Image

ചെകുത്താന്മാരും മാലാഖമാരും (ഗീത തോട്ടം)

Published on 25 January, 2019
ചെകുത്താന്മാരും മാലാഖമാരും (ഗീത തോട്ടം)
പെണ്ണേ,
രണ്ടായി പകുക്കപ്പെടാത്ത
ഏതു പുരുഷനാണ് ഈ ഭൂഗോളത്തിലുള്ളത് ?
നിനക്കതിനെ
ഇടവും വലവും എന്നോ
ഉത്തരവും ദക്ഷിണവും എന്നോ
അതിലളിതമായിപ്പറഞ്ഞാല്‍
ചെകുത്താനും മാലാഖയെന്നുമോ വിളിക്കാം.

പെരുവിരല്‍ മുതല്‍ മുടിത്തുമ്പു വരെ
നിന്നെ പ്രണയിക്കുന്നവനായി
ശയ്യയിലായിരിക്കെ
അവന്‍ ഉരുവിടുന്ന പേരുകള്‍ക്കായി
നീ കാതോര്‍ക്കുന്നതെന്തിന്!
അത് നിന്റേതായിരിക്കാനുള്ള സാധ്യത തുലോം വിരളമാണെന്ന് ഏതു ചെകുത്താനാണ് അറിഞ്ഞു കൂടാത്തത്.

നിനച്ചിരിക്കാത്ത നേരത്ത്
അവന്‍ സ്‌നേഹപൂര്‍വ്വം നല്‍കിയ
വിലപിടിച്ച ആ സമ്മാനത്തെ പ്രതി
നീ മതിമറന്നിരുന്നോളൂ.
ചില വേളകളില്‍
കാമുകിയെ നിന്നേക്കാളേറെ സ്‌നേഹിച്ചു പോയതിനുള്ള
പശ്ചാത്താപവും പരിഹാരവുമെന്ന്
ഇഴകള്‍ക്കിടയിലൂടെ അതിനെ
വായിച്ചെടുക്കാന്‍
നിന്റെ കാവല്‍മാലാഖയോതുന്ന തലയണമന്ത്രത്തിന്
ചെവികൊടുക്കാതിരിക്കൂ .

വിരസമായ ഔദ്യോഗികയാത്ര കഴിഞ്ഞ്
പരവശനായിത്തിരിച്ചെത്തുമ്പോള്‍ പൂമുഖപ്പടിയില്‍ വച്ചേ അവന്‍ നിന്നെ പുണര്‍ന്നു ചുംബിച്ചെങ്കില്‍
അത് ആവോളം
ആസ്വദിക്കൂ നീ

കാമുകീ സംഗമത്തിന്റെ അമിതാനന്ദം അവനില്‍ കവിഞ്ഞൊഴുകുന്നതാണെന്ന്
ഏത് ഒരുമ്പെട്ടവളാണ് നിന്റെ ചെവിയില്‍ മന്ത്രിക്കുന്നത്!

നിന്റെ ആരോഗ്യത്തില്‍
നിന്റെ സൗന്ദര്യ സംരക്ഷണത്തില്‍
നിന്റെ വേഷഭൂഷകളില്‍ അവന്‍
മുന്നത്തേക്കാള്‍ ശ്രദ്ധാലുവാണെങ്കില്‍
അത് നിന്നോടുള്ള സ്‌നേഹം കൊണ്ടു തന്നെയാണ്.
അല്ലാതെ
സുന്ദരിയും യൗവ്വനയുക്തയുമായ
ഒരു കാമുകി
അവനുണ്ടായതുകൊണ്ടല്ല.

ഒരു ദേഹത്തില്‍ ചെകുത്താനെയും മാലാഖയേയും പോറ്റുക എന്നത് ചില്ലറക്കാര്യമല്ല പെണ്ണേ.
വിശേഷിച്ചും മാലാഖയെ കാട്ടുമ്പോള്‍ ചെകുത്താനെയും
ചെകുത്താനെ കാട്ടുമ്പോള്‍ മാലാഖയെയും
കാമിക്കുന്ന നിന്നെപ്പോലുള്ളവരുടെ മുന്നില്‍.

ദ്വൈതമായിരിക്കെ അദ്വൈതമെന്ന്
സ്ഥാപിക്കാന്‍ ആണുങ്ങള്‍ നടത്തുന്ന പെടാപ്പാടിനെക്കുറിച്ച് നിനക്കെന്തറിയാം പെണ്ണേ!
അത് തിരിച്ചറിഞ്ഞ് കൂടെനിന്ന
നല്ലവരായ ചില മാലാഖമാരെയാണ്
നിങ്ങള്‍ ചെകുത്താന്മാരെന്നു വിളിക്കുന്നത്
Join WhatsApp News
കവിത 2019-01-25 22:39:53
‘കവിത’ എന്നോ ‘ഗദ്യകവിത’ എന്നോ നെറ്റിപ്പട്ടമില്ല്
ഗദ്യത്തിന്റെ ആർജ്ജവവുമുണ്ട്
പക്ഷേ പദ്യമാകാൻ ആഗ്രഹിക്കുന്ന ഗദ്യമല്ല
വികാരങ്ങളെയും ആശയങ്ങളെയും നിയന്ത്രിക്കുന്ന
കാവ്യപരമായ താളമുണ്ട്
ആവോളം കവിതയുണ്ട്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക