Image

പണ്ഡിറ്റ് നാരായണ ദേവ്: കോട്ടയം ഗാന്ധി (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 26 January, 2019
പണ്ഡിറ്റ് നാരായണ ദേവ്: കോട്ടയം ഗാന്ധി (മീട്ടു റഹ്മത്ത് കലാം)

ജനുവരി 30. മഹാത്മാ ഗാന്ധിയുടെ ചരമദിനം.

പെരുമാറ്റത്തിലും സംസാരത്തിലും ആദര്‍ശങ്ങളിലും ഗാന്ധിജിയെ പിന്തുടര്‍ന്നതുകൊണ്ട് പണ്ഡിറ്റ് നാരായണ ദേവ് എന്ന അദ്ധ്യാപകന് നാട്ടുകാര്‍ ആദരവോടെ നല്‍കിയ പേരാണ് കോട്ടയം ഗാന്ധി. എണ്‍പത്തിയൊന്‍പത് വയസ്സുവരെ നീണ്ട ജീവിതം ദക്ഷിണഭാരതത്തില്‍ ഹിന്ദി പ്രചരിപ്പിക്കാന്‍ ഉഴിഞ്ഞുവച്ച അദ്ദേഹം കുറിച്ചുവച്ച ഓര്‍മകള്‍ക്കും സൂക്ഷിച്ചുവച്ച രേഖകള്‍ക്കും സ്വാതന്ത്ര്യപൂര്‍വ ഭാരതത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ പലതും പറയാനുണ്ട്.
1909 നവംബര്‍ 16 ന് കോട്ടയം ജില്ലയിലെ കുടമാളൂര്‍ എന്ന ചെറുഗ്രാമത്തില്‍ താന്നിക്കാട്ട് തറവാട്ടില്‍ കാര്‍ത്ത്യായനി അമ്മയുടെയും എഴുമാവില്‍ ഭട്ടതിരിയുടെയും മകനായി ജനിച്ച നാരായണന്‍ നായര്‍ പണ്ഡിറ്റ് നാരായണ ദേവ് ആയി മാറിയതിനു പിന്നിലെ കഥകള്‍ ഓരോ മലയാളിക്കും അഭിമാനിക്കാന്‍ വക നല്കുന്നതാണ്. 

വര്‍ഷം 1921. ബ്രിട്ടീഷുകാരുടെ ദുര്‍ഭരണം അവസാനിപ്പിച്ച് മാതൃരാജ്യത്തെ സ്വതന്ത്രയാക്കാന്‍ ദേശസ്‌നേഹികള്‍ താണ്ടിയ കനല്‍വഴികളെക്കുറിച്ച് കുടമാളൂരിലെ ജനങ്ങള്‍ അറിഞ്ഞിരുന്നത് നാരായണദേവിന്റെ അമ്മാവനും അധ്യാപകനായിരുന്ന രാമന്‍പിള്ള മാഷിലൂടെയാണ്. കുഞ്ഞുനാരായണന്റെ മനസിലും സ്വാതന്ത്ര്യം, ഗാന്ധിജി തുടങ്ങിയ വാക്കുകള്‍ പതിയുന്നതും ദേശീയബോധം ഉണരുന്നതും അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങളിലൂടെ ആയിരുന്നു്. ഏഴാം€ാസില്‍ പഠിക്കുമ്പോള്‍ ഹിന്ദിഭാഷ പഠിക്കണമെന്ന മോഹം കലശലായി. ഗംഗാതീരത്തെ ജ്വാലാപ്പൂര്‍ ഗുരുകുലത്തില്‍നിന്ന് ഹിന്ദിയില്‍ പ്രാവീണ്യംനേടി നാട്ടിലെത്തിയ എ.കെ.ദാമോദരനുണ്ണി മാഷ് ഹിന്ദിയുടെ വിശാലമായ ലോകത്ത് വഴിവിളക്കായതോടെ ജീവിതഗതി മാറി.

ഗാന്ധിജിയെ കാണാന്‍ ഉത്തരേന്ത്യയിലേക്ക്
ഗാന്ധിജിയെ കാണാനുള്ള അടങ്ങാത്ത മോഹവുമായി ഇന്ദ്രപ്രസ്ഥത്തിലേക്ക് യാത്രപുറപ്പെടുമ്പോള്‍, കാതിലെ സ്വര്‍ണക്കടുക്കന്‍ വിറ്റുകിട്ടിയ പന്ത്രണ്ട് രൂപയും അമ്മ നല്‍കിയ തകരപ്പെട്ടിയും തിരുനക്കരയിലെ ഖദര്‍ ഷോപ്പില്‍ നിന്നുവാങ്ങിയ മുണ്ടും ഷര്‍ട്ടും മാത്രമായിരുന്നു നാരായണന്റെ കയ്യില്‍ ഉണ്ടായിരുന്നത്. മൂന്ന് ദിവസത്തെ കല്‍ക്കരിത്തീവണ്ടിയിലെ €േശകരമായ യാത്രയിലും ഉള്ളിലെ ഊര്‍ജം കുറഞ്ഞില്ല. സ്വാമി ശ്രദ്ധാനന്ദജിയുടെ അരികില്‍ എത്തിച്ചേര്‍ന്നെങ്കിലും ഗാന്ധിജിയെ കാണുക വിചാരിച്ചത്ര എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടു.
ഡല്‍ഹിയിലെത്തിയ ആദ്യ മാസങ്ങളില്‍തന്നെ മലയാളികള്‍ ചരിത്രപുസ്തകങ്ങളില്‍ മാത്രം കണ്ട പല പ്രധാന സംഭവങ്ങളുടെയും നേര്‍സാക്ഷിയായി ഈ മലയാളി.

ചരിത്രം രേഖപ്പെടുത്താത്ത ഏടുകള്‍
1928 ല്‍ സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണറാലിയില്‍ പഞ്ചാബ് സിംഹം ലാലാ ലജ്പത് റായി 'സൈമണ്‍ ഗോ ബാക്ക്' എന്ന് അലറിയപ്പോള്‍ അതേറ്റുവിളിച്ച ഒരേയൊരു ദക്ഷിണഭാരതീയനാണ് പണ്ഡിറ്റ് നാരായണദേവ്. ലാഹോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചുണ്ടായ ക്രൂരമായ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് അന്തരിച്ച ലജ്പത് റായിയുടെ അന്ത്യകര്‍മങ്ങളിലും ദേവ്ജി പങ്കെടുത്തിരുന്നു. 

ദേവ്ജിയുടെ ഗുരുവായിരുന്ന പണ്ഡിറ്റ് സോമദേവ്, സര്‍ദാര്‍ ഭഗത് സിംഗിന്റെ ആത്മമിത്രമായിരുന്നു. ലജ്പത് റായിയുടെ മരണത്തിന് ഉത്തരവിട്ട ജെയിംസ് സ്‌കോട്ടിനുനേരെ വെടിയുതിര്‍ക്കാന്‍ പദ്ധതിയിട്ടെങ്കിലും പകരം ജോണ്‍ സൗണ്ടേഴ്‌സ് എന്ന യുവാവ് വെടിയേറ്റ് മരണം അടഞ്ഞതില്‍ ഭഗത് സിംഗ് ഏറെ ദുഃഖിച്ചിരുന്നതായി നാരായണദേവിന്റെ ഓര്‍മക്കുറിപ്പിലുണ്ട്. കൊലപ്പെടുത്തിയ ശേഷം ഭഗത് സിംഗ് ഓടിയെത്തിയത് ദേവ്ജി താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയിലേക്കായിരുന്നു. 

അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വധശിക്ഷ വിധിച്ചശേഷം ലാഹോറില്‍ കൊണ്ടുവന്നതറിഞ്ഞ് സോമദേവ് കൂട്ടുകാരനെ അവസാനമായി ഒരുനോക്ക് കാണാന്‍ ചെന്നപ്പോള്‍ കൂടെക്കൂട്ടിയതും ദേവ്ജിയെ ആയിരുന്നു. പുകയുംകരിയും പരത്തിയെത്തിയ തീവണ്ടിയില്‍നിന്ന് ഇരുകൈകളും കാലുകളും ചങ്ങലകള്‍കൊണ്ട് ബന്ധിച്ച് നിറതോക്കുധാരികളായ പോലീസുകാരുടെ അകമ്പടിയോടെ എത്തിയ ഭഗത് സിംഗിനെ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി. സോമദേവ് അടുത്തുചെന്ന് എന്നെന്നും സൂക്ഷിക്കാനൊരു ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഭഗത് സിംഗ് സ്‌നേഹപൂര്‍വ്വം അത് വിലക്കി. തന്റെ ക്ഷീണിത രൂപമല്ല ഓര്‍മിക്കപ്പെടേണ്ടതെന്ന ധീരദേശാഭിമാനിയുടെ വാക്കുകള്‍ നേരില്‍ കേട്ടതും ദേവ്ജിയുടെ പിന്നീടുള്ള ജീവിതത്തെ സ്വാധീനിച്ചു.

1930 ജൂണ്‍ 12 ന് രാഷ്ട്രപിതാവിന്റെ കാല്‍പാദങ്ങള്‍ പിന്തുടര്‍ന്ന് ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് അനേകായിരങ്ങള്‍ ദണ്ഡി കടപ്പുറത്തേക്ക് യാത്രനടത്തിയപ്പോള്‍ ദേവ്ജിയും അതില്‍ പങ്കെടുത്തു. 

കടല്‍വെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കി വെള്ളക്കാരുടെ നീതിനിഷേധത്തിനെതിരെ രോഷം പ്രകടിപ്പിക്കുന്ന അഹിംസയില്‍ അധിഷ്ഠിതമായ സത്യാഗ്രഹം ആ മനസ്സില്‍ ഗാന്ധിജിയോട് കൂടുതല്‍ മമത വളര്‍ത്തി. അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുമ്പോഴെങ്കിലും ഗാന്ധിജിയെ നേരില്‍ കാണാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, കയ്യാമം വെക്കാന്‍ എത്തിയ കുതിരപ്പട്ടാളം, വിദ്യാര്‍ത്ഥിയെന്ന പരിഗണനയില്‍ ദേവ്ജിയെ വെറുതെ വിട്ടു. 

ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വോളന്റിയറായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചപ്പോഴും ഗാന്ധിജിയെ ഒന്ന് നമസ്‌കരിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. അന്ന് പന്ത്രണ്ടുകാരിയായിരുന്ന ഇന്ദിര പ്രിയദര്‍ശിനിയുടെ നേതൃത്വത്തിലുള്ള വാനരസേനയും വോളന്റിയര്‍മാരായി പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക കോണ്‍ഗ്രസ് യോഗത്തിലേക്ക് ഗാന്ധിജി പോകുമ്പോള്‍ ജനത്തിരക്കിനിടയില്‍ ദേവ്ജി അദ്ദേഹത്തെ ഒന്ന് സ്പര്‍ശിച്ചു.

ഗാന്ധിജിയുടെ ഉപദേശം ശിരസ്സാവഹിച്ചു
ഹിന്ദി ഭാഷയില്‍ സാഹിത്യ മാര്‍ത്താണ്ഡ് ഉള്‍പ്പെടെയുള്ള അറിവിന്റെ അടയാളങ്ങള്‍ സ്വന്തമാക്കി ജന്മനാട്ടില്‍ തിരികെയെത്തി 1934ല്‍ ശ്രദ്ധാനന്ദ ഹിന്ദി വിദ്യാലയം സ്ഥാപിച്ച ദേവ്ജി, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ പല ജില്ലകളില്‍ വ്യാപിപ്പിച്ചു. പണ്ഡിറ്റ് എന്ന പദവിയും ഹിന്ദിഭാഷ സമ്മാനിച്ചതാണ്.
1936ല്‍ ക്ഷേത്രപ്രവേശന സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തിലെത്തിയപ്പോള്‍ കോട്ടയവും സന്ദര്‍ശിച്ചിരുന്നു. തിരുനക്കര മൈതാനത്ത് ഉച്ചഭാഷിണിപോലും ഇല്ലാതിരുന്ന കാലത്ത്, തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്ത് ഗാന്ധിജി നടത്തിയ പ്രഭാഷണം തര്‍ജമ ചെയ്യാന്‍ വിധി നിയോഗിച്ചത് പണ്ഡിറ്റ് നാരായണ ദേവിനെ ആയിരുന്നു. ടി.ബി യില്‍ വച്ച് തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാമോ എന്ന ദേവ്ജിയുടെ അപേക്ഷയും ഗാന്ധിജി സന്തോഷത്തോടെ ഏറ്റെടുത്തു. അന്ന് ഗാന്ധിജി നല്‍കിയ ഉപദേശം പിന്നീട് പല അവസരങ്ങളിലും ശിഷ്യഗണങ്ങളോട് ദേവ്ജി പങ്കുവച്ചിരുന്നു.
''ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം വിജയിപ്പിക്കാന്‍ കഴിവുള്ള രണ്ട് ആയുധങ്ങളാണ്- ചര്‍ക്കയും ഹിന്ദിയും. ഹിന്ദി ഭാരതത്തിന്റെ രാഷ്ട്രഭാഷയാകണമെന്ന് തീരുമാനിച്ചത് ഭാരതത്തിലെ ഏറ്റവും നല്ലഭാഷ ഹിന്ദിയാണെന്ന നിലയ്ക്കല്ല. പല ഭാഷകള്‍ സംസാരിക്കുന്ന നിരവധി സമൂഹങ്ങളുള്ള ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയായതുകൊണ്ടാണ്. ഭാരതത്തിന്റെ സാംസ്‌കാരികമായ ഏകതയ്ക്ക് ഒരു രാഷ്ട്രഭാഷ ആവശ്യമാണ്. ഉത്തരഭാരതത്തിന്റെ അധികഭാഗത്തും പ്രചരിക്കുന്ന പത്തോളം ഭാഷാഭേദങ്ങളുടെ (ഡയലക്ട്) പരിനിഷ്ഠിതരൂപമാണ് (സ്റ്റാന്‍ഡാര്‍ഡ് ഫോം) ഹിന്ദി. ഉര്‍ദു സംസാരിക്കുന്നവര്‍ക്കും ഹിന്ദി ഒട്ടൊക്കെ മനസ്സിലാക്കാന്‍ കഴിയും. ഹിന്ദി പ്രചാരണം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ്. പ്രശംസനീയമായ സേവനമാണത്.'' ഈ വാക്കുകള്‍ ശിരസ്സാവഹിച്ചാണ് അവസാനനാള്‍ വരെ ദേവ്ജി ജീവിച്ചത്.

ആ ജീവിതം തന്നെ ഏറ്റവും നല്ല പുസ്തകം
ദേവ്ജിയുടെ ഹിന്ദി പ്രചാരണ ദൗത്യത്തില്‍ ഭാര്യ കല്യാണിയമ്മയും താങ്ങായി നിന്നിരുന്നു. ഇരുവരുടെയും കയ്യൊപ്പ് പോലും ഹിന്ദിഭാഷയില്‍ ആയിരുന്നു. ഇവര്‍ക്ക് ഏഴു മക്കളാണ്. കുമാരനാശാന്റെ കൃതികള്‍ ഉള്‍പ്പെടെ മലയാള സാഹിത്യസൃഷ്ടികള്‍ 'ദേവ് കേരളീയന്‍' എന്ന തൂലികാനാമത്തില്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനംചെയ്യുകയും കേരള്‍ ജ്യോതിയുടെ മുഖ്യ പത്രാധിപരായി കാല്‍നൂറ്റാണ്ടിലധികം പ്രവര്‍ത്തിക്കുകയും ചെയ്ത ദേവ്ജിയുടെ ഏറ്റവും നല്ല പുസ്തകം അദ്ദേഹത്തിന്റെ ജീവിതമാണെന്ന് മക്കളും ശിഷ്യഗണങ്ങളും നാട്ടുകാരും ഒരേസ്വരത്തില്‍ പറയും. 

''ഹരിവംശ് റായ് ബച്ചനെപ്പോലുള്ള വിശ്രുത കവികളാണ് അച്ഛന്റെ പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതിയിരുന്നത്. 1968 മുതല്‍ 1998 വരെ ആകാശവാണിയില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയും കവിതകള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ യാതനകള്‍ അനുഭവിച്ചറിഞ്ഞതുകൊണ്ടാകണം, ജനാധിപത്യത്തില്‍ അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. അവസാന കാലംവരെ ഏത് ഇലക്ഷനും ബൂത്തിലെത്തി ആദ്യം വോട്ട് രേഖപ്പെടുത്തുന്ന പതിവ് തെറ്റിച്ചിട്ടില്ല. ജയില്‍ ശിക്ഷ അനുഭവിച്ച രേഖകള്‍ ഇല്ലെന്നതിന്റെ പേരില്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍ നിഷേധിച്ചപ്പോഴും അദ്ദേഹം പരാതിപ്പെട്ടില്ല. രാഷ്ട്രപതി ആയിരിക്കെ ശങ്കര്‍ ദയാല്‍ ശര്‍മയില്‍ നിന്ന് ഹിന്ദി സാഹിത്യസേവക് പുരസ്‌കാരം നേടിയ അദ്ദേഹം കേരളക്കരയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല. 

"ശ്രീനികേതന്‍ എന്ന ഞങ്ങളുടെ വീട്ടിലേക്കുള്ള റോഡിന് കോട്ടയം നഗരസഭ ആദരസൂചകമായി നാരായണദേവ് റോഡ് എന്ന് നാമകരണം ചെയ്തു. നാടിനുവേണ്ടി ജീവിച്ചയാള്‍ ആ പേരില്‍ ഓര്‍മിക്കപ്പെടണമെന്ന് മാത്രമേ ഞങ്ങള്‍ക്കുള്ളു.'' ഇളയമകന്‍ ശശീന്ദ്ര ദേവ് ഓര്‍മ്മപ്പുസ്തകത്തിലെ അച്ഛനെക്കുറിച്ച് പറയുമ്പോള്‍ ശബ്ദത്തില്‍ അഭിമാനം. കടപ്പാട്; മംഗളം 
പണ്ഡിറ്റ് നാരായണ ദേവ്: കോട്ടയം ഗാന്ധി (മീട്ടു റഹ്മത്ത് കലാം)പണ്ഡിറ്റ് നാരായണ ദേവ്: കോട്ടയം ഗാന്ധി (മീട്ടു റഹ്മത്ത് കലാം)പണ്ഡിറ്റ് നാരായണ ദേവ്: കോട്ടയം ഗാന്ധി (മീട്ടു റഹ്മത്ത് കലാം)പണ്ഡിറ്റ് നാരായണ ദേവ്: കോട്ടയം ഗാന്ധി (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക