Image

താപമാപിനിയിലെ രസത്തുള്ളികള്‍ (കഥ: അനിത പണിക്കര്‍)

Published on 26 January, 2019
താപമാപിനിയിലെ രസത്തുള്ളികള്‍ (കഥ: അനിത പണിക്കര്‍)
'നാലടി മഞ്ഞുവീഴുമെന്നാണു ഇന്നത്തെ കാലാവസ്ഥാ പ്രവചനം' ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്ന താപമാപിനിയിലേക്കു തുറിച്ചുനോക്കി വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് സാറ പിറുപിറുത്തു. വീട്ടിനകത്ത് എഴുപതും പുറത്ത് പത്തും ഫാരന്‍ഹീറ്റു കാണിക്കുന്നുണ്ടതില്‍. താപമാപിനിയിലെ രസത്തുള്ളികള്‍ കാലാവസ്ഥാഭേദമനുസരിച്ച് പൊങ്ങുകയും താഴുകയും ചെയ്യുന്നു. ജീവിതവും മറിച്ചല്ലല്ലോ! ഓര്‍മ്മച്ചീളുകള്‍ ഉടഞ്ഞുതിര്‍ക്കുന്ന കിരുകിരുപ്പിലേക്ക് മുഖംതിരിച്ചുകൊണ്ട് സാറ കണ്ണുകള്‍ ഇറുക്കി അടച്ചു.
"ദൈവമേ, ഉടനെ തൂത്തുവാരിക്കളഞ്ഞില്ലേല്‍ ഈ മഞ്ഞൊക്കെ ഐസാകുമേ... ആരെങ്കിലും അതേലെങ്ങാന്‍ തെന്നിവീണാല്‍ പിന്നെ, അതിന്റെ പുറകേ നടക്കേണ്ടിവരും. സ്‌നോ മാറ്റാന്‍ ആ പയ്യന്‍ വരുമോ പീറ്റര്‍? അവനെ ഒന്നു വിളിച്ച് വേഗം വരാന്‍ പറയൂന്നേ..." ബെഡ്‌റൂമിലേക്കു നോക്കിക്കൊണ്ട് സാറ മുറവിളികൂട്ടി.
ടോമി സാറയെ മുട്ടിയുരുമ്മി നിന്ന് എന്തൊക്കെയോ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അവന്റെ വിശപ്പറിയിക്കുകയാവണം. ഇളയ മകന്‍ റയന്‍, സാറയ്ക്കു സമ്മാനമായി കൊടുത്ത മികച്ച പരിശീലനം കിട്ടിയ പട്ടിയാണു ടോമി. ഒരു പ്രാവശ്യം വീല്‍ ചെയറില്‍ നിന്ന് സാറ തെന്നി വീണപ്പോള്‍ ടോമി കുരച്ച് റയനെ വിളിച്ചുവരുത്തി. ടോമിയുടെ കഴുത്തിലെ ബെല്‍റ്റില്‍നിന്നും പോകുന്ന സിഗ്‌നല്‍വഴി സന്ദേശം കിട്ടിയെന്നു മകന്‍ പിന്നീടു സാറയോടു പറഞ്ഞു.
ടോമിയുടെ ഇഷ്ട ഭക്ഷണമായ എംബാര്‍ക്കിന്റെ കവര്‍ തുറന്ന് പാത്രത്തിലേക്ക് കുറച്ചു കുടഞ്ഞിട്ടുകൊടുത്ത് വീല്‍ചെയര്‍, ലിവിങ്ങ് റൂമിലെ ജനാലയുടെ അടുത്തേക്ക് മാറ്റിനിര്‍ത്തി, ജനാലത്തിരശീലകള്‍ ഇരുവശങ്ങളിലേക്കും വകഞ്ഞുമാറ്റി. മഞ്ഞിന്റെ വെള്ളത്തരികള്‍ പുറത്ത് ജനാലയുടെ ഗ്ലാസുകളില്‍ അടരുകളായി പറ്റിപ്പിടിച്ചിരുന്ന് പുറത്തേക്കുള്ള കാഴ്ച്കള്‍ അപ്പാടേ മറച്ചിരിക്കുന്നു. സാറ ജനാലയുടെ ഗ്ലാസ്സില്‍ ആഞ്ഞുതട്ടി.
“ഹണീ, ഡോണ്ട് ഹര്‍ട്ട് യുവേര്‍സെല്‍ഫ്” പീറ്ററിന്റെ ശബ്ദത്തിന്റെ മുഴക്കം അവള്‍ കേട്ടു.
പീറ്ററിനു എല്ലാറ്റിനും വേണ്ടതിലേറെ ശ്രദ്ധയാണ്; സാറയുടെ കാര്യത്തില്‍ പ്രത്യേകിച്ചും.
"നോ, ഐ വോണ്ട്” സാറ മറുപടി പറഞ്ഞു.
ജനാലയില്‍നിന്നു കുറെ മഞ്ഞുപാളികള്‍ താഴേക്കടര്‍ന്നു വീണു. മുറിക്കു പുറത്തുള്ള ലോകത്തിന്റെ ഒരുതുണ്ട് ജനാലക്കപ്പുറം തെളിഞ്ഞു. ബോധസിരകളില്‍ ഞാന്നുകിടന്ന മഞ്ഞ് മാറാലകളുടെ വിടവിലൂടെ അരിച്ചിറങ്ങിയ വെളിച്ചം സാറയെ വല്ലാതെ തളര്‍ത്തി. അവള്‍ ജനാലയിലേക്ക് അവശതയോടെ തലചായ്ചു.
ബ്രൂക്ക്‌ലിനിലെ ഹബ്ബാര്‍ഡ് സ്ട്രീറ്റിലെ ഈ പത്താം നംമ്പര്‍ വീട്ടിലേക്കു താമസം മാറിയിട്ടു വര്‍ഷങ്ങള്‍ എത്രയായിട്ടുണ്ടാവും? നാല്‍പതില്‍ കൂടുതല്‍. അത്രയേ സാറക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുള്ളൂ. 'ഈ വീടിന്റെ ഹ്രൃദയമാണീ ജനാല' പീറ്റര്‍ പറയാറുള്ളതു സാറയുടെ ചെവികളില്‍ മുഴങ്ങി. ജനാലയിലേക്ക് അവള്‍ വീല്‍ചെയര്‍ കൂടുതല്‍ അടുപ്പിച്ചു. ഈ ജനാലയിലൂടെ നോക്കിയാല്‍ അധികം തിരക്കില്ലാത്ത ഹബാര്‍ഡ് സ്ട്രീറ്റും, തൊട്ടടുത്ത പാര്‍ക്കും കാണാം. ഇതിലൂടെ ആയിരുന്നു റീനയും, റീത്തയും, റയനും കുഞ്ഞായിരുന്നപ്പോള്‍ കൈയ്യെത്തിപ്പിടിച്ച് തലപൊക്കിനിന്നു കണ്ണുകള്‍ വിടര്‍ത്തി, പുറത്തെ കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നത്; ഇപ്പോള്‍ സാറയും.
സാറയുടെ പരാതികളും പരിഭവങ്ങളും കേട്ടു ജീവന്‍ വെച്ചുപോയോ എന്നുതോന്നിക്കുമ്പോലെ, അവള്‍ അടുത്തേക്കു വരുമ്പോള്‍ തന്നെ ജനാലത്തിരശീലകള്‍ അവളെ വന്നുപൊതിയുന്നു. “ഒരുനാള്‍ ഇതു നിന്നെ അതിന്മേല്‍ ഇരുത്തി കടത്തിക്കോണ്ടു പോകുമോന്നാ എന്റെ പേടി” പീറ്റര്‍ ഒരിക്കല്‍ സാറയെ കളിയാക്കി.

എട്ടു വര്‍ഷത്തോളമായി സാറ വീല്‌ചെയറിലായിട്ട്. നഴ്‌സിങ്ങ് ജോലിക്കിടയില്‍ ആശുപത്രിയിലവച്ച് ഒരു രോഗിയുടെ തള്ളുകൊണ്ടു വീണപ്പോള്‍ നട്ടെല്ലിനുണ്ടായ ക്ഷതമാണു അവളെ വീല്‌ചെയറിലാക്കിയത്. പിന്നീട് ശ്വാസകോശങ്ങള്‍ തകരാറിലുമായി. ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ചിട്ടുള്ള ഈ വീല്‍ച്ചെയറാണു സാറയുടെ ഇപ്പോഴത്തെ ഉറ്റ ചെങ്ങാതി. ശ്വാസകോശങ്ങള്‍ പണിമുടക്കുമ്പോള്‍ പ്രാണവായു നല്‍കി സാറയുടെ ജീവന്‍ നിലനിര്‍ത്തുന്നത് ഇതാണ്.

വീല്‌ചെയറിലായ സാറയെ പരിചരിക്കാന്‍ പീറ്റര്‍ ആരെയും അനുവദിച്ചില്ല. പീറ്റര്‍ സാറയെ വീല്‌ചെയറില്‍ നിന്നും പൊക്കിയെടുക്കുമ്പോള്‍ സാറ കൊച്ചുകുട്ടികളേപ്പോലെ കുലുങ്ങിച്ചിരിക്കും. 'നീ ഇപ്പോഴും ഇരുപതില്‍തന്നെ എന്റെ കൊച്ചു സുന്ദരീ' എന്നു പറഞ്ഞ് സാറയുടെ കവിളില്‍ തട്ടും പീറ്ററപ്പോള്‍.

പീറ്ററില്ലായിരുന്നുവെങ്കില്‍ തന്റെ ജീവിതം പല കൈവഴികളായി ഒഴുകിത്തീരുമായിരുന്നു എന്ന് സാറ ഓര്‍ക്കാറുണ്ട്. അപ്പന്‍ അവള്‍ക്കായി വരനെ കണ്ടുവെന്നും വീട്ടുകാര്‍ കല്യാണം ഉറപ്പിച്ചെന്നുമറിഞ്ഞപ്പോള്‍ പീറ്ററാണു പറഞ്ഞത് നമുക്കു റജിസ്റ്റര്‍ വിവാഹം ചെയ്യാം എന്ന്. ഒരു ഇന്ത്യന്‍ കുടിയേറ്റക്കാരിയെ കെട്ടാന്‍ ഒരു വെളുത്ത അമേരിക്കന്‍ സുന്ദരനു എന്താ വട്ടാണോ, അദ്യത്തെ അവേശമൊക്കെ തീരുമ്പൊള്‍ അവന്‍ നിന്നെ കളഞ്ഞു മറ്റു വല്ലവരുടേയും പിറകെ പോകും, എന്നൊക്കെ സാറയുടെ കൂടെ നഴ്‌സായി ജോലിചെയ്തിരുന്ന പലരും പറഞ്ഞിരുന്നു. പക്ഷെ പീറ്ററിനെ സാറ വിശ്വസിച്ചു.
കല്യാണം കഴിഞ്ഞ് ഒരിക്കല്‍ മാത്രം പീറ്ററുമായി സാറ തറവാട്ടിലേക്കു പോയി. കുട്ടികള്‍ ഉണ്ടാവുന്നതിനു മുന്‍പായിരുന്നു അത്. ആ യാത്രയുടെ കയ്പ് അവളുടെ നാവില്‍ ഇപ്പോഴും തുടിച്ചുനില്‍ക്കുന്നു. മുറതെറ്റാതെ അയച്ചു കൊടുത്തിരുന്ന ഡ്രാഫ്റ്റുകള്‍ ഇടക്കൊന്നു മുടങ്ങിയതിന്റെ പഴികള്‍ വേറെയും.
കുട്ടികള്‍ മമ്മായുടെ നാടുകാണാന്‍ പോകണം എന്നു എല്ലാ സ്കൂള്‍ അവധിക്കും ആവശ്യപ്പെടുമായിരുന്നു. അവരുടെ കുഞ്ഞു മനസ്സു നീറ്റാന്‍ ഇഷ്ടമില്ലാതിരുന്നതു കൊണ്ട് ഓരോ കാരണങ്ങള്‍ പറഞ്ഞ് ആ യാത്ര നീട്ടി വെച്ചുകൊണ്ടിരുന്നു. കുട്ടികള്‍ക്ക് മൂവര്‍ക്കും ഇപ്പോള്‍ മക്കളുമായി. കൊച്ചു മക്കള്‍ വേണങ്കില്‍ ഗ്രാന്‍മായുടെ തറവാടു തപ്പിപ്പോകട്ടെ എന്നു സാറ ഇടക്കൊക്കെ ഓര്‍ക്കാറുണ്ട്.
“പീറ്റര്‍, എനിക്കൊരു ചായ തരുമോ?" ജനാലയില്‍ നിന്ന് തലതിരിച്ച്, കിടപ്പുമുറിയിലേക്കു നോക്കി സാറ വിളിച്ചു ചോദിച്ചു.
'ഓ! ഇങ്ങിനെയുണ്ടോ ഒരു ഉറക്ക ഭ്രാന്ത്..' അവള്‍ തെല്ലുറക്കെത്തന്നെ പിറുപിറുത്തു.
“ഐ ആം മേക്കിങ്ങ് യു എ ബ്രേക്ക് ഫാസ്റ്റ്, മിസിസ്സ് ഹെന്‍സ്ലി” അടുക്കളയില്‍ നിന്നും വന്ന പെണ്‍ ശബ്ദം ആരുടെയെന്നറിയാതെ സാറ കുഴങ്ങി.
“ഹു ആര്‍ യു?" സാറ ചോദിച്ചു.
അടുക്കളയില്‍ നിന്നും തല പുറത്തേക്കു കാട്ടി അവള്‍ പറഞ്ഞു.. “ഐ ആം ആബി” അനിഷ്ടത്തോടെ സാറ മുഖം തിരിച്ചു.
സാറയെ പരിചരിക്കാന്‍ ഒരു ഏജന്‍സിവഴി ഇടപാടു ചെയ്തിരിക്കുന്ന ഹോം നേഴ്‌സാണു ആബി. പീറ്ററിന്റെയും തന്റെയും ഇടയില്‍ മറ്റാരും വേണ്ട എന്നു പലയാവര്‍ത്തി റയനോടു പറഞ്ഞിട്ടും അവന്‍ അനുസരിക്കുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ സാറക്കു സങ്കടം വന്നു. ഈയിടെയായി അസിസ്റ്റഡ് ലിവിങ് കമ്യൂണിറ്റിയെപ്പറ്റിയാണു അവന്റെ സംസാരം എന്നോര്‍ത്ത് സാറക്ക് സങ്കടത്തോടൊപ്പം ദേഷ്യവും വന്നു. അവിടെ സമപ്രായക്കാരുണ്ടത്രേ! സംസാരിക്കാം കൂട്ടുകൂടാം, പല ആക്റ്റിവിറ്റീസിലും പങ്കെടുക്കാം, സമയം പോകുന്നത് അറിയുകയേ ഇല്ല, എന്നൊക്കെയാണു അവന്റെ ഭാഷ്യം.
“അതൊക്കെ ആരും ഇല്ലാത്തോര്‍ക്കല്ലേ മോനേ? മരണംവരെ ഞാനും നിന്റെ ഡാഡും ഈ വീട്ടില്‍ തന്നെ താമസിച്ചോളാം.” സാറയുടെ മറുപടി എന്നും ഒന്നുതന്നെ ആയിരുന്നു.
റയനും ഭാര്യയും കുട്ടികളും താമസിക്കുന്നത് അടുത്തുതന്നെയാണു. റീനയുടെയും, റീത്തയുടെയും താമസം അടുത്തെങ്ങും അല്ലാത്തതുകൊണ്ട് മമ്മയെ നോക്കാന്‍ അവര്‍ അനിയനെയാണു ഏല്പിച്ചിരിക്കുന്നത്.
“മിസിസ്സ് ഹെന്‍സ്ലി, യുവര്‍ ബ്രേക്ക് ഫാസ്റ്റ് ഈസ് റെഡി” ആബി ഡൈനിഗ് റൂമില്‍ നിന്നു വിളിച്ചു പറഞ്ഞു.
“ക്യാന്‍ യൂ കോള്‍ പീറ്റര്‍ ടൂ? ഈസ് ഹി സ്റ്റില്‍ സ്ലീപ്പിങ്? ” ജനാലയില്‍ പിടിച്ചുകൊണ്ട് തല ഉയര്‍ത്താതെ സാറ ചോദിച്ചു.
“ലോഡ്, ദിസ് ലേഡി ഈസ് ക്രേസി !” ആബിയുടെ ആത്മഗതം അല്പ്പം ഉറക്കെ ആയിപ്പോയി. സാറ അതു കേട്ടു.
“യേസ്, ഐ ആം ക്രെയ്‌സി. ഐ ഡോണ്ട് നീഡ് യുവര്‍ ഹെല്പ്” സാറ വീല്‍ചെയര്‍ കിടപ്പുമുറിയിലേക്കു തിരിച്ചു. കിടക്കയില്‍ തട്ടിക്കൊണ്ടവള്‍ പറഞ്ഞു “പീറ്റര്‍, ഗെറ്റപ്പ് ..ഗെറ്റപ്പ് പീറ്റര്‍ "
“ഓ.. ഹി ഈസ് നോട്ട് ഹിയര്‍. എവിടെപ്പോയി? വെയറ് ആര്‍ യൂ പീറ്റര്‍?" അവള്‍ വീല്‍ചെയര്‍ അതേ വേഗത്തില്‍ ബാത്ത്‌റൂമിലേക്കുരുട്ടി. ബാത്ത്‌റൂമിന്റെ കതകില്‍ തട്ടി ശബ്ദം ഉണ്ടാക്കിയ വീല്‍ച്ചെയറിനെ ശപിച്ചു കൊണ്ടവള്‍ വീണ്ടും വിളിച്ചു "വെയര്‍ ആര്‍ യൂ ഡിയര്‍? പീറ്റര്‍..."
കതകിലുടക്കി വീല്‌ചെയറിലെ ഓക്‌സിജന്‍ സിലിണ്ടര്‍ തെന്നുകയും, വീല്‍ചെയര്‍ ചെരിഞ്ഞു വീഴുകയും, സാറയുടെ തല കതകില്‍ ചെന്നിടിക്കുകയയും ചെയ്തത് പെട്ടന്നായിരുന്നു. സാറയ്ക്കു ശരീരം തളരുന്നപോലെയും തണുത്ത ഒരു നുരുനുരുപ്പ് ശരീരത്തിലെമ്പാടും പടര്‍ന്നുകയറുന്നതുപോലെയും തോന്നി. അവള്‍ ഒരു മയക്കത്തിലേക്ക് വീണു.
നെറ്റിയില്‍ നനവു പടരുമ്പോള്‍ സാറ കണ്ണുകള്‍ തുറക്കുവാന്‍ ശ്രമിച്ചു. ഓര്‍മയുടെ മാറാലകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങിവന്ന സര്‍പ്പങ്ങള്‍ ഫണമാട്ടി, കൊത്തുവാന്‍ തുടങ്ങിയപ്പോള്‍ അലറിവിളിച്ചു കൊണ്ട് സാറ അഗാധതയില്‍ നിന്നു തന്റെ കണ്ണുകള്‍ വലിച്ചു തുറന്നു. റയന്റെ കലങ്ങിയ കണ്ണുകളിലാണു ആ നോട്ടം ചെന്നു തടഞ്ഞു നിന്നത്.
“ഓ മമ്മാ, ആര്‍ യു ഓള്‍റൈറ്റ്? ഹോസ്പിറ്റലില്‍ പോകണോ മമ്മാ?”
"നോ നോ.. ഐ ആം ഓള്‍റൈറ്റ്. ഞാനെങ്ങനെ ഇവിടെ കട്ടിലില്‍ എത്തി?"
"ബോധമറ്റു കിടന്ന മമ്മായെ ഞാനും ആബിയും കൂടി പൊക്കിയെടുത്താണു കട്ടിലില്‍ കിടത്തിയത്"
“മമ്മാ, മമ്മാ പിന്നെയും ഡാഡിനെ തിരയുകയായിരുന്നു അല്ലേ?"
സാറയുടെ കണ്ണുകള്‍ മുറിയാകെ പരതുകയായിരുന്നു അപ്പോഴും.
"മമ്മാ, ഡാഡ് ഈസ് നോ മോര്‍"
"ഡാഡ് മരിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാവുന്നു. മരിച്ചയാള്‍ തിരിച്ചുവരുമോ? മമ്മാ, പ്ലീസ് അക്‌സെപ്റ്റ് ദ് റിയാലിറ്റി“
റയന്‍ പറഞ്ഞതൊന്നും ഉള്‍ക്കൊള്ളാനാവാതെ അവന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കിക്കൊണ്ടു സാറ കിടന്നു. പ്രാണവായു മാസ്കിന്റെ സഹായത്തോടെ ശരീരത്തിലേക്കു കയറുന്നതിനാല്‍ ആയാസമില്ലാതെ ശ്വസിച്ചുകൊണ്ട് അവള്‍ റയന്റെ കൈകളില്‍ പിടിച്ചു.
“തനിച്ചിവിടെ ഈ വീട്ടില്‍ താമസിക്കേണ്ട എന്ന് എത്ര പറഞ്ഞാലും മമ്മാ കേള്‍ക്കില്ല. എന്റെ കൂടെ വന്നു താമസിക്കൂ മമ്മാ” റയന്‍ സാറയുടെ മുടിയില്‍ തലോടിക്കോണ്ടു പറഞ്ഞു.
സാറയുടെ മുഖത്ത് മിന്നിമറയുന്ന വികാരവിചാരങ്ങളെ വായിച്ചെടുക്കാന്‍ റയാന്‍ വ്യഥാ ശ്രമിച്ചു. ഓര്‍മയുടെയും ഓര്‍മ്മക്കുറവിന്റെയും നൂല്‍പാലത്തിലൂടെ തലങ്ങും വിലങ്ങും നടന്നുകൊണ്ടിരിക്കുന്ന മമ്മായുടെ മനസ്സിനെ, മമ്മാക്കുപോലും വായിക്കാന്‍പറ്റുന്നില്ല എന്നു റയനു നന്നായി അറിയാമായിരുന്നു.
പെട്ടന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ, റയന്റെ കൈകളില്‍ അമര്‍ത്തിക്കൊണ്ട് സാറ പറഞ്ഞു:
“റയന്‍, ആ താപമാപിനിയില്‍ പുറത്തെ ടെംപറേച്ചറെത്രയാന്ന് ഒന്നു നോക്കിയിട്ടു വരുമോ?"
“സ്‌നോയാണു മമ്മാ. നല്ല തണുപ്പുണ്ട്. ബിലോ സീറൊയാവും” റയന്‍ ഫാമിലി റൂമിലെ ഭിത്തിയില്‍ ഘടിപ്പിച്ചിരിക്കുന്ന താപമാപിനിയുടെ അടുത്തേക്കു നടന്നുകൊണ്ടു പറഞ്ഞു.
“സീറോ ആണു മാ” താപമാപിനിയില്‍ നോക്കിക്കൊണ്ടു റയന്‍ ഫാമിലി റൂമില്‍ നിന്നു വിളിച്ചുപറഞ്ഞു.
“സീറോ” നീണ്ടൊരു നിശ്വാസം സാറയിലൂടെ ഊര്‍ന്നുപോയി !
“റയന്‍, നീ അന്നുപറഞ്ഞ അസിസ്റ്റഡ് ലിവിങ് കമ്യൂണിറ്റി മതി”
“അതാണു മമ്മാ നല്ലത്”. റയന്റെ മുഖത്ത് ആശ്വാസത്തിന്റെ നേരിയ പുഞ്ചിരി പടര്‍ന്നു.
റയന്‍ ഭാര്യയെ വിളിച്ച് അസിസ്റ്റഡ് ലിവിങ് ആഫീസിന്റെ അഡ്രസ്സും ഫോണ്‍ നമ്പറും ചോദിക്കുന്നതു കേട്ടുകൊണ്ടു സാറകിടന്നു.
“മമ്മാ, ഞാനൊരു ഫോണ്‍ ചെയ്തിട്ട് ഉടനെ വരാം ” റയന്‍ പടികളിറങ്ങുന്ന ശബ്ദം അകന്നുപോവുന്നതു കേട്ടുകൊണ്ട് സാറ തന്റെ അരുകില്‍ കിടക്കുന്ന വീല്‌ചെയറിലേക്കും ചുവരിലെ ചില്ലിട്ട ഫാമിലി ഫോട്ടോകളിലേക്കും മാറിമാറി നോക്കി. ഓരോ ചില്ലുപടങ്ങള്‍ക്കുള്ളിലും ഒരായിരം ജീവിതനിമിഷങ്ങള്‍ തലങ്ങും വിലങ്ങും ഓടിത്തളരുന്നതവള്‍ കണ്ടു. ഓര്‍മ്മയുടെ നേരിയ തിരിവെട്ടത്തില്‍ മുഖം പൂഴ്ത്തി സാറ നിലവിളിച്ചു പീറ്റര്‍, നീ എന്റെകൂടെത്തന്നെ ഉണ്ടെന്ന് ഇവരോടു പറയൂ. ഈ വീടിന്റെ ഓരോ മുക്കിലും മൂലയിലും എനിക്കു നിന്നെ കാണാം. നീ നിറഞ്ഞു നില്ക്കുന്ന ഈ വീടു വിട്ട് എനിക്കെങ്ങനെ പോകാന്‍ കഴിയും ദൈവമേ..എന്നെ തനിച്ചാക്കി നീ എന്തിനു പോയി?
സാറയുടെ ശരീരത്തിലെ ഓരോ ഞരമ്പും ആ നിലവിളി ഏറ്റുവാങ്ങി. ശ്വാസകോശം കൂടുതല്‍ പ്രാണവായുവിനായി മുറവിളി കൂട്ടി. മുഖത്തെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. ഒരു പിടച്ചില്‍! മുഖത്തെ ഓക്‌സിജന്‍ മാസ്ക് തെന്നി താഴേക്കുവീണു. മാസ്ക് മുഖത്തേക്ക് തിരിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്തോറും സാറയുടെ കൈകള്‍ തളര്‍ന്നു കൊണ്ടിരുന്നു.
അവളുടെ ഹൃദയത്തുടിപ്പുകള്‍ക്കു ഭാരമേറി. അവ രസത്തുള്ളികളേപ്പോലെ പൊങ്ങിയും താണും പടര്‍ന്നും ചിതറി.
ശരീരത്തിലവശേഷിച്ച മുഴുവന്‍ ശക്തിയും എടുത്തു പ്രാണവായു അകത്തേക്കുവലിക്കുവാന്‍ അവള്‍ കിണഞ്ഞു ശ്രമിച്ചു. ആ വായുവില്‍ അസാധാരണമാംവിധം സാന്ദ്രത മുറ്റിനില്ക്കുന്നതവള്‍ അറിഞ്ഞു.
ദൂരെ, ജാലകത്തിനപ്പുറത്തെ മഞ്ഞുമലകളില്‍ പീറ്ററിന്റെ മുഖം സാറയുടെ കണ്ണുകളില്‍ തെളിഞ്ഞുവന്നു. ഒരു മഞ്ഞുകാല നിലാവിന്റെ സുതാര്യതയോടെ അവന്‍ ജാലകച്ചില്ലുകള്‍ ഭേദിക്കാതെ അകത്തേക്കു കടന്നുവന്നു. അവനിലേക്ക് ഊര്‍ന്നിറങ്ങിയ അവളെ നെഞ്ചോടു ചേര്‍ത്ത് പറന്നകലുമ്പോള്‍ ബ്രൂക്ക്‌ലിനിലെ ഹബാര്‍ഡ് സ്ട്രീറ്റിലേക്കൊരു ആംബുലന്‍സ് നിലവിളിയോടെ പാഞ്ഞടുക്കുന്നുണ്ടായിരുന്നു.

(കടപ്പാട്: മലയാള മനോരമ വാരാന്ത്യം)

Join WhatsApp News
P R Girish Nair 2019-01-27 19:31:15
Very Nice.... Congratulations...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക