അമൃതാനന്ദമയിയായിരുന്നു.

ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ആചാരങ്ങളില്ലെങ്കില്‍ ക്ഷേത്രങ്ങള്‍ നൂല്‌ പൊട്ടിയ പട്ടങ്ങള്‍ പോലെയാകുമെന്നുമാണ്‌ ചടങ്ങില്‍ പങ്കെടുത്ത്‌ അമൃതാനന്ദമയി പറഞ്ഞത്‌. ആചാരങ്ങളെയും ക്ഷേത്രസങ്കല്‍പങ്ങളെയും കുറിച്ച്‌ അറിവില്ലാത്തവരാണ്‌ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌.

ദൈവങ്ങള്‍ക്ക്‌ സ്‌ത്രീ പുരുഷവ്യത്യാസമില്ല. എന്നാല്‍ ദൈവങ്ങള്‍ക്കും ക്ഷേത്രപ്രതിഷ്‌ഠയ്‌ക്കും വ്യത്യാസമുണ്ട്‌. കടലിലെ മത്സ്യവും അക്വേറിയത്തിലെ മത്സ്യവും തമ്മിലുള്ള വ്യത്യാസമാണത്‌. സമുദ്രത്തിലെ മത്സ്യത്തിന്‌ ഒരു പരിചരണവും വേണ്ട. എന്നാല്‍ അക്വേറിയത്തിലെ മത്സ്യങ്ങള്‍ക്ക്‌ ഇടയ്‌ക്ക്‌ വെള്ളം മാറ്റിക്കൊടുക്കണം. ഓക്‌സിജന്‍ കിട്ടാന്‍ സംവിധാനമൊരുക്കണം. ഭക്ഷണം കൊടുക്കണമെന്നും അമൃതാനന്ദമയി പറഞ്ഞിരുന്നു.

നദിയില്‍ ആര്‍ക്കും എങ്ങിനെയും കുളിക്കാം. എന്നാല്‍ സ്വിമ്മിംഗ്‌ പൂളില്‍ കുളിക്കുന്നതിന്‌ നിയമങ്ങളേറെയുണ്ട്‌. അതിലിറങ്ങുന്നതിന്‌ മുമ്പ്‌ കുളിക്കണം. പ്രത്യേകവസ്‌ത്രങ്ങള്‍ ധരിക്കണം. സോപ്പും എണ്ണയും ഉപയോഗിക്കരുത്‌. എന്നാല്‍ രണ്ടിടത്തേയും വെള്ളം ഒന്നുതന്നെയാണ്‌. അതുപോലെയാണ്‌ ദൈവവും ക്ഷേത്രപ്രതിഷ്‌ഠയും അതിലെ ആചാരങ്ങളുമെന്നും അവര്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക