Image

നിഗൂഢ വഴികളില്‍ പ്രണയം തേടുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്

Published on 25 January, 2019
നിഗൂഢ വഴികളില്‍ പ്രണയം തേടുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്
താരരാജാവ് മോഹന്‍ലാലിന്റെ പുത്രന്‍ പ്രണവ് മഹന്‍ലാല്‍ ആദ്യ ചിത്രമായ ആദിയില്‍ നിന്നും അപ്പുവിലേക്കെത്തുമ്പോള്‍ പ്രേക്ഷകന്റെ പ്രതീക്ഷകളെ ഒട്ടും തന്നെ നിരാശപ്പെടുത്തുന്നില്ല എന്നു പറയാം. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രത്തില്‍ ആക്ഷനേക്കാളുപരി പ്രണയവും അതിന്റെ സാക്ഷാത്ക്കാരത്തിനായുള്ള നായകന്റെ പോരാട്ടങ്ങളുമാണ് നിറഞ്ഞു നില്‍ക്കുന്നത്. ആദി എന്ന ചിത്രത്തില്‍ പാര്‍ക്കൗര്‍ ട്രെയിനിങ്ങായിരുന്നുവെങ്കില്‍ ഈ ചിത്രത്തില്‍ സര്‍ഫിങ്ങുമായാണ് പ്രണവ് എത്തുന്നത്.

ഗോവയുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. അധോലേകവും കൊട്ടേഷനുമൊക്കെയായി ഒരു കാലത്ത് എല്ലാവരുടേയും പേടിസ്വപ്നമായിരുന്ന ബാബയുടെ (മനോജ് കെ ജയന്‍) മകനാണ് അപ്പു(പ്രണവ് മോഹന്‍ലാല്‍). അവന്‍ തന്റെ അച്ഛനായ ബാബയെ പോലയായിരുന്നില്ല. ആരോടും ഒരു വഴക്കിനും പോകാതെ സ്വന്തമായി അധ്വാനിച്ച് കുടുംബത്തിനു വേണ്ടി ജീവിക്കുന്ന ചെറുപ്പക്കാരനായിരുന്നു അയാള്‍. തന്റെ ഇഷ്ടവിനോദമായ സര്‍ഫിങ്ങിലാണ് അവനെപ്പോഴും. അതില്‍ അവന്‍ വളരെ വിദഗ്ധനുമാണ്. തന്റെ കൊച്ചു കുടുംബത്തിന്റെ സന്തോഷമാണ് അപ്പുവിന്റെ ജീവിതം. എന്നാല്‍ അച്ഛനായ ബാബ മിക്കവാറും വഴക്കിനും പൊല്ലാപ്പിനും പോകുന്നത് അപ്പുവിന് തലവേദനയാകുന്നു. എന്നാലും അതെല്ലാം പരിഹരിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോവുകയാണവന്‍.

അങ്ങനെയിരിക്കേ, തികച്ചും യാദൃശ്ചികമായാണ് അപ്പുവിന്റെ കുടുംബം നടത്തുന്ന ഹോംസ്റ്റേയിലേക്ക് സായ എന്ന പെണ്‍കുട്ടി കടന്നു വരുന്നത്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അവളുടെ വരവ്. അപ്പുവും സായയും പെട്ടെന്നു തന്നെ സൗഹൃദത്തിലാകുന്നു. ക്രമേണ അപ്പുവിന് അവളോട് പ്രണയം തോന്നുകയാണ്. എന്നാല്‍ ജീവിതത്തില്‍ ഏറെ നിഗുഢതകള്‍ ഒളിപ്പിച്ചുകൊണ്ടാണ് സായ തങ്ങള്‍ക്കിടയില്‍ കഴിയുന്നതെന്ന് മനസിലാക്കിയ അപ്പു ആ നിഗുഢതകളിലേക്ക് യാത്ര തിരിക്കുന്നതോടെ കഥയ്ക് വഴിത്തിരിവാകുന്നു. ആ സാഹസികയാത്രയാണ് ചിത്രത്തിന്റെ കാതലാകുന്നത്.

ഗോവയുടെ മനോഹരമായ പശ്ചാത്തലത്തിലാണ് കഥ മുഴുവന്‍ നടക്കുന്നത്. ആദ്യ പകുതി നല്ല നര്‍മ്മവും പ്രണയവും കുടുംബജീവിതത്തിലെ ചില മനോഹരമായ മുഹൂര്‍ത്തങ്ങളുമെല്ലാം ചേര്‍ത്ത് നല്ല പതിഞ്ഞ താളത്തില്‍ തന്നെ മുന്നേറുന്നു. എന്നാല്‍ ഇടവേളയോടടുക്കുമ്പോള്‍ കഥയുടെ സഞ്ചാരത്തിന്റെ വേഗം വര്‍ദ്ധിക്കുന്നു. നായികയെ സ്വന്തമാക്കാന്‍ നായകന്‍ നടത്തുന്ന പോരാട്ടങ്ങളാണ് പിന്നീടുള്ളതത്രയും. രണ്ടാം പകുതിയില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ആക്ഷന്‍ രംഗങ്ങളാണ്.

നായികാ നായകന്‍മാരുടെ പ്രണയം മാത്രമല്ല, സമകാലീന ജീവിതത്തില്‍ നാം നിത്യവും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന പല സാമൂഹ്യതിന്‍മകളെ കുറിച്ചും ചിത്രത്തില്‍ വളരെ ശക്തമായി പ്രതിപാദിക്കുന്നുണ്ട്. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗീകാതിക്രമം, വര്‍ഗീയത തുടങ്ങിയ വിവിധ യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രത്തില്‍ കഥയുമായി കോര്‍ത്തിണക്കിയിട്ടുണ്ട്. സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്.

രാമീല എന്ന തന്റെ ആദ്യചിത്രത്തിനു ശേഷം അരുണ്‍ ഗോപിയുടെ രണ്ടാമത്തെ ചിത്രമാണ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ആദിയില്‍ നിന്നും ഇരുപതാം നൂറ്റാണ്ടിലേക്ക് എത്തുമ്പോള്‍ ആദിയില്‍ നിന്നും അപ്പു എന്ന കഥാപാത്രം ഏറെ മികച്ചരീതിയിലേക്ക് മാറിയിട്ടുണ്ട്. പ്രണവും നായികയായ സായയും തമ്മിലുള്ള പ്രണയരംഗങ്ങളും ഏറെ മികച്ചതായി. പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകന്റെ കൈയ്യടി നേടുന്നുണ്ട്. കടലിലെ സര്‍ഫിങ്ങും ട്രെയിനിലെ ഫൈറ്റ് സീനുമല്ലാം തനിക്ക് ആക്ഷന്‍ രംഗങ്ങള്‍ നന്നായിണങ്ങുമെന്ന് പ്രണവ് തെളിയിച്ചു. മനോജ്.കെ.ജയന്‍ അവതരിപ്പിച്ച ബാബ എന്ന കഥാപാത്രം ഗംഭീരമായിട്ടുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള മനോജിന്റെ പാടവം ഈ ചിത്രത്തിലും കാണാം. പ്രണവിന്റെ കൂട്ടൂകാരായി എത്തിയ അഭിരവ്, ജനന്‍ എന്നിവരും സിദ്ദിഖ്, ഇന്നസെന്റ്, നെല്‍സണ്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് രാജ്, കലാഭവന്‍ ഷാജോണ്‍, ടിനി ടോം, ബിജുക്കുട്ടന്‍, സുരേഷ് കുമാര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

ഗോപീസുന്ദറിന്റെ സംഗീതവും വിവേക് ഹര്‍ഷന്റെ എഡിറ്റിങ്ങും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.
കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രേക്ഷകന് സംതൃപ്തിയോടെ കണ്ടിരിക്കാവുന്ന ചിത്രം. മലയാള സിനിമയില്‍ പ്രണവ് സ്വന്തമായൊരു സിംഹാസനം ഉറപ്പിക്കുമെന്ന് പ്രതീക്ഷ നല്‍കുന്ന ചിത്രം. അക്കാര്യത്തില്‍ സംശയമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക