Image

ഭാനുപ്രിയയ്ക്ക് കുരുക്ക് മുറുകുന്നു; നടിയുടെ സഹോദരന്‍ കുട്ടികളെ പീഡിപ്പിച്ചെന്നും പരാതി

Published on 04 February, 2019
 ഭാനുപ്രിയയ്ക്ക് കുരുക്ക് മുറുകുന്നു; നടിയുടെ സഹോദരന്‍ കുട്ടികളെ പീഡിപ്പിച്ചെന്നും പരാതി

ചെന്നൈ:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ട് ജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന വിവാദത്തില്‍ പെട്ടിരിക്കുന്ന ഭാനുപ്രിയയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തല്‍.  ഭാനുപ്രിയയുടെ ചെന്നൈ ടി നഗറിലുള്ള വീട്ടില്‍ നിന്നും മൂന്ന് കുട്ടികളെ കൂടി കണ്ടെത്തി. കുട്ടിക്കടത്തിന്റെ ഭാഗമാണിതെന്നു് സംശയിക്കുന്നെന്നുമാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

14 വയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ ജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്നായിരുന്നു ഭാനുപ്രിയയ്‌ക്കെതിരെ ഉയര്‍ന്ന ആദ്യ പരാതി. ഇതോടെ നടിയെ അറസ്റ്റ് ചെയ്യണമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ പ്രവര്‍ത്തകന്‍ അച്യുതറാവു ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകള്‍ക്ക് കത്തയച്ചു. ദേശീയ ബാലാവകാശ കമ്മീഷന്‍ ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ ഉത്തരവിടുകയായിരുന്നു.

റെയ്ഡിന് പിന്നാലെയാണ് അച്യുത റാവുവിന്റെ വെളിപ്പെടുത്തല്‍. ഭാനുപ്രിയയുടെ വീട്ടില്‍ പരാതിയില്‍ പറയുന്നതുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ കണ്ടെത്തി. കുട്ടികടത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നു, കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. നടിയും അവരുടെ അമ്മയും ബാലാവകാശങ്ങള്‍ ലംഘിച്ചു. ആന്ധ്രപ്രദേശില്‍നിന്നു ചെന്നൈയിലേക്ക് ഒരേ ഇടനിലക്കാരനാണു കുട്ടികളെ എത്തിച്ചതെന്നതു മനുഷ്യക്കടത്തിന്റെ സാധ്യത കൂട്ടുന്നു.റാവു പറഞ്ഞു. 

ഭാനുപ്രിയയ്‌ക്കെതിരെ ബാലവേല നിരോധ പ്രകാരമാണ് പരാതി. 14 വയസിനു താഴെയുള്ള കുട്ടികളെ വീട്ട് ജോലിക്ക് നിര്‍ത്തുന്നത് 2 വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. എന്നാല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ കുട്ടിയുടെ പ്രായം തനിക്കറിയില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. 

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുളള പ്രഭാവതിയെന്ന സ്ത്രീയാണു നടിക്കെതിരെ രംഗത്തെത്തിയത്. തന്റെ 14 വയസ്സുള്ള മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയെന്നും ക്രൂരമായി പീഡിപ്പിച്ചെന്നുമാണു തന്നെ കാണാന്‍ അനുവദിക്കുന്നില്ലെന്നും സമാല്‍കോട്ട പൊലീസ് സ്‌റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി.

മാസം 10,000 രൂപയാണ് പെണ്‍കുട്ടികള്‍ക്ക് ശമ്പളം. എന്നാല്‍ ചെന്നൈയിലെ വീട്ടില്‍ പെണ്‍കുട്ടികളെ ജോലിക്ക് നിര്‍ത്തുകയും 18 മാസത്തോളം ശമ്പളം നിഷേധിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചെന്നും കുട്ടികളെ വിട്ട് കിട്ടാന്‍ പത്ത് ലക്ഷം രൂപ ഭാനുപ്രിയ ആവശ്യപ്പെട്ടതായും മാതാവ് പരാതിയില്‍ പറയുന്നു. 

എന്നാല്‍ പെണ്‍കുട്ടി തങ്ങളുടെ വീട്ടില്‍നിന്ന് ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചെന്നു ഭാനുപ്രിയ സമാല്‍കോട്ട സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മോഷണകേസില്‍ പരാതി നല്‍കിയപ്പോള്‍ കുടുംബം തനിക്കെതിരെ രംഗത്തു വരികയായിരുന്നു എന്നായിരുന്നു ഭാനുപ്രിയ പറയുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക