Image

യതിഷ് ചന്ദ്ര സുരേഷ് ഗോപി കളിച്ചാല്‍ ആഹാ,, ചൈത്രയൊന്ന് ഷൈന്‍ ചെയ്താല്‍ ഓഹോ. ഇതാണ് സഖാക്കളുടെ ഇരട്ടത്താപ്പ് (കലാകൃഷ്ണന്‍)

കലാകൃഷ്ണന്‍ Published on 28 January, 2019
യതിഷ് ചന്ദ്ര സുരേഷ് ഗോപി കളിച്ചാല്‍ ആഹാ,, ചൈത്രയൊന്ന് ഷൈന്‍ ചെയ്താല്‍ ഓഹോ. ഇതാണ് സഖാക്കളുടെ ഇരട്ടത്താപ്പ്  (കലാകൃഷ്ണന്‍)

ഇന്ന് രാജ്യത്തെ ഇടത് സ്പെയിസിനെ നിലനിര്‍ത്തുന്നതില്‍ സിപിഎമ്മിനുള്ള പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. ഇടത്പക്ഷത്തിന് വലിയ സ്പെയിസ് ഇല്ലാത്ത മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പോലും വലിയ കാര്‍ഷിക മുന്നേറ്റങ്ങള്‍ക്ക് നെടുംതൂണാകാന്‍ ഇടത്പക്ഷത്തിന് കഴിയുന്നു. കേരളത്തില്‍ സംഘപരിവാര്‍ അജണ്ടകളെ ഏറ്റവുമധികം പ്രതിരോധിക്കുന്നതും സിപിഎം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നിമിഷം കൊണ്ട് ഫാസിസ്റ്റുകളാകാനും സിപിഎം ഏത് സമയത്തും മടിക്കില്ല എന്നത് വീണ്ടുമൊരിക്കല്‍ക്കൂടി തെളിയിക്കപ്പെടുകയാണ്. ആഭ്യന്തര ജനാധിപത്യമെന്നത് തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു പാര്‍ട്ടിയെന്ന നിലയില്‍ ഏത് തെറ്റും കൊണ്ടാടുന്ന അണികളെന്നത് പലപ്പോഴും സിപിഎമ്മിനെ ജനത്തിനൊരു ബാധ്യതയുമാക്കുന്നു. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചൈത്ര തെരേസാ ഐ.പി.എസിന്‍റെ കാര്യത്തില്‍ സംഭവിച്ചതും. 

സിപിഎം ജില്ലാകമ്മറ്റി ഓഫീസ് റെയ്ഡു ചെയ്തു എന്നതാണ് ചൈത്ര തെരേസ ചെയ്ത കുറ്റം. 
എന്തിനാണ് സിപിഎം ഓഫീസ് റെയ്ഡ് ചെയ്തത്?

അത് പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാന്‍. 
ഡിവൈഎഫ്ഐക്കാര്‍ എന്തിനാണ് പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞത്?
പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്ത സഖാക്കളെ കാണാന്‍ അനുവദിക്കാതിരുന്നതിന് സ്റ്റേഷന് കല്ലെറിഞ്ഞു. 

എന്ത് മാന്യമായ പ്രവര്‍ത്തികളാണ് സഖാക്കള്‍ ചെയ്തത് എന്ന് ആലോചിച്ചു നോക്കു. കുട്ടികള്‍ക്ക് നേരെ ലൈംഗീക അതിക്രമം ചെയ്യുന്ന സഖാക്കള്‍. ആ സഖാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അവരെ കാണാന്‍ പോകുന്ന മറ്റു സഖാക്കള്‍. കാണാന്‍ കഴിയാതെ വരുമ്പോള്‍ പോലീസ് സ്റ്റേഷന് കല്ലെറിയുന്ന സഖാക്കള്‍. കല്ലല്ലേ എറിഞ്ഞുള്ളു ബോംബൊന്നും എറിഞ്ഞില്ലല്ലോ എന്ന് ആശ്വസിക്കുന്നവരാണ് സഖാക്കളുടെ തനിസ്വഭാവം അറിയുന്ന പോലീസുകാര്‍. 

കഥയവിടെ തീരുന്നില്ല എന്നതാണ് രസം. റെയ്ഡ് ചെയ്യാനെത്തിയ പോലീസ് ഓഫീസറെ തടഞ്ഞു നിര്‍്ത്താന്‍ ശേഷിയുണ്ട് സഖാക്കള്‍ക്ക്. ഓഫീസര്‍ക്ക് നട്ടെല്ല് ഉണ്ടായിരുന്നത് കൊണ്ട് കയറി റെയ്ഡ് ചെയ്തു. അതിനുള്ളില്‍ മുങ്ങേണ്ടവര്‍ മുങ്ങി. 

തുടര്‍ന്നാണ് നവോത്ഥാനം നടത്തുന്ന സര്‍ക്കാരിന്‍റെ വക പ്രകടനങ്ങള്‍. ചൈത്ര ഐ.പി.എസ് ഏതോ വലിയ ക്രിമിനല്‍കുറ്റം ചെയ്തു എന്ന മട്ടിലായി കാര്യങ്ങള്‍. അവരെ വീണ്ടും വനിതാ സെല്ലിലെ പഴയ കസേരയിലേക്ക് മണിക്കുറിനുള്ളില്‍ മാറ്റി. പിന്നീട് വിശദീകരണം ചോദിക്കലായി. ഇപ്പോഴിതാ സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ വക വിരട്ടലും. പാര്‍ട്ടി ഓഫീസിന് മുകളില്ല ഒരു ഓഫീസറും എന്ന മട്ടിലാണ് കോടിയേരി ബാലകൃഷ്ണന്‍റെ കണ്ണുരുട്ടല്‍. പോലീസ് ഓഫീസര്‍മാര്‍ പൊതുപ്രവര്‍ത്തകരെ ബഹുമാനിച്ചുകൊള്ളണം എന്നതാണ് പിണറായി വിജയന്‍ താക്കീത്. 

പാര്‍ട്ടി സെക്രട്ടറിയും പിണറായി വിജയനും പോലീസുകാരെ വിരട്ടിയതിന് ന്യായീകരണം പറഞ്ഞുകൊണ്ട് സഖാക്കള്‍ തെരുവായ തെരുവെല്ലാം നടക്കുകയാണ്. അതാണ് ഏറ്റവും വലിയ കഷ്ടം. 

ഇതേ പോലെ ഒരു ഐ.പി.എസ് ഓഫീസര്‍ ശബരിമലയില്‍ വെച്ച് ഒരു കേന്ദ്രമന്ത്രിയെ തടഞ്ഞ് നിര്‍ത്തി വര്‍ത്തമാനം പറഞ്ഞപ്പോള്‍ അത് പോലീസിന്‍റെ ഡ്യൂട്ടിയാണെന്ന് കേമത്തം പറഞ്ഞു നടന്നവരാണ് പ്രസ്തുത സഖാക്കള്‍. പോലീസിന്‍റെ ഒരു കാര്യത്തിലും പിണറായി ഇടപെടുന്ന പതിവില്ലെന്നും തള്ളി. അതേ പരിപാടി ചൈത്രയുടെ കാര്യം വന്നപ്പോള്‍ നേരെ തിരിഞ്ഞു. വേണ്ടി വന്നാല്‍ പോലീസില്‍ ഇടപെടുമെന്നായി സ്ഥിതി. ചൈത്രയെ വിരട്ടുമ്പോഴും കേരളത്തില്‍ സിപിഎം ഊര്‍ജ്ജിതമായി നവോത്ഥാനം നടത്തുകയാണ് എന്നതാണ് മറ്റൊരു പ്രധാന കാര്യം. തന്‍റെ ജോലി യുക്തിപൂര്‍വ്വം നിര്‍വഹിക്കുന്ന ഒരു വനിതയോട് ഇതാണ് നിലപാടെങ്കില്‍ പിന്നെ എന്ത് സ്ത്രീശാക്തീകരണവും നവോത്ഥാനവുമാണ് സിപിഎം കേരളത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.  

സിപിഎമ്മിന്‍റെ ഈ ഫാസിസറ്റ് നയമാണ് ബംഗാളിലും ത്രുപുരയിലുമെല്ലാം പാര്‍ലമെന്‍ററി പൊളിറ്റിക്സില്‍ നിന്ന് അവരെ തൂത്ത് എറിയുന്നത്. ഭരണം കിട്ടിയാല്‍ പിന്നെ എല്ലാം പാര്‍ട്ടി ഓഫീസില്‍ തീരുമാനിക്കപ്പെടണം എന്ന ധാര്‍ഷ്ട്യം സിപിഎമ്മിനെ ഏത് സാഹചര്യത്തിലും ജനങ്ങളില്‍ നിന്ന് അകറ്റുക തന്നെ ചെയ്യും.

പാര്‍ലമെന്‍ററി പൊളിറ്റിക്സില്‍ കേരളത്തില്‍ മാത്രമാണ് ഇന്ന് സിപിഎം സാന്നിധ്യമാകുന്നത്. ഈ വിധമാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അടുത്ത ഇലക്ഷനില്‍ കഥയങ്ങ് മാറും. എന്നാല്‍ അന്നും ഇടതുപക്ഷം കേരളത്തിലുണ്ടാവും. അതിന്‍റെ നിറം ചുവപ്പായിരിക്കണമെന്ന് നിര്‍ബന്ധമില്ല എന്ന് മാത്രം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക