Image

അയോധ്യ കേസ്‌; ജനുവരി 29ന്‌ സുപ്രീം കോടതി വാദം കേള്‍ക്കില്ല

Published on 27 January, 2019
അയോധ്യ കേസ്‌; ജനുവരി 29ന്‌ സുപ്രീം കോടതി വാദം കേള്‍ക്കില്ല
ന്യൂദല്‍ഹി: ജനുവരി 29ന്‌ വാദം കേള്‍ക്കാനിരിക്കെ അയോധ്യ കേസ്‌ സുപ്രീം കോടതി വീണ്ടും മാറ്റി വെച്ചു.

വാദം കേള്‍ക്കേണ്ട അഞ്ചംഗ ബെഞ്ച്‌ അംഗമായ ജസ്റ്റിസ്‌ എസ്‌.എ ബോബ്‌ദെ അന്ന്‌ ലഭ്യമല്ലാത്തതിനാലാണ്‌ വാദം കേള്‍ക്കല്‍ മാറ്റി വെച്ചതെന്ന്‌ സുപ്രീം കോടതി അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

വാദം എന്ന്‌ കേള്‍ക്കുമെന്ന്‌ കോടതി വ്യക്തമാക്കിയിട്ടില്ല. നേരത്തെ അയോധ്യ വാദം കേള്‍ക്കുന്ന ബെഞ്ചില്‍ നിന്നും ജസ്റ്റിസ്‌ എന്‍.വി രമണ, ജസ്റ്റിസ്‌ യു.യു ലളിത്‌ എന്നിവര്‍ പുറത്തു പോയിരുന്നു.

പകരം അശോക്‌ ഭൂഷണ്‍, എസ്‌. അബ്ദുള്‍ നാസര്‍ എന്നിവരെ നിയമിക്കുകയായിരുന്നു.

അയോധ്യ കേസില്‍ 1997ല്‍ ബി.ജെ.പി നേതാവ്‌ കല്ല്യാണ്‍ സിങ്ങിന്റെ വക്കീല്‍ ആയി ഹാജരായിട്ടുണ്ടെന്ന്‌ കാണിച്ച്‌ ലളിത്‌ കേസില്‍ നിന്നും നിഷ്‌പക്ഷതയെ മാനിച്ചു കൊണ്ട്‌ വിട്ടു നില്‍ക്കുകയായിരുന്നു.


ചീഫ്‌ ജസ്റ്റിസ്‌ രജ്ഞന്‍ ഗെഗോയ്‌, ജസ്റ്റിസുമാരായ എസ്‌.എ ബോബ്ദെ, ഡി.വൈ ചന്ദ്രചൂഢ്‌, അശോക്‌ ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്‌ ആണ്‌ നിലവില്‍ അയോധ്യ കേസ്‌ പരിഗണിക്കുന്നത്‌.

നിലവില്‍ കേസുമായി ബന്ധപ്പെട്ട്‌ 16 ഹര്‍ജികളാണ്‌ കോടതിയിലുള്ളത്‌. 15800 പേജുള്ള സാക്ഷിമൊഴികളും രേഖകളും ഈ ബെഞ്ച്‌ പരിഗണിക്കും.

ബാബരി മസ്‌ജിദ്‌ ഉള്‍പ്പെടുന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ്‌ ബോര്‍ഡ്‌, നിര്‍മോഹി അഖാര, രാംലല്ല എന്നിവക്ക്‌ നല്‍കി 2010ല്‍ അലഹബാദ്‌ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജികളിലാണ്‌ ഇനി വാദംകേള്‍ക്കേണ്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക