Image

കളിപ്പാവകള്‍(കവിത : തൊടുപുഴ കെ ശങ്കര്‍)

തൊടുപുഴ കെ ശങ്കര്‍ Published on 04 February, 2019
കളിപ്പാവകള്‍(കവിത :  തൊടുപുഴ കെ ശങ്കര്‍)
കളിപ്പാവകളല്ലോ നമ്മളേവരും, ആരോ 
കളിപ്പിക്കുന്നു നമ്മെയജ്ഞാത ഹസ്തങ്ങളാല്‍ !
ചരടില്‍ കൊരുത്തൊരു  പാവപോല്‍ കരുതുന്നു  
ചലിപ്പിക്കുന്നു  തന്റെ  ഇംഗിതാനുസരണം!

രൂപമോ,  ശരീരമോ  മാറ്റുവാനാവാതല്ലൊ 
കൂപമണ്ഡൂകം  പോലെ കഴിയുന്നെല്ലാവരും!
സ്വാതന്ത്ര്യമില്ലാ തെല്ലു മൊന്നിനും കഴിവില്ല 
താതന്റെ  നിര്‍ദ്ദേശത്തിനൊത്തു  നാം  ചലിക്കുന്നു! 

യൗവ്വനം  വിടാതെയും  വാര്‍ദ്ധക്യം വരാതെയു 
മുര്‍വ്വിയില്‍ കഴിയുവാ  നാവുകില്ലൊരുത്തര്‍ക്കും!
മരണമില്ലാതാക്കാന്‍  രോഗങ്ങളില്ലാതാക്കാന്‍ 
മറക്കാന്‍ ഭൂതം ദുഃഖ  മൊന്നിനുമാവുകില്ല!

ശ്രവണം നശിക്കാതെ,  കാഴ്ചയേ  കുറയാതെ, 
ആയുസ്സു  കുറയ്ക്കാനും  കൂട്ടാനും  കഴിയുമോ?
പ്രളയം,  ഭൂകമ്പവും, ശൈത്യവുമത്യുഷ്ണവും
പ്രകൃതി  ക്ഷോഭങ്ങളും  നിര്‍ത്തുവാന്‍  കഴിയുമോ?

ഒന്നിനും സ്വയമാവില്ലെങ്കിലുമത്യുച്ചത്തില്‍  
എന്തിനു  മര്‍ത്ത്യാ,  സദാ,  വീമ്പടിക്കുന്നു  താങ്കള്‍?
കളിയല്ലെല്ലാവരുമോര്‍ത്തിരിയ്ക്കണം  നൂനം,  
കളിപ്പാവകള്‍ മാത്രം നമ്മളെന്നൊരാ  സത്യം!

കളിപ്പാവകള്‍(കവിത :  തൊടുപുഴ കെ ശങ്കര്‍)
Join WhatsApp News
കളിക്കുക 2019-02-04 12:09:30
കളിപ്പാവയെന്നോർത്ത്
കുളമാക്കിയ ചിന്തകൾ
കളിക്കളത്തിലിറങ്ങി
കളിച്ചുണരുക മർത്യാ.
P R Girish Nair 2019-02-05 10:23:35
ശ്രീ ശങ്കർജി നല്ലൊരു വിഷയം കവിതയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. വാസ്തവത്തിൾ ശൃഷ്ടികർത്താവിന്റെ  കൈയിലെ ഒരു ചെറിയ നൂൽ പാവ മാത്രം നമ്മൾ. ഈ വിശാലമായ പ്രപഞ്ചത്തിൽ നിന്ന് നമ്മൾ ഭിന്നനല്ല പ്രപഞ്ചത്തിന്റെ തന്നെ ഭാഗമാണ് അതിനാൽ നാം അഹങ്കരിക്കരുത് എന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു.
PRABHAKARAN Nair 2019-02-19 07:15:03
Very Nice & True..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക