Image

സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രഭാഷണം, സ്‌റ്റേസി ഏബ്രാംസ് മറുപടി നല്‍കും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 01 February, 2019
സ്റ്റേറ്റ്  ഓഫ് ദ യൂണിയന്‍ പ്രഭാഷണം, സ്‌റ്റേസി ഏബ്രാംസ് മറുപടി നല്‍കും (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ഈ വര്‍ഷത്തെ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രഭാഷണം ജനുവരിയില്‍ നടക്കാതെ പോയി. ഭരണസ്തംഭനം നിലനിന്നതാണ് കാരണം. മാറ്റിവച്ച സ്‌റ്റേറ്റ് ഓഫ് ദ യൂണിയന്‍(എസ്ഓടിയു) ചൊവ്വാഴ്ച(ഫെബ്രുവരി 5ന്) നടക്കും.
രാഷ്ട്രത്തിന്റെ അവസ്ഥയും ഭാവി പരിപാടികളും അമേരിക്കന്‍ ജനതയെ അറിയിക്കുന്ന ഈ പ്രസംഗത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എസ്ഒടിയു കഴിഞ്ഞാല്‍ ഉടനെ തന്നെ പ്രസംഗത്തെ അവലോകനം ചെയ്തും വിമര്‍ശിച്ചും ഒരു പ്രതിപക്ഷ നേതാവ് മറുപടി ചെയ്യാറുണ്ട്. ഈ പ്രസംഗത്തിന് തിരഞ്ഞെടുക്കുന്ന നേതാവിന് രാഷ്ട്രീയ നിരീക്ഷകര്‍ വലിയ പ്രാധാന്യം കല്‍പിക്കുന്നു. പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ എസ്ഒടിയുവിന് മറുപടി  പ്രസംഗം ചെയ്താണ് ബരാക്ക് ഒബാമ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായിത്. പിന്നിട് അമേരിക്കയുടെ പ്രസിഡന്റാകാനും ഒബാമയ്ക്ക് കഴിഞ്ഞു. എന്നാല്‍ ഒബാമയുടെ എസ്ഒ.ടി.യുവിന് മറുപടി പ്രഭാഷണം നടത്തിയ റിപ്പബ്ലിക്കന്‍ നേതാവും ഇന്ത്യന്‍ വംശജനുമായ ബോബി ജിന്‍ഡലിന് ഇതുപോലെ രാഷ്ട്രീയത്തില്‍ ഉയരാന്‍ കഴിഞ്ഞില്ല. ഫെബ്രുവരി 5ന് ഇപ്രാവശ്യം പ്രസിഡന്റ് ട്രമ്പ് എസ്ഒടിയു നടത്തിയാല്‍ ഉടനെ മറുപടി ചെയ്യുക ജോര്‍ജിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് നേതാവ് സ്‌റ്റേസി ഏബ്രഹാം ആയിരിക്കുമെന്ന് സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമര്‍ അറിയിച്ചു. 

ജോര്‍ജിയയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി  ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുമ്പോള്‍ മുതല്‍ വിവാദമായ പ്രസ്താവനകളുമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നേതാവാണ് ഏബ്രാംസ്. തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥി റിപ്പബ്ലിക്കന്‍ ബ്രയാല്‍ കെമ്പ് വിജയിച്ചപ്പോഴും പരാജയം സമ്മതിക്കാതെ തിരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും അപാകതകള്‍ ഇവര്‍ ആരോപിച്ചു. ഫലപ്രഖ്യാപനം ചില ദിവസങ്ങള്‍ വൈകിയാണ് നടത്തിയത്. സമ്മതിദാനാവകാശത്തെക്കുറിച്ച് ഇവര്‍ ഉയര്‍ത്തിയ ചിന്തകള്‍ ദേശീയ ശ്രദ്ധനേടിയിരുന്നു. വോട്ടിംഗ് റൈറ്റ്‌സിന് വേണ്ടി വാദിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഇവരെ മറുപടി പ്രസംഗത്തിന് തിരഞ്ഞെടുക്കുകയായിരുന്നു എന്ന് ഷൂമര്‍ പറഞ്ഞു.

എസ്ഒടിയുവിന് മറുപടി പറയാന്‍ അവസരം ലഭിച്ചത് ഒരു ബഹുമതിയായി കരുതുന്നു, ഒരു പൊതുലക്ഷ്യത്തിന് വേണ്ടി നമ്മെ ഐക്യപ്പെടുത്താന്‍ കഴിയുന്ന നേതാക്കളുടെ ശബ്ദം കേള്‍ക്കേണ്ട ഈ അവസരത്തില്‍ സംസാരിക്കുവാന്‍ കഴിയുന്നത് ഒരു ബഹുമതിയാണ്, ഏബ്രാംസ് പറഞ്ഞു.

തന്റെ പരാജയത്തിന് ശേഷം കാര്യമായ ധനശേഖരണം നടത്തി ഇവര്‍ ഒരു വോട്ടിംഗ് റൈറ്റ്‌സ് ഗ്രൂപ്പ് സ്ഥാപിച്ചു. തന്റെ പരാജയത്തെയും ജിഒപി നയങ്ങളെയും കോടതിയില്‍ ചോദ്യം ചെയ്യുകയാണ് ഉദ്ദേശം. ഒരു തിങ്്ടാങ്കും താങ്ക്യൂടൂറും സംഘടിപ്പിക്കുന്ന ഇവര്‍ അടുത്ത വര്‍ഷം റിപ്പബ്ലിക്കല്‍ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെതിരെ മത്സരിക്കുവാന്‍ സാധ്യതകള്‍ ആരായുകയാണ്.

സ്റ്റേറ്റ്  ഓഫ് ദ യൂണിയന്‍ പ്രഭാഷണം, സ്‌റ്റേസി ഏബ്രാംസ് മറുപടി നല്‍കും (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക