Image

ലിനി... ഫൊക്കാന നൈറ്റിംഗേല്‍... പ്രവാസി സമൂഹത്തിന്റെ ആദ്യ പുരസ്‌കാരം

അനില്‍ പെണ്ണുക്കര Published on 23 January, 2019
ലിനി... ഫൊക്കാന നൈറ്റിംഗേല്‍... പ്രവാസി സമൂഹത്തിന്റെ ആദ്യ പുരസ്‌കാരം
'സജീഷേട്ടാ, am almost on the way.
നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry...
നമ്മുടെ മക്കളെ നന്നായി നോക്കണേ...
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടു പോകണം...
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please...with lots of love

(നിപ്പാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് മരിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു ലിനി മരണത്തോട് മല്ലിടുമ്പോള്‍ ഭര്‍ത്താവിനെഴുതിയ കുറിപ്പ് )

ഫൊക്കാന കേരളത്തിലെ നേഴ്‌സിങ് മേഖലയ്ക്ക് ഏര്‍പ്പെടുത്തിയ നൈറ്റിംഗേല്‍ പുരസ്‌കാരം നിപ വൈറസ് ബാധ ഉണ്ടായ സമയത്ത് രോഗികളെ പരിചരിക്കവേ വൈറസ് ബാധയേറ്റ് മരണം വരിച്ച ലിനിക്ക് നല്‍കി ആദരിക്കുന്നു. നിരവധി ആദരവുകള്‍ മരണാന്തര ബഹുമതിയായി
ലഭിച്ചിട്ടുണ്ടെങ്കിലും ഒരു പക്ഷെ പ്രവാസി സമൂഹത്തില്‍ നിന്നും ലിനിക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരമാണ് 'ഫൊക്കാന നൈറ്റിംഗേല്‍' അവാര്‍ഡ് .

മലയാളത്തിന്റെ നൈറ്റിംഗേല്‍ ആണ് ലിനി ...
ഫ്ളോറന്സ് നൈറ്റിഗേലിന്റെ കൈയിലെ ദീപശിഖയ്ക്ക് എന്തൊരു വെളിച്ചമാണ്.! കാഴ്ചകളെ കൂടുതല് സൂതാര്യമാക്കിയും ചുറ്റുപാടുകളെ കൂടുതല് പ്രകാശിപ്പിച്ചും നൈറ്റിംഗേല് കടന്നുപോയത് ചരിത്രത്തിലേക്കാണ്..
അത് പോലെ തന്നെയാണ് ലിനിയും ..
ഓരോ നേഴ്സുമാര്‍ക്കും പ്രചോദനം നല്‍കിക്കൊണ്ട് ഒരു യാത്ര.

മലയാളി ഉള്ള കാലത്തോളം ലിനി എന്ന് കേള്‍ക്കുമ്പോള്‍ ആ ചിരിക്കുന്ന മുഖം ഓര്‍മ്മ വരും .യുദ്ധങ്ങളുടെ ഒരു ഭൂമികയില് മുറിവേറ്റവരെ ശുശ്രൂഷിച്ചും കരുതലോടെ സമീപിച്ചും സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും പുതിയൊരു സുവിശേഷം ലോകത്തിന് നല്കുകയായിരുന്നു ഫ്ളോറന്സ് നൈറ്റിംഗേല്‍ എങ്കില്‍ യുദ്ധ സമാനമായ അന്തരീക്ഷത്തില്‍ മറ്റൊരു സുവിശേഷം ലോകത്തിനു നല്‍കുകയായിരുന്നു ലിനിയും. അന്ന് ഫ്ളോറന്സിന്റെ കൈയിലുണ്ടായിരുന്ന ആ ദീപനാളം ഇന്ന് കൈയില്‍ മുറുകെ പിടിച്ചിരിക്കുന്നത് നമ്മുടെ നേഴ്സുമാരാണ്.

ജീവന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയുന്നവള്‍. കാര്‍ഡിയാക് മോണിറ്ററിന്റെയും വെന്റിലേറ്ററിന്റെയും സിറിഞ്ച് പമ്പുകളുടെയും വെറും കാവല്‍ക്കാരല്ല; ജീവന്റെ തുടിപ്പുകള്‍ നിലച്ചു പോവാതെ കണ്ണിമവെട്ടാതെ കാവലിരിക്കുന്ന മാലാഖ. ജീവന്‍ തിരിച്ചു കിട്ടിയവര്‍ സന്തോഷത്തിന്റെ ജീവിതത്തിരക്കില്‍ ഇവളെ മറന്നുകാണാം. അപ്പോഴും അടുത്ത ജീവന് കാവലിരിപ്പുണ്ടാകും ഭൂമിയിലെ ഈ ദൈവപുത്രി; സ്വജീവന്‍ എരിഞ്ഞില്ലാതാവുന്നത് പോലും ഓര്‍ക്കാതെ. അവളിലൊരാളാണ് പേരാമ്പ്രയിലെ ലിനി സജീഷ്. അന്യന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചിട്ടും ആ ദേഹിയെ അവനവന്റെ കുടുംബത്തിലേക്ക് മടക്കിയയക്കാന്‍ പോലും വിലക്കുന്ന ലോകം. ഇനിയുമുണ്ടാകാതിരിക്കട്ടെ ലിനിമാര്‍.

നിപയും മറ്റ് പകര്‍ച്ച പനികളും ടിബിയും എച്ച്ബിഎസ്എജിയും എച്ച്സിവിയും എച്ച്ഐവിയും ചിക്കന്‍പോക്സും തുടങ്ങി പിടിവിടാതെ തുടരുന്ന രോഗങ്ങളുമായി വരുന്നവരോട് വിവേചനം കാണിക്കുവാനുള്ള മനസല്ല ഇവരുടേത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പോലും സര്‍ക്കാര്‍ അനുവദിച്ച സുരക്ഷാ സംവിധാനങ്ങളെല്ലാം ഡോക്ടര്‍മാരായിരുന്നു ഉപയോഗിച്ചിരുന്നത്. രോഗിക്കൊപ്പം കൂടുതല്‍ ഇടപഴുകേണ്ടി വരുന്ന നഴ്സിന് എന്‍ 95 മാസ്‌ക് പോലും നല്‍കിയില്ലെന്നതാണ് വാസ്തവം. എന്നിട്ടും നഴ്സിന്റെ മനസ് രോഗിയോടൊപ്പമായിരുന്നു. അവരുടെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു. നഴ്സിന്റെ മനസ് ദുഷിച്ചതായിരുന്നുവെങ്കില്‍ ആതുരാലയങ്ങള്‍ മരണാലയങ്ങളായി മാറിയേനെ. ഒരാള്‍ കാര്‍പ്പിച്ചു തുപ്പുന്നത് കണ്ടാല്‍, ഛര്‍ദ്ദിക്കുന്നത് കണ്ടാല്‍, സ്വന്തം കുഞ്ഞിന്റെ വിസര്‍ജ്യം പോലും കണ്ടാല്‍ ആ കാഴ്ച മനസില്‍ നിന്നും മാറുന്നതുവരെ ഭക്ഷണമിറങ്ങാത്തുവരുടെ ലോകമാണിതെന്നൊര്‍ക്കണം. നഴ്സ് ഒരുവള്‍ ഒരു ദിവസം തീര്‍ക്കുന്നത് ഒരാളുടെ മാത്രം ഛര്‍ദ്ദിലും കഫവും വിസര്‍ജ്യവും കണ്ടുകൊണ്ടല്ല; പലവിധ രോഗങ്ങളാല്‍ എത്തുന്ന നൂറുകണക്കിനാളുകളുടെ... ഇഞ്ചക്ഷനെടുക്കാനും മരുന്ന് നല്‍കാനും മാത്രമല്ല, കിടക്ക വിരി മാറ്റാനും രോഗിയെ ഷൗരം ചെയ്യിക്കാനും തുടച്ചു വൃത്തിയാക്കാനും എല്ലാം നഴ്സ് തന്നെ.

ജീവിതത്തിലേക്ക് ഇനി തിരിച്ചു വരില്ലെന്നുറപ്പായപ്പോഴാണ് ഭര്‍ത്താവിന് ലിനി കത്തെഴുതിയത്. മക്കളെ നന്നായി നോക്കണമെന്നും മകനെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്നുമാണ് ലിനി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്.അഞ്ചു വയസുകാരന്‍ റിഥുലും രണ്ടുവയസുകാരന്‍ സിദ്ദാര്‍ഥുമാണ് ലിനിയുടെ മക്കള്‍. ഭര്‍ത്താവ് സജീഷ് ബഹ്‌റൈനില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു അപ്പോള്‍ .ഇപ്പോള്‍ കേരളാ സര്‍ക്കാര്‍ സജീഷിന് ജോലി നല്‍കി .

മരണവിവരമറിഞ്ഞ് സജീഷ് എത്തിയെങ്കിലും ലിനിയെ ദൂരത്തു നിന്നു കാണാനേ കഴിഞ്ഞുള്ളു. രോഗം പകരുമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയതോടെ വെസ്റ്റ്ഹില്‍ ഇലക്ട്രിക് ശ്മശാനത്തിലാണ് ലിനിയുടെ മൃതദേഹം കരിച്ചത്.പുതുശേരി വീട്ടില്‍ നാണുവിന്റേയും രാധയുടേയും മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടാമത്തെയാളായിരുന്നു ലിനി. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചതിനാല്‍ കുടുംബം പുലര്‍ത്താന്‍ ഒരു ജോലി ആവശ്യമാണെന്ന് മനസ്സിലാക്കിയും ആതുരസേവനത്തില്‍ താത്പര്യമുള്ളതുകൊണ്ടുമാണ് ലിനി നഴ്സിങ് പഠിക്കാന്‍ ഒരുങ്ങിയത്. ബംഗലുരുവിലെ പവന്‍ സ്‌കൂള്‍ ഓഫ് നഴ്സിങ്ങില്‍ നിന്ന് ബി എ്സ് സി നഴ്സിങ് പൂര്‍ത്തിയാക്കി. പിന്നീട് കോഴിക്കോടും കണ്ണൂരുമുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കി.

സ്വകാര്യ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ട് പഠനത്തിനായി ബാങ്കില്‍ നിന്നെടുത്ത വായ്പ പോലും തിരിച്ചടക്കാനാവാതെ വന്നതോടെ ആകെ പ്രതിസന്ധിയിലായി. വടകര സ്വദേശിയായ സജീഷുമായുള്ള വിവാഹം ഇതിനിടക്കായിരുന്നു. കുട്ടികളായതോടെ ലിനി തല്‍ക്കാലത്തേക്ക് ആശുപത്രി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സജീഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വന്തം വീട്ടിലെ പ്രാരാബ്ധങ്ങളും ജോലിയോടുള്ള താത്പര്യവും കൊണ്ട് ലിനി അതിന് തയാറായില്ല .രണ്ട് വര്‍ഷം മുമ്പാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായി ലിനി ജോലിക്ക് കയറുന്നത്.

ദിവസക്കൂലിയായിരുന്നെങ്കിലും താരതമ്യേന മെച്ചപ്പെട്ട തുക ശമ്പളമായി ലഭിച്ചതോടെ ഒരു വര്‍ഷത്തിന് മുമ്പ് വിദ്യാഭ്യാസ വായ്പ അടച്ചുതീര്‍ത്തു. സജീഷിന്റെ വീട്ടില്‍ അച്ഛന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ സ്വന്തം വീട്ടില്‍ മക്കളെ അമ്മയെ ഏല്‍പ്പിച്ചാണ് ലിനി ജോലിക്ക് പോയ്ക്കൊണ്ടിരുന്നത്. ഇരുപത് കിലോമീറ്ററോളം യാത്ര ചെയ്ത് ഓടിക്കിതച്ചായാലും കൃത്യസമയത്ത് ഡ്യൂട്ടിക്കെത്തുന്ന ലിനിയോട് ആശുപത്രിയിലെ എല്ലാവര്‍ക്കും സ്നേഹമായിരുന്നു. മക്കള്‍ക്ക് അസുഖം വന്നാല്‍ പോലും പരമാവധി ലീവ് എടുക്കാതെ ജോലിക്കെത്തുമായിരുന്നു ., 'വളരെ ഒതുങ്ങിയ പ്രകൃതമായിരുന്നു. ആശുപത്രിയിലെ രോഗികളോട് അങ്ങേയറ്റം കരുതലും സ്നേഹവും. പനിയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളുണ്ടായപ്പോഴെല്ലാം വൈറസ് ബാധിതനായ ആളുടെ അരികെ ചെല്ലുകയും പരിചരിക്കുകയും ചെയ്തു. നിപ വൈറസ് ആണെന്ന് അന്നറിയിലായിരുന്നു . സാധാരണ പനിയുമായി വന്നയാളാണെന്നല്ലേ എല്ലാവരും ധരിക്കുന്നത്. പക്ഷെ അതിങ്ങനെ ഒരു ദുരന്തമായി മാറി .

ഭര്‍ത്താവ് ഗള്‍ഫിലായിരുന്നതിനാല്‍ ലിനിയുടേയും കുട്ടികളുടേയും ജീവിതം സാമ്പത്തിക ബുദ്ധിമുട്ടിലൊന്നുമായിരുന്നില്ല. പക്ഷെ സ്വന്തം വീട്ടില്‍ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നതിനാലാണ് സജീഷ് പറഞ്ഞിട്ട് പോലും അത് കേള്‍ക്കാതെ ലിനി ജോലിക്ക് പൊയ്‌ക്കൊണ്ടിരുന്നത് . ഏത് ഷിഫ്റ്റ് കൊടുത്താലും ആത്മാര്‍ഥതയോടെ ജോലി ചെയ്യും. എല്ലാവരോടും പരമാവധി സഹകരിക്കും. സുഹൃത്തുക്കളുടെ സാക്ഷ്യം ഇതായിരുന്നു .

രോഗാവസ്ഥ പോലെ മനുഷ്യരെ നിസ്സഹായരാക്കുന്ന മറ്റെന്താണ് ഈ ലോകത്തിലുള്ളത്? ഇന്നലെ വരെ ആരോഗ്യത്തോടെ നടന്നിട്ട് പെട്ടെന്നൊരു നിമിഷം രോഗാതുരനായി കിടക്കയിലേക്ക് വീണുപോകുമ്പോള്‍ വല്ലാത്തൊരു നിസ്സഹായതയും ശൂന്യതയും സാധാരണക്കാരനെ പിടികൂടാറുണ്ട്. അത് തീരെ ചെറിയൊരു ജലദോഷത്തിന്റെ രൂപത്തില്‍ ആണെങ്കില്‍ പോലും .

അപ്പോള്‍ ഒരു നേഴ്സ് വീട്ടുകാരുടെ റോള്‍ ഏറ്റെടുക്കും . ഒരു രോഗി കൂടുതല് സമയവും ചെലവഴിക്കുന്നത്, രോഗിയുടെ കൂടുതല്‍ ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കുന്നത് നേഴ്സുമാരാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങളും കടമകളുമാണ് അവര്‍ക്കുള്ളത് .അവരുടെ സ്നേഹപൂര്വ്വമായ ഇടപെടലുകള് എത്രയോ അധികമാണ് രോഗിയെ ആശ്വസിപ്പിക്കുന്നത്! പനി ബാധിച്ച ഒരു കുഞ്ഞിന് ഇഞ്ചക്ഷന് എടുക്കുമ്പോള്‍ .വൃദ്ധയായ ഒരമ്മയെ ഓപ്പറേഷന് വിധേയയാക്കുമ്പോള്‍.....
നേഴ്സുമാര്‍ ഒരുക്കുന്ന സ്നേഹത്തിന്റെ വിരുന്നൂട്ടുകള്‍ ആണ് അവയെല്ലാം .

ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഫൊക്കാനയുടെ ആദ്യ പുരസ്‌കാരം കൂടിയാണ് ഇത് . നൈറ്റിംഗേല്‍ പുരസ്‌കാരം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം ബി എന്‍ ഫൗണ്ടേഷന്‍ ആണ് . 'പ്രോമോട്ടിങ് സ്‌കില്‍സ്,സപ്പോര്‍ട്ടിങ് ഹെല്‍ത് 'എന്ന ആശയവുമായിട്ടാണ് എം ബി എന്‍ ഫൗണ്ടേഷന്‍ ന്യൂജേഴ്സി ആസ്ഥാനമായി തുടക്കം കുറിച്ചത് . അമേരിക്കന്‍ മലയാളി കുട്ടികളുടെയും ,യുവജനങ്ങളുടെയും കലാ സാംസ്‌കാരിക രാഷ്ട്രീയമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകായും,സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് തുടര്‍ചികിത്സയ്ക്കുള്ള സഹായം നല്‍കുകായും,കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ക്ക് സഹായം നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശവും ഫൗണ്ടേഷനുണ്ട് .എം ബി എന്‍ ഫൗണ്ടേഷനും ,ഫൊക്കാനയ്ക്കും എക്കാലവും അഭിമാനിക്കാം .ഫൊക്കാന നൈറ്റിംഗേല്‍ അവാര്‍ഡ് അത് അര്‍ഹിക്കുന്ന കൈകളില്‍ തന്നെ എത്തിയതില്‍ .ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ഈ പുരസ്‌കാരം സ്വീകരിക്കുമ്പോള്‍ ലിനി എന്ന നൈറ്റിംഗേല്‍ പ്രത്യാശയുടെ ദീപവുമായി നമ്മുടെ മനസില്‍ ജ്വലിച്ചു നില്‍ക്കും .
ലിനി... ഫൊക്കാന നൈറ്റിംഗേല്‍... പ്രവാസി സമൂഹത്തിന്റെ ആദ്യ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക