Image

മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കില്ല, തിരഞ്ഞെടുപ്പില്‍ കാത്തിരിക്കുന്നത് വന്‍ ട്വിസ്‌റ്റ്

Published on 03 February, 2019
മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കില്ല, തിരഞ്ഞെടുപ്പില്‍ കാത്തിരിക്കുന്നത് വന്‍ ട്വിസ്‌റ്റ്

തിരുവനന്തപുരം: ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ അടക്കം ഇടപെട്ടിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതം മൂളാതിരുന്ന നടന്‍ മോഹന്‍ലാലിനെ ഗോദയിലിറക്കാന്‍ ആര്‍.എസ്.എസിന്റെ പുതിയ തന്ത്രം. ജനകീയ മുന്നണിയെന്ന പേരില്‍ ലാലിനെ മത്സരിപ്പിക്കാനാണ് ആലോചന. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആര്‍.എസ്.എസ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഈ മുന്നണിയില്‍ ബി.ജെ.പിയുടെ നേതാക്കന്മാര്‍ ആരും ഉള്‍പ്പെട്ടേക്കില്ലെന്നും വിവരമുണ്ട്.

ശബരിമല സമരത്തില്‍ നേരിട്ട് ഭാഗമാകാതെ ശബരിമല കര്‍മ സമിതി ഉണ്ടാക്കിയത് പോലെ ജനകീയ മുന്നണി രൂപീകരിച്ച്‌ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ആര്‍.എസ്.എസ് ഒരുങ്ങുന്നത്.തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ടയിലും തൃശൂരും മോഹന്‍ലാലിനെപ്പോലെയുള്ള പൊതുസമ്മതരെ നിറുത്താനും ആലോചനയുണ്ട്. സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവരെ ജനകീയ മുന്നണിയുടെ ഭാഗമാക്കാനും പദ്ധതിയുണ്ട്. അങ്ങനെയാണെങ്കില്‍ എല്ലാ മത വിഭാഗങ്ങളില്‍ നിന്നും വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. ബി.ജെ.പിയുടെ ലേബലില്‍ അല്ലാതെ മത്സരിക്കുന്നതിനോട് ലാലിനും വിയോജിപ്പുണ്ടാകില്ലെന്നും കരുതുന്നു. ഇതിന് പുറമെ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെക്കൊണ്ട് ലാലിനോട് സംസാരിക്കാനും ആര്‍.എസ്.എസ് ആലോചിക്കുന്നുണ്ട്.

ജനകീയ മുന്നണിയുടെ രൂപീകരണത്തിന് പ്രമുഖ നേതാക്കളെ തന്നെ രംഗത്തിറക്കിയാണ് ആര്‍.എസ്.എസ് നീക്കങ്ങള്‍. ഇതിനോടകം തന്നെ തിരുവനന്തപുരം നഗരത്തിലെ പല പ്രമുഖരെയും ഇവര്‍ സമീപിച്ചിട്ടുണ്ട്. ക്രൈസ്‌ത മതപുരോഹിതരെയും മുന്നണിയുടെ ഭാഗമാക്കാനാണ് തീരുമാനം.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണി പരീക്ഷണം വിജയമായാല്‍ പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക