Image

ദിലീപിന്‌ മറുപടി നല്‍കാന്‍ സുപ്രീം കോടതി സാവകാശം നല്‍കി

Published on 23 January, 2019
ദിലീപിന്‌ മറുപടി നല്‍കാന്‍ സുപ്രീം കോടതി സാവകാശം നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സത്യവാങ്‌മൂലത്തിന്‌ മറുപടി നല്‍കാന്‍ ഒരാഴ്‌ച കൂടി സമയം നല്‍കണമെന്നാവശ്യപ്പെട്ട പ്രതി ദിലീപിന്‌ സുപ്രീംകോടതി സാവകാശം അനുവദിച്ചു. സുപ്രീം കോടതിയില്‍ സാവകാശം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ്‌ കോടതി മറുപടിക്ക്‌ സാവകാശം നല്‍കിയത്‌. ഇന്ന്‌ പരിഗണിക്കാനിരിക്കെ ഒരാഴ്‌ചത്തേക്ക്‌ മാറ്റി വെയ്‌ക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.

ദിലീപിന്‌ സാവകാശം അനുവദിക്കുകയാണെങ്കില്‍ കേസ്‌ ഫെബ്രുവരി അവസാന വാരം മാത്രമേ പരിഗണിക്കാവൂ എന്ന്‌ സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. ഇതും സുപ്രീം കോടതി അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസ്‌ ഫെബ്രുവരി അവസാന വാരത്തിലേക്ക്‌ സുപ്രീം കോടതി മാറ്റിവെച്ചു.

ദിലീപിന്‌ വേണ്ടി അഭിഭാഷക രഞ്‌ജീത റോത്തഗിയാണ്‌ സുപ്രീം കോടതിയില്‍ ഹാജരായത്‌. കേസില്‍ ദിലീപിനായി ഹാജരാകുന്ന മുകുള്‍ റോത്തഗിക്കും ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന്‌ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അപേക്ഷ ജസ്റ്റിസ്‌ എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ്‌ പരിഗണിച്ചത്‌.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്‌ ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ്‌ കൂടുതല്‍ സമയം ആവശ്യപ്പെട്ടുളള അപേക്ഷ. ദൃശ്യങ്ങള്‍ ദിലീപിന്‌ നല്‍കാന്‍ ആകില്ലെന്നും ഇത്‌ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും, അവരെ അപകീര്‍ത്തിപെടുത്താന്‍ ദിലീപ്‌ ഉപയോഗിക്കുമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു. അതിന്‌ മറുപടി നല്‍കാനാണ്‌ ദിലീപ്‌ കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്‌.

നടിയെ ഉപദ്രവിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ ഒരുവര്‍ഷമായിട്ടും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. ദിലീപ്‌ അടക്കമുളള മുഖ്യപ്രതികള്‍ നിരന്തര ഹര്‍ജികളുമായി നടപടികള്‍ തടസപ്പെടുത്തുകയാണെന്ന്‌ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പലകുറി ഇത്‌ ഹൈക്കോടതിയേയും അറിയിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക