Image

ഇന്നലെ രാത്രിയും അവര്‍ വിളിച്ചിരുന്നു; ബി.ജെ.പിക്കെതിരെ കുമാരസ്വാമി

Published on 26 January, 2019
ഇന്നലെ രാത്രിയും അവര്‍ വിളിച്ചിരുന്നു; ബി.ജെ.പിക്കെതിരെ കുമാരസ്വാമി
ബെംഗളൂരു: കര്‍ണാടക ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി.

പണം വാഗ്‌ദാനം ചെയ്‌ത്‌ ഭരണപക്ഷ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി വീണ്ടും ശ്രമിക്കുന്നുവെന്ന്‌ കുമാരസ്വാമി ആരോപിച്ചു.

ഇന്നലെ രാത്രിയും അവര്‍ വന്‍ തുക വാഗ്‌ദാനം ചെയ്‌ത്‌ എം.എല്‍.എമാരെ സമീപിച്ചിരുന്നെന്നും കുമാരസ്വാമി പറഞ്ഞു.

സമ്മാനപ്പൊതി എവിടെയാണ്‌ വെക്കേണ്ടതെന്ന്‌ ചോദിച്ചായിരുന്നു വിളിച്ചത്‌. എന്നാല്‍ ഞങ്ങളുടെ എം.എല്‍.എമാര്‍ പണം നിരസിച്ചു. ഓപ്പറേഷന്‍ ലോട്ടസുമായി ബി.ജെ.പി ഇപ്പോഴും മുന്നോട്ടുപോവുകയാണെന്നും കുമാരസ്വാമി പറഞ്ഞു.

നിങ്ങളുടെ ഒരു സമ്മാനവും വേണ്ടെന്നും സമാധാനമായി ജീവിക്കാന്‍ വിട്ടാല്‍ മതിയെന്നുമായിരുന്നു എം.എല്‍.എ ബി.ജെ.പി നേതാക്കള്‍ക്ക്‌ നല്‍കിയ മറുപടി.

ബി.ജെ.പി നല്‍കുന്ന സമ്മാനം ചെറുതല്ല. അത്‌ വലിയ തുക തന്നെയാണ്‌. ഇത്രയും പണം ബി.ജെ.പിക്ക്‌ എവിടെ നിന്നാണ്‌. ഇക്കാര്യം ബി.എസ്‌ യെദ്യൂരപ്പ തന്നെ വ്യക്തമാക്കണം.

2008 ല്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം ഇതേ ഇടപാട്‌ നടത്തിയിരുന്നു. എം.എല്‍.എമാര്‍ വില്‍പ്പനച്ചരക്കാണെന്നാണ്‌ അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്‌- കുമാരസ്വാമി പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ മുന്നണി വിടും എന്ന വാര്‍ത്തകളുണ്ടായപ്പോള്‍ അവ മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ്‌ നേതാക്കളുടെയും പ്രതികരണം.
എന്നാല്‍ ഇത്തവണ മുഖ്യമന്ത്രി തന്നെ ബി.ജെ.പിയുടെ കുതിരക്കച്ചവടം സ്ഥിരീകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്‌.

എന്നാല്‍ കുമാരസ്വാമിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ ബി.ജെ.പി നേതാവ്‌ ബി.എസ്‌ യെദ്യൂരപ്പ പ്രതികരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക