Image

മോദിതരംഗം ഇല്ല, വരുന്നത് തൂക്കുപാര്‍ലമെന്റ്; നേട്ടം കൊയ്യുക കോണ്‍ഗ്രസെന്നും സര്‍വ്വേഫലം

Published on 25 January, 2019
മോദിതരംഗം ഇല്ല, വരുന്നത് തൂക്കുപാര്‍ലമെന്റ്; നേട്ടം കൊയ്യുക കോണ്‍ഗ്രസെന്നും സര്‍വ്വേഫലം

ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ആര് അധികാരത്തിലെത്തും? വന്‍ ഭൂരിപക്ഷത്തോടെ 2014ല്‍ ഭരണത്തിലെത്തിയ എന്‍ഡിഎ സഖ്യത്തിന് രണ്ടാമൂഴം ലഭിക്കുമോ? അതോ യുപിഎ സഖ്യം വിജയക്കൊടി പാറിക്കുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തന്നിരിക്കുകയാണ് ഇന്ത്യാ ടുഡേ-കാര്‍വി സര്‍വ്വേഫലങ്ങള്‍. ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണെന്നാണ് സര്‍വ്വേഫലങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലത്രേ!

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ എന്‍ഡിഎ സഖ്യത്തിന് കഴിഞ്ഞേക്കും. എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 272 സീറ്റുകള്‍ എന്നത് അവര്‍ക്ക് കിട്ടാക്കനിയാകും. 237 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് സര്‍വ്വേഫലങ്ങള്‍ പ്രവചിക്കുന്നത്. അതായത് 2014ല്‍ നേടിയതിനെക്കാളും 86 സീറ്റിന്റെ കുറവ്.

യുപിഎ സഖ്യം 160 സീറ്റുകള്‍ നേടുമെന്നും സര്‍വ്വേഫലം പറയുന്നു. ഇതാവട്ടെ 2014ല്‍ നേടിയതിനെക്കാള്‍ 106 സീറ്റ് അധികമാണ്. എന്‍ഡിഎയുടെയോ യുപിഎയുടെയോ ഭാഗമല്ലാത്ത കക്ഷികള്‍ക്കെല്ലാം കൂടി 140 സീറ്റുകള്‍ നേടാനാകുമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.

തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ആശ്വസിക്കാന്‍ വക നല്‍കുക വര്‍ധിച്ച വോട്ട് വിഹിതമായിരിക്കും. എന്‍ഡിഎയുടെ വോട്ട് വിഹിതം യുപിഎയുടേതിനെക്കാള്‍ കൂടുതലായിരിക്കുമെന്ന് സര്‍വ്വേഫലം പ്രവചിക്കുന്നു. എന്നിരുന്നാലും വോട്ട് വിഹിതത്തില്‍ കഴിഞ്ഞ തവണത്തേതിലും വര്‍ധനവുണ്ടാകുക യുപിഎയ്ക്ക് തന്നെയായിരിക്കും. എന്‍ഡിഎയ്ക്ക് ആകെ വോട്ടുകളുടെ 35 ശതമാനം ലഭിക്കുമ്ബോള്‍ യുപിഎക്ക് കിട്ടുക 33 ശതമാനമായിരിക്കും.

നിലവിലെ സഖ്യകക്ഷിബന്ധങ്ങള്‍ അതേപടി തുടര്‍ന്നലാണ് ഈ സാധ്യതകളൊക്കെ കല്‍പിക്കപ്പെടുന്നത്. അതായത് എന്‍ഡിഎയില്‍ ബിജെപി, ഓള്‍ ഇന്ത്യ എന്‍ രംഗസ്വാമി കോണ്‍ഗ്രസ്, അപ്നാ ദള്‍, ബോഡോ പീപ്പിള്‍സ് ഫ്രണ്ട്, ഡിഎംഡികെ, ജെഡിയു, എല്‍ജെപി, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, പിഎംകെ, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ആര്‍പിഐഎ, ശിരോമണി അകാലിദള്‍, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, ശിവ്സേന എന്നിവ തുടരുന്ന അവസ്ഥ.

യുപിഎയിലാകട്ടെ കോണ്‍ഗ്രസ്, ഡിഎംകെ,ജെഡിഎസ് , നാഷണല്‍ കോണ്‍ഫറന്‍സ്, ജെ.എംഎം, കേരളാ കോണ്‍ഗ്രസ് എം, ഐയുഎംഎല്‍, എന്‍സിപി, ആര്‍ജെഡി, ആര്‍എല്‍ഡി, ടിഡിപി എന്നിവ അംഗങ്ങളായി നിലനില്‍ക്കണം.

ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ എന്‍ഡിഎക്ക് കഴിഞ്ഞേക്കുമെങ്കിലും തൂക്കുമന്ത്രിസഭയല്ലാതൊരു സാധ്യത മുന്നിലില്ല. അതുകൊണ്ട് തന്നെ സര്‍വ്വേഫലങ്ങള്‍ പ്രവചിക്കുന്നത് കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തീര്‍ത്തും പ്രതികൂലമായിരിക്കുമെന്നാണ്. മോദി പ്രഭാവം മങ്ങുകയും തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത കല്‍പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിപദം മറ്റേതെങ്കിലും പാര്‍ട്ടിക്ക് വിട്ടുനല്‍കേണ്ടിവരും.

ഇന്ത്യാടുഡേ-കാര്‍വി സര്‍വ്വേ മാത്രമല്ല എബിപി ന്യൂസ് സി വോട്ടര്‍ സര്‍വ്വേഫലങ്ങളും പ്രവചിക്കുന്നത് ബിജെപിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് തന്നെയാണ്. ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്ന 80 സീറ്റുകളില്‍ 51ലും എസ്പി-ബിഎസ്പി സഖ്യം വിജയിക്കുമെന്ന് സര്‍വ്വേഫലം പ്രവചിക്കുന്നു. ഇവിടെ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കൂടി 25 സീറ്റുകള്‍ നേടാനേ സാധിക്കൂ. ബീഹാറില്‍ എന്നാല്‍ സ്ഥിതി വ്യത്യസ്തമായിരിക്കും.നരേന്ദ്രമോദി-നിതീഷ്‌കുമാര്‍ സഖ്യം ഇവിടെ വിജയക്കൊടി പാറിക്കുമെന്നാണ് സര്‍വ്വേഫലങ്ങള്‍ നല്‍കുന്ന സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക