Image

അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല: ഇന്നസെന്റ്

Published on 24 January, 2019
അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല: ഇന്നസെന്റ്

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് നടനും ചാലക്കുടി എംപിയുമായ ഇന്നസെന്റ്. സജീവമായ പാര്‍ലമെന്ററി പ്രവര്‍ത്തനം തുടരുന്നതിന് ശാരീരികമായ അവശതകളുണ്ടെന്നാണ് ഇന്നസെന്റ് പറയുന്നത്. ' മല്‍സരിക്കുന്നു എന്നു പറഞ്ഞാല്‍ വീണ്ടും എല്‍ഡിഎഫ് എന്നെ മല്‍സരിപ്പിച്ചേക്കും. മല്‍സരിക്കണമെന്നാണ് സിപിഎം നേതാക്കള്‍ എന്നോട് പറഞ്ഞതും. വീണ്ടും മല്‍സരിക്കാന്‍ ആദ്യം അനുവദിക്കേണ്ടത് എന്റെ ശരീരമാണ്. അതിന് ചില്ലറ ക്ഷീണം തോന്നുന്നുണ്ട്. പാര്‍ലമെന്റില്‍ പലരെയും താങ്ങിപ്പിടിച്ചും കൈപിടിച്ചുമാണ് കൊണ്ടുവന്ന് സീറ്റിലിരുത്തുന്നത്. ഇതു കാണുമ്ബോള്‍ മനസില്‍ ചോദിച്ചിട്ടുണ്ട്, 'സുഖമായി വീട്ടിലിരുന്നുകൂടെ എന്ന്'. കമ്മ്യൂണിസ്റ്റുകാരനായ എന്റെ അപ്പന്‍ പഠിപ്പിച്ചത് ആഗ്രഹങ്ങള്‍ക്ക് അറുതി വേണം എന്നാണ്. അവസാനം വരെ ഇതുപോലെ ജീവിക്കണം എന്നാഗ്രഹിക്കുന്നത് അസുഖമാണ്. എനിക്ക് ആ അസുഖം തുടങ്ങിയിട്ടുണ്ടോ എന്ന് സംശയം തോന്നിയത് കൊണ്ടാണ് സ്വയം ചികിത്സിച്ച്‌ മാറാന്‍ തീരുമാനിച്ചത്. തോല്‍ക്കാനൊരു ഭയവുമില്ല. ജീവിതത്തിന്റെ പകുതിയിലേറെ തോറ്റ് തുന്നംപാടിയ ആളാണ് ഞാന്‍,' ഇന്നസെന്റ് പറഞ്ഞു.

'പിണറായി വിജയന്‍ ധര്‍മടത്ത് മല്‍സരിക്കുമ്ബോള്‍ എന്നെ അവിടെ പ്രചാരണത്തിന് കൊണ്ടുപോയി. പ്രചാരണം കഴിഞ്ഞ് രാത്രി ട്രെയ്‌നില്‍ കയറിയപ്പോള്‍ ഒരാള്‍ എനിക്കൊരു ഭക്ഷണപ്പൊതി കൊണ്ടുവന്ന് തന്നു, പിണറായി വിജയന്‍ കൊടുത്തയച്ചതാണെന്നും പറഞ്ഞു. അതൊരു കരുതലാണ്; രോഗിയായ ഞാന്‍ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കേണ്ട എന്ന കരുതല്‍. ഇത് തന്നെയാണ് അപ്പന്‍ പഠിപ്പിച്ച കമ്മ്യൂണിസം. രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞ് വീടിന്റെ പിറകുവശത്തുകൂടി രഹസ്യമായി ഞാന്‍ അകത്തു കടക്കുമ്ബോഴും അപ്പന്‍ ചോദിക്കും, കൊണ്ടുവിട്ടവന് വീട്ടില്‍ പോയാല്‍ വല്ലതും അടച്ചുവച്ചു കാണുമോടാ എന്ന്' താരം കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക