Image

'ഓപ്പറേഷന്‍ തണ്ടര്‍'; കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍, പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ വിജിലന്‍സിന്റെ നിര്‍ദേശം

Published on 23 January, 2019
'ഓപ്പറേഷന്‍ തണ്ടര്‍'; കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍, പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ വിജിലന്‍സിന്റെ നിര്‍ദേശം
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കഴിഞ്ഞ ദിവസം 'ഓപ്പറേഷന്‍ തണ്ടര്‍' എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ കണ്ടെത്തിയത് വന്‍ക്രമക്കേടുകള്‍. ഇതേതുടര്‍ന്ന് പോലീസുകാര്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ വിജിലന്‍സ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

അനധികൃതമായി സ്റ്റേഷനുകളില്‍ സ്വര്‍ണവും കഞ്ചാവും സൂക്ഷിച്ചതിനാണ് നടപടി. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചു. ക്രമക്കേടുകള്‍ കണ്ടെത്തിയ കോഴിക്കോട് ടൗണ്‍, ബേക്കല്‍, അടിമാലി സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നേരെ നടപടിയെടുക്കാനും വിജിലന്‍സ് നിര്‍ദേശിച്ചു.സംസ്ഥാനത്തെ 53 പോലീസ് സ്റ്റേഷനുകളിലാണ് കഴിഞ്ഞദിവസം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. മിന്നല്‍ പരിശോധനയില്‍ കാസര്‍കോട് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ബേക്കല്‍ സ്റ്റേഷനില്‍ എസ്.ഐയുടെ മേശയില്‍ അനധികൃതമായി 29 കവറുകളില്‍ സൂക്ഷിച്ച 250ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം 12.7ഗ്രാം സ്വര്‍ണവും അഞ്ച് മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. അതേസമയം കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ നിന്ന് 11.52ഗ്രാം സ്വര്‍ണവും 4,223 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും 11 പെറ്റീഷനുകളുമാണ് കണ്ടെത്തിയത്.

ഇതുകൂടാതെ അനധികൃതമായി പിടിച്ചിട്ട നൂറോളം വാഹനങ്ങളും രേഖകളും വിജിലന്‍സ് കണ്ടെത്തിയിരുന്നു. പോലീസുകാര്‍ക്ക് ക്വാറി മാഫിയകളുമായി ബന്ധമുണ്ടെന്നും പണമിടപാടു കേസുകളിലും വാഹനാപകട കേസുകളിലും ശരിയായ അന്വേഷണം നടത്തുന്നില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു മിന്നല്‍ പരിശോധന. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക