Image

അച്ഛന്‍ (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 25 January, 2019
അച്ഛന്‍ (കവിത: രാജന്‍ കിണറ്റിങ്കര)
ഉമ്മറക്കോലായില്‍

ഏകനായ്

നിന്നച്ഛന്‍ എത്ര

കനല്‍ക്കാറ്റു

കനവിലേറ്റി   

 

ഇരുളിന്‍ വഴികളില്‍

നിദ്ര തളരുമ്പോള്‍

ഗദ്ഗദം വിങ്ങുന്ന  

നെഞ്ചകത്തില്‍

 

സ്വപ്നങ്ങളൊക്കെയും

മൂടി പ്രതിഷ്ഠിച്ച

വാല്മീകം പേറുമാ

അന്തരംഗം

 

കുഞ്ഞിക്കാല്‍

പായയില്‍ താളം

പിടിച്ചുകൊണ്ടന്നു ഞാന്‍

അച്ഛനെ നോക്കിയപ്പോള്‍

 

ആര്‍ദ്രമാം സന്ധ്യയില്‍ 

സ്‌നേഹം പൊഴിയുന്ന

സ്പര്‍ശനം പോലെയാ

മിഴിയിണകള്‍…

 

അമ്മതന്‍ താരാട്ടിന്‍

നോവറിയാതന്നു

കൊച്ചരിപ്പല്ലാല്‍

ചിരിച്ചു ഞാനും

 

രാവില്‍  ഇരുളിന്റെ

ഓരത്ത് നിന്നൊന്നു

മെല്ലെയാ തൊട്ടിലില്‍

കൈ തൊടുമ്പോള്‍

 

ഇറ്റിറ്റു വീണശ്രു 

ബാഷ്പത്തിലൊക്കെയും

അച്ഛന്റെ സ്‌നേഹം

പതിഞ്ഞിരുന്നു 

 

കൊച്ചിളം  മേനിയില്‍

മെല്ലെ തഴുകുന്ന

കൈത്തലം മെല്ലെ

നുണഞ്ഞു  ഞാനും

 

മൗനം വിതുമ്പുമാ

ചുണ്ടില്‍ നിന്നന്നൊരു  

താരാട്ടു പാടും

ഞാന്‍ കേട്ടതില്ല..

 

എങ്കിലും, അന്നച്ഛന്‍ 

പാടാതെ പാടിയ

ആര്‍ദ്രമാം ഗീതത്തിന്‍

അര്‍ത്ഥം തിരയവേ

 

അറിയുന്നു

നിശബ്ദ സ്‌നേഹത്തിനാഴവും

വഴിയില്‍ പൊഴിഞ്ഞൊരാ 

മാമ്പൂവിന്‍ ഗന്ധവും ….

അച്ഛന്‍ (കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക