Image

നമ്പി നാരായണന്‌ പത്മഭൂഷണ്‍ നല്‍കിയതിന്‌ എതിരെ സെന്‍കുമാര്‍; ഗോവിന്ദചാമിക്കും മറിയം റഷിദയ്‌ക്കും പത്മവിഭൂഷണ്‍ നല്‍കണമെന്നും മുന്‍ ഡിജിപി

Published on 26 January, 2019
നമ്പി നാരായണന്‌ പത്മഭൂഷണ്‍ നല്‍കിയതിന്‌ എതിരെ സെന്‍കുമാര്‍; ഗോവിന്ദചാമിക്കും മറിയം റഷിദയ്‌ക്കും പത്മവിഭൂഷണ്‍ നല്‍കണമെന്നും മുന്‍ ഡിജിപി

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത്. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണം. ചാരക്കേസ് സുപ്രീം കോടതി നിയോഗിച്ച സമിതി പരിഗണിക്കുകയാണ്. ഈ ഘട്ടത്തില്‍ എന്തിനാണ് അംഗീകാരം.

പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍.

ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണണ്‍. അടുത്ത വര്‍ഷം ഗോവിന്ദചാമിക്കും മറിയം റഷിദയ്ക്കും പത്മവിഭൂഷണ്‍ നല്‍കണമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.

സാധാരണ ഗതിയില്‍ ശാസ്ത്രജ്ഞര്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ അവര്‍ നല്‍കിയ സംഭാവന എന്താണെന്നും വിവരിക്കും. നമ്പി നാരായണന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു.

മാലിക്കാരിയായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവരെ ചാരക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം തേടി നമ്പി നാരായണ്‍ കോടതിയെ സമീപിച്ചത്. ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം നമ്പി നാരായണന് കേരള സര്‍ക്കാര്‍ കോടതി വിധിച്ച നഷ്ടപരിഹാരം കൈമാറിയിരുന്നു.

സംശയത്തിന്റെ പേരിലാണ് ഉന്നത പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തതെന്ന് സുപ്രീം കോടതി നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച ഉത്തരവില്‍ വ്യക്തമാക്കി

അത്തരമൊരു നടപടിയുണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണം.

അതേസമയം, ചാരക്കേസിന്റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു.

കസ്റ്റഡിയില്‍ എടുത്തത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടു വരണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

വിവാദമായ ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ട എസ് പിമാരായ കെ കെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന്‍ പിള്ള.

സെന്‍കുമാറിന്റെ പരാമര്‍ശനത്തിന് മറുപടിയുമായി നമ്പി നാരായണന്‍.

സെന്‍കുമാര്‍ സുപ്രീം കോടതിവിധി മനസിലാക്കിയിട്ടില്ലെന്നും ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്തിരിക്കുന്ന കേസില്‍ സെന്‍കുമാര്‍ പ്രതിയാണെന്നും നമ്പി നാരായണന്‍ പറഞ്ഞു.

ചാരക്കേസില്‍ പൊലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നത്. സെന്‍കുമാര്‍ പറയുന്നതില്‍ വൈരുദ്ധ്യങ്ങളുണ്ട്.

ഒരു കോടി കോമ്പന്‍സേഷന്‍ കേസില്‍ സെന്‍കുമാര്‍ പ്രതിയായി വന്നപ്പോള്‍ സെന്‍കുമാര്‍ പറഞ്ഞത് താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് സുപ്രീം കോടതി ക്വാഷ് ചെയ്തു എന്നുമാണ്.

അതിന് മുന്‍പ് അദ്ദേഹം ഡി.ജി.പിക്ക് എഴുതിയ കത്തില്‍ കേസ് അന്വേഷണം തുടങ്ങി എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇപ്പോള്‍ കേസില്‍ അന്വേഷണം നടത്തിയ ആളെപ്പോലെ അദ്ദേഹം സംസാരിക്കുന്നു. ഇതില്‍ ഏതാണ് ശരിയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക