Image

പ്രീയനന്ദന്‍റേത് ചോദിച്ച് വാങ്ങിയ ഇടി. ഇതിലൊരു ഫാസിസവുമില്ല. കള്ള് ഷാപ്പിലെ തമ്മിലടി മാത്രം (കലാകൃഷ്ണന്‍)

കലാകൃഷ്ണന്‍ Published on 25 January, 2019
പ്രീയനന്ദന്‍റേത് ചോദിച്ച് വാങ്ങിയ ഇടി. ഇതിലൊരു ഫാസിസവുമില്ല. കള്ള് ഷാപ്പിലെ തമ്മിലടി മാത്രം (കലാകൃഷ്ണന്‍)

സംവിധായകന്‍ പ്രീയനന്ദനെ ആര്‍.എസ്.എസ് കാര്‍ മര്‍ദ്ദിച്ചുവത്രേ. കേട്ടപാതി കേള്‍ക്കാത്ത പാതി സാംസ്കാരിക കേരളം അതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സ്വാഭാവികമായും പ്രതിഷേധിക്കണമല്ലോ. ഒരു ചലച്ചിത്രകാരനെ ആര്‍.എസ്.എസ്കാര്‍ അല്ലെങ്കില്‍ ഏതൊരു സംഘടനയും അക്രമിച്ചുവെങ്കില്‍ അതിനെതിരെ നിയമപരവും രാഷ്ട്രീയവും സാംസ്കാരികവുമായ ശക്തമായ പ്രതിഷേധം ഉണ്ടാവണം.

എന്നാല്‍ പ്രീയനന്ദന് എന്ത് അടികിട്ടി എന്ന് കൂടി ഒന്ന് ചിന്തിക്കേണ്ടതല്ലേ. പ്രീയനന്ദന്‍റെ ഏതെങ്കിലും രാഷ്ട്രീയ സാംസ്കാരിക വിമര്‍ശനത്തിനോ, കൊള്ളാവുന്ന ആശയ ആവിഷ്കാരത്തിനോ നേരെയായിരുന്നോ അക്രമണം. എസ്.ഹരീഷിന്‍റെ മീശയെ സംഘപരിവാര്‍ ആക്രമിച്ചത് പോലെയൊരു സംഭവമായിരുന്നോ ഇത്. 
അല്ലേ അല്ല എന്നതാണ് വാസ്തവം. 

നെയ്ത്തുകാരന്‍, പുലിജന്മം, സൂഫി പറഞ്ഞ കഥ തുടങ്ങി മികച്ച സിനിമകള്‍ മലയാളത്തിന് നല്‍കിയ ചലച്ചിത്രകാരനാണ് പ്രീയനന്ദന്‍. എന്നാല്‍ സമീപകാലത്തായി അദ്ദേഹം സാംസ്കാരിക കലാലോകത്ത് ശ്രദ്ധേയനായിരുന്നില്ല. അങ്ങനെ ശ്രദ്ധിക്കപ്പെടാതെ മറവിലേക്ക് പോകുന്ന കലാകാരന്‍മാരുടെ ഒരു പതിവ് പരിപാടിയുണ്ട് കോമാളിത്തരങ്ങളും അശ്ലീലവും വിളിച്ചു പറഞ്ഞ് ശ്രദ്ധ നേടുക. 

അത്തരമൊരു പരിപാടിയാണ് പ്രീയനന്ദനും കാണിച്ചത്. 
ശബരിമല വിഷയം കത്തി നല്‍ക്കുമ്പോള്‍ അയ്യപ്പസ്വാമിയെ പുലഭ്യം പറഞ്ഞുകൊണ്ട് പ്രീയനന്ദന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ആ പോസ്റ്റ് കണ്ടവര്‍ക്കൊക്കെ മനസിലാകും തികഞ്ഞ അശ്ലീലവും കോമാളിത്തരവും നിലവാരമില്ലാത്ത പ്രവര്‍ത്തിയുമാണ് അതെന്ന്. 

ഒന്നാമതായി പ്രീയനന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കുറെ തെറി വാക്കുകള്‍ എഴുതി വെച്ചിരിക്കുന്നു എന്നതിലുപരി യാതൊരു ആശയവും മുന്നോട്ടു വെക്കുന്നില്ല. ഒരു കലയും മുമ്പോട്ടു വെക്കുന്നില്ല. ഒരു നീരിക്ഷണം പോലും അതിനുള്ളിലുണ്ടായിരുന്നില്ല. വെറും തെറിവാക്കുകളുടെ അശ്ലീല സാഹിത്യം മാത്രം. 
കേരളത്തിലെ സമാന്യം ഏതൊരു പഞ്ചായത്തിലും കള്ള് കുടിച്ചോ കഞ്ചാവ് വലിച്ചോ ലഹരി മൂത്ത് വഴിയെ പോകുന്ന ആരുടെയെങ്കിലും അപ്പന് വിളിച്ചാല്‍ നല്ല ഇടി കിട്ടും. അത് നാട്ട് നടപ്പാണ്. അതു മാത്രമേ പ്രീയനന്ദനും കിട്ടിയുള്ളു. അല്ലാതെ പ്രീയനന്ദന് കിട്ടിയ ഇടിയെ ജോസഫ് മാഷിന്‍റെ കൈവെട്ടിയ സംഭവത്തോടൊക്കെ ഉപമിക്കുന്നത് ശുദ്ധ അസംബന്ധമാണ്. 

ശബരിമല സ്ത്രീപ്രവേശനത്തില്‍ വിമര്‍ശനം നടത്തുമ്പോള്‍ ഏതൊരു വ്യക്തിയും കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. കാരണം ഇത് നവോത്ഥാന കേരളത്തിലെ സുപ്രധാനമായൊരു ഏടാണ്. അതുകൊണ്ടു തന്നെ ഈ വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ മികച്ച ജാഗ്രത ആവശ്യമാണ്. 

്ഇന്ന് അയ്യപ്പസ്വാമി എന്ന സ്വത്വം നിലനില്‍ക്കുന്നത് രണ്ട് വിഭാഗങ്ങളിലാണ്. ഒന്ന് അയ്യപ്പസ്വാമി എന്ന ദൈവത്തെ അല്ലെങ്കില്‍ വിശ്വാസത്തെ പിന്തുടരുന്ന ലക്ഷകണക്കിന് ആളുകള്‍. അതില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ഉണ്ടാവാം. അവരെ സംബന്ധിച്ചിടത്തോളം ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാക്കണമെന്ന സുപ്രീം കോടതി വിധി കേവലമായ വൈകാരിക വിഷയം മാത്രമാണ്. അതില്‍ തന്നെ സുപ്രീം കോടതി വിധിയിലൊരു തെറ്റുമില്ല എന്ന് കരുതുന്ന വിഭാഗവും ഉണ്ടാവാം. ബാക്കിയുള്ളവര്‍ക്ക് പിന്തുടര്‍ന്നു  വന്ന ആചാരത്തെ മാറ്റുന്നു എന്ന കേവല വൈകാരിക യുക്തി മാത്രമാണുള്ളത്. തീര്‍ച്ചയായും ചുരുങ്ങിയ ഒരു കാലം കൊണ്ടു തന്നെ ഈ കേവല വൈകാരികത മറികടക്കപ്പെടും. ശബരിമല സ്ത്രീപ്രവേശനം ഒരു സ്വാഭാവിക കാര്യം മാത്രമാകും. കാരണം ക്ഷേത്രപ്രവേശനം സാധ്യമായ ഒരു കാലത്ത് നിന്ന് നമ്മള്‍ എത്രയോ കാലം പുരോഗമിച്ചിരിക്കുന്നു. 

എന്നാല്‍ അയ്യപ്പസ്വാമിയെ ഏറ്റെടുക്കുന്ന രണ്ടാമത്തെ വിഭാഗം ഹിന്ദുത്വ രാഷ്ട്രീയക്കാരാണ്. വ്യക്തമായി പറഞ്ഞാല്‍ തീവ്രബ്രാഹ്മണ രാഷ്ട്രയക്കാര്‍. അവരെ സംബന്ധിച്ചിടത്തോളം കൃത്യമായും  രാഷ്ട്രീയ പ്രശ്നമാണ് ശബരിമല. രാഹുല്‍ ഈശ്വര്‍ മുതല്‍ ബിജെപി വരെ കളിക്കുന്ന രാഷ്ട്രീയം ഇതാണ്. ഇതില്‍ ഒരു വിശ്വാസവുമില്ല, അയപ്പഭക്തിയുമില്ല. തികച്ചും രാഷ്ട്രീയം. 

അപ്പോള്‍ ഈ ഹിന്ദുത്വ രാഷ്ട്രീയത്തോടാണ് യഥാര്‍ഥത്തില്‍ കേരളത്തിലെ സാംസ്കാരിക നവോത്ഥാന രാഷ്ട്രീയം പോരടിക്കന്നത് എന്ന് നമ്മള്‍ മനസിലാക്കണം. അവിടെ വിമര്‍ശനം സാധാരണ ഭക്തജനങ്ങളോടോ അവര്‍ ആരാധിക്കുന്ന അയ്യപ്പസ്വാമിയോടോ ആവരുത്. 

ശബരിമലയില്‍ ബ്രാഹ്മണ തന്ത്രിയും ബ്രാഹ്മണ തീവ്രവാദ യുക്തിയും സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിന് കോടിക്കണക്കായ ഭക്തരുടെ വിശ്വാസമായ അയ്യപ്പസ്വാമി എന്ത് പിഴച്ചു. അയ്യപ്പസ്വാമിയെയും കോടിക്കണക്കായ സാധാരണ ഭക്തരെയും മോശം പറയുന്നത് തീര്‍ത്തും കുറ്റകരമാണ്.

എന്നാല്‍ നവോത്ഥാന കേരളം ഈ ബ്രാഹ്മണ തീവ്രരാഷ്ട്രീയത്തെ കൃത്യമായി പ്രതിഷേധിച്ചും പ്രതിരോധിച്ചും മുമ്പോട്ടു പോകുമ്പോഴാണ് പ്രീയനന്ദന്‍ എന്ന കോമളി കിട്ടിയ ലാക്കിന് നാലുപേരുടെ മുമ്പില്‍ ആളാവന്‍ അശ്ലീലം എഴുതി വിടുന്നത്. ഇതുപോലെയുള്ള പ്രീയനന്ദന്‍മാര്‍ ചെയ്യുന്നതിന്‍റെ ദുഷ്പേര് ചുമക്കേണ്ടി വന്നാല്‍ നവോത്ഥാന രാഷ്ട്രീയം തകര്‍ന്ന് പോകുകയേ ഉള്ളു. പ്രീയനന്ദന്‍റെ വിക്രിതികള്‍ സാംസ്കാരിക പ്രവര്‍ത്തനമായി എണ്ണാന്‍ പാടില്ല. 

തെമ്മാടിത്തരം മാത്രമാണ് അയാള്‍ ചെയ്തത് എന്ന് കലാസാംസ്കാരിക കേരളം തുറന്ന് പറയണം. അക്രമം ആരോടായാലും നല്ലതല്ല. പ്രീയനന്ദനെ തല്ലിയതും നല്ലതല്ല. എന്നാല്‍ പ്രീയനന്ദന് കിട്ടിയ അടി കള്ള് ഷാപ്പില്‍ വിക്രൂസ് കാണിച്ച തെമ്മാടിക്ക് കിട്ടിയ അടി മാത്രമാണ്. അതില്‍ കൂടുതലായിട്ടൊന്നുമില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക