Image

പെരുന്തച്ചന്‍ നാടകം മാര്‍ച്ച് രണ്ടിന് ലൊസാഞ്ചല്‍സില്‍ (ജയിംസ് വര്‍ഗീസ്)

Published on 02 February, 2019
പെരുന്തച്ചന്‍ നാടകം മാര്‍ച്ച് രണ്ടിന് ലൊസാഞ്ചല്‍സില്‍ (ജയിംസ് വര്‍ഗീസ്)
ലൊസാഞ്ചല്‍സ് സാന്‍ഫ്രാന്‍സിസ്‌കോ സര്‍ഗ്ഗവേദിയുടെ രണ്ടാമത്തെ നാടകമായ പെരുന്തച്ചന്‍ 2019 മാര്‍ച്ച് 2 നു ലൊസാഞ്ചല്‍സില്‍ അരങ്ങേറുന്നു.

മലയാള സാഹിത്യം, കഥകള്‍, കവിതകള്‍ എന്നിവയുടെ ആസ്വാദനത്തിനു വേദിയൊരുക്കുന്നതോടൊപ്പം പ്രൊഫഷണല്‍ മലയാള നാടക കലയെ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ മലയാളത്തനിമയോടെ അവതരിപ്പിച്ച് പ്രശംസ പിടിച്ചുപറ്റിയ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ കലാസാഹിത്യ സംഘടനയാണ് സര്‍ഗ്ഗവേദി. സര്‍ഗ്ഗവേദിയുടെ രണ്ടാമത്തെ നാടകമായ പെരുന്തച്ചന്‍ സെപ്റ്റംബര്‍ 16 നു ആയിരത്തില്‍പരം ആസ്വാദകര്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ ആദ്യ പ്രദര്‍ശനം നടത്തി.
പെരുന്തച്ചന്റെ രണ്ടാമത്തെ വേദി മാര്‍ച്ച് 2 നു ശനിയാഴ്ച വൈകുന്നേരം 5.30 നു ലോസാഞ്ചലസിലെ ലോങ് ബീച്ചിലുള്ള ലിന്‍ഡ്‌സ് ബര്‍ഗ് സ്റ്റെം അക്കാഡമി ഓഡിറ്റോറിയത്തില്‍നടക്കും. ലോസ് ഏഞ്ചലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയാണു പെരുന്തച്ചന്‍ നാടകത്തിനു വേദിയൊരുക്കുന്നത്. പള്ളി വികാരി ഫാ. യോഹന്നാന്‍ പണിക്കര്‍, പള്ളി ഭാരവാഹികളായ റോയി മാത്യു, റോയി വര്‍ഗീസ്, റോയി ജോര്‍ജ്, സോണി മാത്യൂസ് എന്നിവര്‍ ഈ നാടകപ്രദര്‍ശനം വന്‍ വിജയമാക്കിത്തീര്‍ക്കാനുള്ള അക്ഷീണപ്രയ്തനത്തിലാണ്. നാടകത്തിന്റെ ടിക്കറ്റ് വില്പന ഉദ്ഘാടനം ഡിസംബര്‍ 22 നു ബെല്‍ഫ്‌ലവര്‍ സിറ്റി ഹാളില്‍ ഇടവകാംഗങ്ങളുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.
ഹേമന്ദ കുമാര്‍ രചിച്ച്, വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്‍ കേരളത്തിലുട നീളം അരങ്ങേറിയ ഈ നാടകം മലയാളി നെഞ്ചിലേറ്റിയ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റേയും അച്ഛനേക്കാള്‍ മിടുക്കനായ മകന്റേയും കഥയാണു പറയുന്നത്.
പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്‍ ഐതീഹ്യങ്ങളിലൂടേയും കാവ്യ, നാടക, സിനിമകളിലൂടേയും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ്. പെരുന്തച്ചന്റെ കഥ, അതിന്റെ എല്ലാ പൊലിമകളിലൂടെയും രംഗസംവിധാനത്തിന്റെ പകിട്ടുകളിലൂടെയും സാന്‍ഫ്രാന്‍സിസ്‌കോയില്‍ അരങ്ങേറിയ നാടകം അതിലും മികച്ചതാക്കി ലൊസാഞ്ചലസ് മലയാളികള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുവാനാണു സര്‍ഗ്ഗവേദിയിലെ കലാകാരന്മാരുടെ ശ്രമം.
നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയ സര്‍ഗ്ഗവേദി ചുരുങ്ങിയ കാലം കൊണ്ടു തന്നെ ബേ ഏരിയയുടെ കലാസാംസ്‌കാരിക രംഗത്ത് തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ബേ ഏരിയ മലയാളികളുടെ കലാസാഹിത്യ വാസനകള്‍ പരിപോഷിപ്പിക്കുന്നതോടൊപ്പം പ്രശസ്തരായ സാഹിത്യകാരന്മാരെ ആദരിക്കുന്നതിലും അവരുടെ സാന്നിദ്ധ്യം അനുഭവവേദ്യമാക്കുന്നതിലും സര്‍ഗ്ഗവേദി ശ്രദ്ധ ചെലുത്തുന്നു. സര്‍ഗ്ഗവേദിയുടെ ആദ്യ നാടകം കാട്ടുകുതിര അമേരിക്കന്‍ മലയാളികള്‍ക്ക് അവതരണത്തിലെ മികവും കേരളത്തനിമയാര്‍ന്ന രംഗസജ്ജീകരണവും കൊണ്ട് വിസ്മയമായിരുന്നു.
ജോണ്‍ കൊടിയന്‍ സംവിധാനം ചെയ്യുന്ന സര്‍ഗ്ഗവേദിയുടെ രണ്ടാമത്തെ നാടകമായ പെരുന്തച്ചനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജോണ്‍ തന്നെ. കൂടാതെ ബേ ഏരിയയിലെ അറിയപ്പെടുന്ന കലാകാരന്മാരായ ഡെന്നീസ് പാറേക്കാടന്‍, ബാബു ആലമ്മൂട്ടില്‍, സതീഷ് മേനോന്‍, ശ്യാം ചന്ദ്, ശരത് ചങ്ങരമംഗലത്ത്, ഷെമി ദീപക്, രശ്മി നാരായണന്‍, ടീന ചെറുവേലില്‍, രേഷ്മ നാരായണ സ്വാമി, ദീപക് ഇടപ്പാറ, ജന ശ്രീനിവാസന്‍, ഡാനിഷ് തോമസ്, ആന്‍ മേരി ആന്റണി, മൃദുല കര്‍ത്ത എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സര്‍ഗ്ഗവേദിക്കുവേണ്ടി വിനോദ് മേനോന്‍ പ്രൊഡക്ഷന്‍ മാനേജരായും രാജി മേനോന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിക്കുന്നു. കേരളീയത്തനിമയാര്‍ന്ന രംഗങ്ങള്‍ ഒരുക്കുന്നതില്‍ പ്രശസ്തനായ ശ്രീജിത് ശ്രീധനാണു കലാസംവിധായകന്‍. ടോം ആന്റണിയും ഉമേഷ് നരേന്ദ്രനുമാണു പ്രൊഡക്ഷന്‍ അസിസ്റ്ററുമാര്‍, മോന്‍സി സ്‌കറിയ സഹസംവിധാനം നിര്‍വ്വഹിക്കുന്നു. മെല്‍വിന്‍ ജെറാള്‍ഡ്, ബെന്നി ആനോസ്, രൂപേഷ് കര്‍ത്ത, ടോം ആന്റണി എന്നിവരാണ് സംഗീതം നിയന്ത്രിക്കുന്നത്. ലെസ്ലി പോള്‍ ശബ്ദനിയന്ത്രണവും ബിജേഷ് പുരുഷന്‍ സ്റ്റേജ് സപ്പോര്‍ട്ടും നിര്‍വഹിക്കുന്നു. ഗാനങ്ങള്‍ പാടിയിരിക്കുന്നത് വിശ്വനാഥ് ഇടപ്പാള്‍, അനു മരിയ റോസ്, റീമ പിള്ള എന്നിവരാണ്.
ഈ നാടകത്തില്‍ ബേ ഏരിയയിലെ കലാകാരന്മാരോടൊപ്പം ലോസ് ഏഞ്ചലസിലെ ഇന്ത്യന്‍ ഡാന്‍സ് സ്‌കൂള്‍ ആയ ശിങ്കാരീസ് സ്‌കൂള്‍ ഓഫ് റിഥത്തില്‍ നിന്നുള്ള നര്‍ത്തകിമാരായ ധിനു ജേക്കബ്, രമ വിശ്വനാഥന്‍, പ്രീജ ഷൈബുജന്‍, ഹെലന്‍ അബ്രഹാം എന്നിവര്‍ ദേവിമാരായും വേഷമിടുന്നു.
മലയാളി മനസ്സിലേറ്റിയ പെരുന്തച്ചന്റെയും കഥ കേള്‍ക്കുവാനും ഈ നാടകം ഒരു വന്‍ വിജയമാക്കാനും എല്ലാവിധ സഹകരണങ്ങളും ഉണ്ടാകണമെന്ന് ലൊസാഞ്ചല്‍സ് മലയാളികളോട് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും ഭാരവാഹികളും സര്‍ഗ്ഗവേദിയും ചേര്‍ന്ന് അഭ്യര്‍ത്ഥിക്കുന്നു.
പെരുന്തച്ചന്‍ നാടകം മാര്‍ച്ച് രണ്ടിന് ലൊസാഞ്ചല്‍സില്‍ (ജയിംസ് വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക