Image

മനസിലും കണിക്കൊന്ന പൂക്കുന്ന വിഷു ദിനം

മീനു എലിസബത്ത് Published on 14 April, 2012
മനസിലും കണിക്കൊന്ന പൂക്കുന്ന വിഷു ദിനം
തെച്ചി മന്ദാരം തുളസി...പിച്ചകമാലകള്‍ ചാര്‍ത്തി. ഗുരുവായുരപ്പാ നിന്നെ കണി കാണേണം.....

ചാനലുകളിലെല്ലാം വിഷുവിന്റെ ആഹ്വാനവുമായി പഴയ പല പാട്ടുകളും കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറെ ദിവസങ്ങളായി. ഓണവും ക്രിസ്‌തുമസ്സും ബക്രീദും പോലെ തന്നെ വലിയ പ്രാധാന്യത്തോടെയാണ്‌ വിഷുവിനെയും ചാനലുകള്‍ കൊണ്ടാടുന്നത്‌. നമ്മെ കണ്ണ്‌ പൊത്തി കണി കാണിക്കുവാന്‍ സ്വര്‍ണക്കടക്കാരും തുണിക്കടക്കാരും മത്സരിക്കുന്നു. . എല്ലാ ചാനലുകളിലും കണിക്കൊന്നകള്‍ പൂത്തുലയുന്നു., കിലുകിലാരവത്തോടെ സ്വര്‍ണ നാണയങ്ങള്‍ കുഞ്ഞു കുട്ടികളുടെ കൈക്കുടന്നകളിലേക്ക്‌ വര്‍ഷിക്കപ്പെടുന്നു. സുന്ദരി സുന്ദരന്മാമാരായ ആബാല വൃദ്ധം മോഡലുകളും കടക്കാര്‍ക്ക്‌ വേണ്ടി, പൊന്നിലും പട്ടിലും കുളിച്ചു ആഹ്ലാദത്തോടെ നമ്മളോട്‌ വിഷു ദിന ആശംസകള്‍ നേരുന്നു. രാക്ഷ്‌ട്രീയക്കരെക്കൊണ്ടും സിനിമാ സീരിയാല്‍ നടിനടന്മാരെക്കൊണ്ടും ചാനലുകാര്‍ പ്രേക്ഷകര്‍ക്ക്‌ ആശംസകള്‍ അര്‍പ്പിക്കുന്നു. ഏഴാം കടലിനക്കരെയിരുന്നു ഈ ആഘോഷങ്ങള്‍ കാണുമ്പോള്‍ ഗൃഹാതുരത്വം ഒരു അവകാശമായി കൊണ്ട്‌ നടക്കുന്ന നമ്മുടെ പാവം മലയാളി മാനസം വിങ്ങുന്നു. നാടിനെക്കുറിച്ചുള്ള ഓര്‍മ്മ നമ്മെ കൊച്ചു കേരളത്തിലേക്ക്‌ മടക്കി കൊണ്ട്‌ പോകുന്നു.

പൂച്ചക്കെന്തു പൊന്നുരുക്കുന്നിടത്ത്‌ കാര്യമെന്ന്‌ ചോദിക്കുന്നത്‌ പോലെ, ക്രിസ്‌ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നമ്മളില്‍ പലര്‍ക്കും വിഷുവിന്റെ പ്രാധാന്യത്തെക്കുറിച്ചു അത്ര അറിവ്‌ പോര. പക്ഷെ ഹിന്ദുവിനു അവരുടെ ആഘോഷങ്ങളില്‍ വളരെ പ്രാധാന്ന്യമുള്ള ഒന്ന്‌ തന്നെയാണ്‌ വിഷു.

അമേരിക്കയിലുള്ള ഒട്ടു മിക്ക ഹിന്ദുക്കളും വിഷു ആഘോഷിക്കുന്നത്‌ വര്‍ഷങ്ങളായി ഞാന്‍ കാണാറുണ്ട്‌. വിഷുവിനു കണി വെച്ചും സദ്യ ഒരുക്കി കൂട്ടുകാരെയും കുടുംബക്കാരെയും വിരുന്നിനു വിളിച്ചും എന്റെ ഹിന്ദു കൂട്ടുകാര്‍ അവരുടെ വിഷു ദിനം ഇവിടെയും ആഘോഷിക്കുന്നു. സ്‌ത്രീകളില്‍ ചിലരെങ്കിലും അന്നു സദ്യ ഒരുക്കുന്നതിനായി അവധി എടുക്കുന്നു. ജോലിത്തിരക്ക്‌ കാരണം പകല്‍ ആഘോഷങ്ങള്‍ ഇല്ലെങ്കിലും വൈകിട്ടു എല്ലാവരും ഒത്തു ചേരുന്നു. നാട്ടിലെ പോലെ തന്നെ ഉണ്ണിക്കണ്ണനെ അണിയിച്ചൊരുക്കി. കണിക്കൊന്നക്കു പകരം അമേരിക്കന്‍ മഞ്ഞപ്പൂക്കളായ, ബാര്‍ബേറിയും ക്രിസാന്തമങ്ങളും, കണിക്കൊന്ന തന്നെ ആണോ എന്ന്‌ തോന്നി പോകുന്ന ഹയ്‌സല്‍ പൂങ്കുലകളും, താലത്തില്‍ സ്ഥാനം പിടിച്ചിരിക്കും. നാടന്‍ പച്ചക്കറികളും പഴങ്ങളും കൊണ്ടലങ്കരിച്ച കണിത്താലം ഉണ്ണിക്കണ്ണന്റെ
കാല്‍ പാദങ്ങളില്‍, കൂടെ മറ്റു ധാരാളം പൂക്കളും. ചന്ദനത്തിരിയുടെയും കര്‌പ്പൂര്‍ത്തിന്റെയും ഹൃദയഹാരിയായ ഗന്ധം. കേരളിയ വസ്‌ത്രങ്ങളില്‍ വീട്ടുകാരും ഞങ്ങള്‍ ഉള്‍പ്പടെയുള്ള അതിഥികളും. എല്ലാവരും വിഷു ദിനത്തില്‍ കണികാണുകയും സൗഹൃദം പങ്കിടുകയും സദ്യവട്ടങ്ങളില്‍ ഭാഗഭാക്കാകുകയും ചെയ്യുന്നു. നാട്ടിലെ അതെ സമയം കണക്കാക്കിയാണ്‌ ഇപ്രാവശ്യം ഞങ്ങളുടെ സുഹൃത്തുക്കള്‍ വിഷു ആഘോഷിച്ചത്‌. നമ്മുടെ കൊച്ചു കേരളത്തിന്റെ പാരമ്പര്യ ആഘോഷങ്ങള്‍ക്കായി അമേരിക്കയിലെ ഈ തിരക്കിനിടയിലും നമ്മുടെ സഹോദരങ്ങള്‍ സമയം കണ്ടെത്തുമ്പോള്‍ എന്തോ ഒരു പ്രത്യേക സന്തോഷം.

അവസാനം വിളമ്പിയ ചക്കപ്പയാസം ആയിരുന്നു ഇപ്പ്രാവശ്യം സദ്യവട്ടങ്ങളില്‍ എല്ലാറ്റിനും മികച്ചു നിന്നത്‌. എന്റെ കൂട്ടുകാരി വിനീതയുടെ മുത്തശി നാട്ടില്‍ നിന്നും കൊടുത്തു വിട്ട ചക്ക വരട്ടിയതില്‍ നെയ്യും തേനും പഞ്ചസാരയും തേങ്ങാപ്പാലും ഏലക്കയും ചേര്‍ത്ത നീട്ടി ഉണ്ടാക്കുന്ന ആ പായസം രുചിയിലും മേന്മയിലും വളരെ മുന്‍പില്‍ തന്നെ.`കണി കാണും നേരം കമലാ നേത്രന്റെ നിറമോലും വര്‍ണ്ണ തുകില്‍ ചാര്‍ത്തി കനക കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ....'

സദ്യ കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന്‌ പാടിയ ആ പാട്ട്‌ എന്നെ ഓര്‍മകളുടെ ചിറകിലെറ്റി കൊണ്ട്‌ പോയത്‌ നാട്ടിലെ, അയല്‍പക്കക്കരായിരുന്ന വെളുത്തേടത്ത്‌ വീട്ടിലേക്കായിരുന്നു. എന്റെ കളിക്കൂട്ടുകാരാനായിരുന്ന മുരളിയുടെ വീട്ടില്‍ എല്ലാ വിഷുവിനും എന്നെയും സഹോദരനെയും ക്ഷണിക്കുമായിരുന്നു. പെണ്‍കുട്ടികളില്ലതിരുന്ന മുരളിയുടെ അച്ഛനും അമ്മയ്‌ക്കും എന്നോട്‌ ഒരു പ്രത്യേക വാത്സല്ല്യം. മുരളിയുടെ അച്ചന്‍ എന്നെ വിളിക്കുന്നത്‌ പെണ്‍പി
ളാമ്മ എന്നാണ്‌. അന്നതിന്റെ അര്‍ഥം എന്താണ്‌ എന്ന്‌ എനിക്കറിയില്ല, എന്റെ അപ്പന്‍ അദ്ദേഹത്തെ നായര്‍ എന്നും തിരികെ അപ്പനെ മാപ്പിള എന്നും മുരളിയുടെ അച്ഛന്‍ വിളിച്ചിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ ഞങ്ങളുടെ കണ്ണ്‌ പൊത്തി, അവരുടെ പൂജ മുറിയില്‍ കൊണ്ട്‌ പോകും. കണ്ണ്‌ തുറക്കുമ്പോള്‍ കത്തിച്ചു വെച്ച നിലവിളക്കിന്റെ ശോഭയില്‍, ഓടക്കുഴലുമായി പുഞ്ചിരിയോടെ നില്‍ക്കുന്ന നീലക്കാര്‍വര്‍ണ്ണന്‍!

ഉരുളിയില്‍ അരിയും തേങ്ങാ മുറിയും കണി വെള്ളരിയും കണിക്കൊന്നയും പഴങ്ങളും പച്ചക്കറികളും. ഒരരുകിലായി മടക്കിയ കോടി മുണ്ട്‌. അതിനു മുകളില്‍ ഒരു സ്വര്‍ണമാല. കണി കണ്ടു വരുന്ന ഞങ്ങള്‍ക്ക്‌ മുരളിയുടെ അച്ഛന്റെ വീതം വിഷുക്കൈ നീട്ടം അത്‌ കഴിഞ്ഞു പാല്‍പ്പായസം കൂട്ടിയുള്ള സദ്യയും..അതെ എനിക്കിന്നും വിഷു എന്ന്‌ കേട്ടാല്‍ മനസ്‌ 
വെളുത്തേടത്ത്‌ വീട്ടിലേക്ക്‌ ഓടിപ്പോകും.എല്ലാവര്‌ക്കും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒരു വിഷു ഉണ്ടാവട്ടെ.

എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും എന്റെ വിഷു ദിന ആശംസകള്‍.!!
മനസിലും കണിക്കൊന്ന പൂക്കുന്ന വിഷു ദിനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക