Image

ആനന്ദ്‌ തെല്‍തുബ്‌ഡെ അറസ്റ്റില്‍; നടപടി അറസ്റ്റ്‌ പാടില്ലെന്ന്‌ സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെ

Published on 02 February, 2019
ആനന്ദ്‌ തെല്‍തുബ്‌ഡെ അറസ്റ്റില്‍; നടപടി അറസ്റ്റ്‌ പാടില്ലെന്ന്‌ സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെ
പൂനെ: ദളിത്‌ ചിന്തകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഡോ. ആനന്ദ്‌ തെല്‍തുംബ്‌ഡെ അറസ്റ്റില്‍. നാലാഴ്‌ച അറസ്റ്റ്‌ പാടില്ലെന്ന്‌ സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെയാണ്‌ പുണെ പൊലീസ്‌ നടപടി.

ഭീമ കൊറേഗാവ്‌ സംഭവങ്ങള്‍ക്ക്‌ പിന്നിലെ കാരണങ്ങളെക്കുറിച്ച്‌ എഴുത്തിലൂടെ എതിര്‍പ്പ്‌ പ്രകടിപ്പിച്ച തെല്‍തുംബ്‌ഡെയെ മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ചാണ്‌ പൊലീസ്‌ വേട്ടയാടുന്നത്‌.

ജാമ്യം ലഭിക്കുന്നതിനായി നേരത്തെ കീഴ്‌ക്കോടതികളെ സമീപിക്കാന്‍ സുപ്രീം കോടതി തെല്‍തുംദെയ്‌ക്ക്‌ നാലാഴ്‌ചത്തെ സമയം നല്‍കിയിരുന്നു. അതുവരെ അറസ്റ്റ്‌ പാടില്ലെന്ന കോടതി നിര്‍ദേശം നിലനില്‍ക്കെയാണ്‌ പൂണെ പൊലീസ്‌ ഇന്ന്‌ അറസ്റ്റ്‌ നടത്തിയത്‌.

തെല്‍തുംബ്‌ഡെയുടെ ജാമ്യാപേക്ഷ പൂണെ ട്രയല്‍ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത്‌ ചൂണ്ടിക്കാട്ടിയാണ്‌ അറസ്റ്റ്‌. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കാലാവധി പ്രകാരം ഫെബ്രുവരി 11 വരെ സമയമുണ്ട്‌.

ഈ കാലയളവില്‍ കീഴ്‌ക്കോടതികളെയും അല്ലെങ്കില്‍ ഹൈക്കോടതിയെയും സമീപിക്കാമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ ഇത്‌ ലംഘിച്ചു കൊണ്ടാണ്‌ ഇന്ന്‌ പൊലീസ്‌ നടപടി.

പൂണെ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ്‌ അറസ്റ്റെന്ന്‌ അഭിഭാഷകനായ പ്രദീപ്‌ മന്ത്യനോട്‌ പൂണെ പൊലീസ്‌ ഇന്‍സ്‌പക്ടര്‍ ഇന്ദുല്‍ക്കര്‍ പറഞ്ഞു.

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനായിട്ടായിരുന്നു തെല്‍തുംദെ ഇന്ന്‌ മുംബൈയിലെത്തിയത്‌.

തെല്‍തുംദെയ്‌ക്ക്‌ മാവോയിസ്റ്റ്‌ ബന്ധമുണ്ടെന്നാണ്‌ പൊലീസ്‌ ആരോപിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക